| Monday, 2nd March 2026, 1:10 pm

യുദ്ധം നാലാഴ്ചവരെ നീളും; ദൗത്യം അമേരിക്കയ്ക്ക് പ്രയാസകരമല്ല: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക ആക്രമണം നാലോ അഞ്ചോ ആഴ്ച്ചകൂടി തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്‍ വലിയ രാജ്യമാണെങ്കിലും ഈ പ്രക്രിയ നാലാഴ്ച കൊണ്ടോ അതില്‍ കുറവ് സമയം കൊണ്ടോ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

ഇസ്രഈലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഈ ദൗത്യം അമേരിക്കയ്ക്ക് പ്രയാസകരമല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യത്തിന് ആയുധ ശേഖരം അമേരിക്ക കരുതിയിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങള്‍ ഇറാന്റെ നാവിക സേനയുടെ വലിയൊരു ഭാഗം തകര്‍ത്തുവെന്നും ഇതില്‍ ഒമ്പത് കപ്പലുകളും നാവിക സേനാ ആസ്ഥാനവും ഉള്‍പ്പെടുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ ജനതയ്ക്ക് അവരുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഏറ്റവും മികച്ച സമയമാണിതെന്നും വെനസ്വേലയില്‍ പരീക്ഷിച്ചത് പോലുള്ള തന്ത്രങ്ങള്‍ ഇവിടെയും പരീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ പുതിയ നേതൃത്വം സഹകരിക്കാനും പ്രയോഗികമായ നിലപാടുകള്‍ സ്വീകരിക്കാനും തയ്യാറായാല്‍ നിലവിലെ ഉപരോധങ്ങള്‍ നീക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ 30 ഓളം കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്.
ഇറാനിലുടനീളം നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് ഖാംനഇ കൊല്ലപ്പെട്ടത്. ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്.

പിന്നീടുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ വസതി പൂര്‍ണമായും തകര്‍ന്നിരുന്നു.
ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസിര്‍സദെയും ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പക്പൂരും ഇറാന്‍ സായുധ സേന മേധാവി അബ്ദുള്‍ റഹിം മൗസവിയുമാണ് കൊല്ലപ്പെട്ട മറ്റു പ്രധാന ഉദ്യോഗസ്ഥര്‍.

Content Highlight: Israel bombs Beirut, targeting Hezbollah leaders

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more