| Monday, 2nd March 2026, 11:18 am

ഹിസ്ബുല്ലയുടെ നേതാക്കളാണ് ലക്ഷ്യം; ബെയ്‌റൂട്ടില്‍ ബോംബിട്ട് ഇസ്രഈല്‍

നിഷാന. വി.വി

ബെയ്‌റൂട്ട്‌: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ബോംബാക്രമണം നടത്തി ഇസ്രഈല്‍.

നോര്‍ത്തേണ്‍ ഇസ്രഈലിലെ ഹൈഫയില്‍ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രഈലിന്റെ ആക്രമണം.

ലെബനാനിന്റെ തെക്ക് ബികാ താഴ്‌വരയിലാണ് ഇസ്രഈല്‍ ബോംബിട്ടത്. ഹിസ്ബുല്ലയ്‌ക്കെതിരായി ശക്തമായി തിരിച്ചടിക്കുമെന്നും അവരുടെ നേതാക്കളെ തന്നെയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും ഇസ്രഈല്‍ അറിയിച്ചു.

തെക്കന്‍ ലെബനാനിലെ 50 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് ഉടന്‍ വീടുകള്‍ ഒഴിഞ്ഞുപോവാന്‍ ഇസ്രഈല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഇസ്രഈല്‍-യു.എസ് യുദ്ധത്തില്‍ ആദ്യമായാണ് ഹിസ്ബുല്ല പ്രതികരിക്കുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ കൊലപാതകത്തിനുള്ള പ്രതികാരമായും ആവര്‍ത്തിച്ചുള്ള ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കുളള മറുപടിയായുമാണ് ആക്രമണം നടത്തിയതെന്ന് ലെബനാന്‍ സായുധ സേനയായ ഹിസ്ബുല്ല പറഞ്ഞു.

ലെബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രഈല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹിസ്ബുല്ല വ്യക്തമാക്കി.

ഇസ്രഈല്‍ തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറണമെന്നും ഹിസ്ബുല്ല പറഞ്ഞു.

ഇറാനിലെ ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം.

Content Highlight: Israel bombs Beirut, targeting Hezbollah leaders

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more