ലണ്ടന്‍: ഗസയിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് യാത്രതിരിച്ച ഫ്രീഡം ഫ്‌ലോട്ടില്ല കപ്പല്‍ ഇസ്രഈല്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. മാഡ്‌ലിന്‍ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ഇസ്രഈല്‍ സൈന്യം കപ്പലില്‍ കയറിയെന്നും ഫ്രീഡം ഫ്‌ലോട്ടില്ല ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഗ്രെറ്റ തെന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള കപ്പലിലെ സഹായസംഘത്തെ സൈന്യം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായും കപ്പലുമായുള്ള ബന്ധം ആശയവിനിമയ സംവിധാനം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രീഡം ഫ്‌ലോട്ടില്ല പ്രവര്‍ത്തകരെ ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തതായി സംഘത്തിലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്റെ ഔദ്യോഗിക ടീം എക്‌സ് അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെ സൈന്യം കപ്പല്‍ പിടിച്ചെടുത്തതായാണ് പോസ്റ്റില്‍ പറയുന്നത്. കപ്പലിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയര്‍ത്തിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ആക്ടിവിസ്റ്റുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് മനസിലാക്കുന്നത്,’ ഫ്രീഡം ഫ്‌ലോട്ടില്ലയുടെ പ്രസ് ഓഫീസര്‍ മഹ്‌മൂദ് അബു-ഒദെ എ.എഫ്.പിയോട് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ (ഞായര്‍) രാത്രിയില്‍ ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിനെ തടയാന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഹമാസിന്റെ മൗത്ത്പീസായ ഗ്രെറ്റ എന്ന ജൂതവിരുദ്ധയോടും കൂട്ടാളികളോടും പിന്തിരിയാനും സംഘത്തിന് ഗസയില്‍ എത്താന്‍ കഴിയില്ലെന്നും കാറ്റ്സ് പറഞ്ഞിരുന്നു.
എന്നാല്‍ അവസാന നിമിഷം വരെ മുന്നോട്ട് പോകുമെന്നാണ് റിമ ഹസ്സന്‍ എ.എഫ്.പിയോട് പ്രതികരിച്ചത്. തങ്ങള്‍ പന്ത്രണ്ട് സിവിലിയന്മാരാണ് കപ്പലിലുള്ളതെന്നും തങ്ങളുടെ പക്കല്‍ ആയുധമില്ലെന്നും മാനുഷിക സഹായം മാത്രമേ ഉള്ളുവെന്നും റിമ ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രെറ്റ തന്‍ബെര്‍ഗ്, ഗെയിം ഓഫ് ത്രോണ്‍സ് നടന്‍ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയാണ് ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലിലുള്ളത്. ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്‌ലോട്ടില്ല.
സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസിലിയില്‍ നിന്നുള്ള സഹായകപ്പല്‍ ഗസയിലേക്ക് യാത്ര തിരിച്ചത്. ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള കപ്പല്‍ പുറപ്പെട്ടത്.
ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിക്കല്‍ സപ്ലൈസ്, വാട്ടര്‍ ഡീസലൈനേഷന്‍ കിറ്റുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.
നിലവില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ഫ്രീഡം ഫ്‌ലോട്ടില്ല ഇസ്രഈല്‍ നടപടിക്കെതിരെ ശക്തമായി പോരാടുമെന്ന് ഫ്രീഡം അറിയിച്ചു.
‘മാഡ്‌ലിന്‍ സമാധാനപരമായ ഒരു സിവിലിയന്‍ കപ്പലാണ്. നിരായുധരാണ് ഈ കപ്പലിലുള്ളത്. ഈ ദൗത്യം സ്വതന്ത്രമാണ്. ഗസയോടുള്ള മനുഷ്യത്വത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് കപ്പലിന്റെ യാത്ര. ഇസ്രഈല്‍ ആക്രമണത്തെ നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. അതേസമയം പ്രതിരോധത്തില്‍ നിന്ന് ഇസ്രഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ലോക സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ദൗത്യത്തെ തടസപ്പെടുത്താനോ നിയമവിരുദ്ധവും ക്രൂരവുമായ ഉപരോധം നടപ്പിലാക്കാനോ ഇസ്രഈലിന് അവകാശമില്ല,’ ഫ്രീഡം ഫ്‌ലോട്ടില്ല പ്രതികരിച്ചു.
Content Highlight: Israel blocks Freedom Flotilla ship; activists say they are ready to face attack