പാരീസ്: ഫ്രഞ്ച് ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്ബൗണ്ടിന്റെ നേതാവ് ജീന്‍-ലൂക്ക് മെലന്ഷോണിന് ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മെലന്‍ഷോണിന്റെ പാര്‍ട്ടി ‘തീവ്രമായ ഇസ്രഈല്‍ വിരുദ്ധ നിലപാട്’ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായി പ്രവര്‍ത്തിക്കുന്നവരോ, പൗരന്മാര്ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരോ ആയ ആരെയും കര്‍ശനമായി നേരിടുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി. അത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന് അനുകൂല നിലപാടുകള്‍ സ്വീകരിക്കാറുള്ള നേതാവാണ് മെലന്‍ഷോണ്‍. 2027 ഏപ്രിലില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുകയാണെങ്കില്‍, ഗസയിലേക്ക് സഹായവുമായി പോകുന്ന കപ്പല്‍ വ്യൂഹങ്ങള്‍ക്ക് അകമ്പടി സേവിക്കാന്‍ ഫ്രഞ്ച് കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മെലന്‍ഷോണ്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പറഞ്ഞിരുന്നു.
മെലന്ഷോണിന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ഈ തീരുമാനത്തെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ച ഒരു സര്‍ക്കാര്‍ കൈക്കൊണ്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തീരുമാനമാണിതെന്ന് ബാരോട്ട് എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഫ്രാന്‍സ് അണ്ബൗണ്ടിനെ പോലെ ഇസ്രഈല്‍-ഫലസ്തീന് സംഘര്‍ഷത്തെ മുതലെടുത്ത് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കേ ഈ തീരുമാനം സഹായകമാവുകയേയുള്ളൂവെന്നും ഭരണസഖ്യത്തിലെ മിതവാദ വിഭാഗത്തില്‍ നിന്നുള്ള ബാരോട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇസ്രഈലികളും ഫലസ്തീനികളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ടു-സ്റ്റേറ്റ് സൊല്യൂഷന് യാഥാര്‍ത്ഥ്യമാക്കാന്‍ ഫ്രാന്‍സ് പരിശ്രമിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെലന്ഷോണിന് പുറമെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ മത്തില്ഡ് പാനോട്ടിനും ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെലന്‍ഷോണും പാനോട്ടും ഇസ്രഈലിനെതിരെ തെറ്റായ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ആഴ്ച ഫ്രാന്‍സ് ഒരു പ്രമുഖ ഇസ്രഈലി അധിനിവേശകന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തിരിച്ച് മെലന്ഷോണെതിരായ പ്രവേശന വിലക്ക്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ റീജിയണല്‍ കൗണ്സിലുകളിലൊന്നിന്റെ തലവനും, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അംഗവുമായ യോസി ഡഗാന്‍, ചാള്‍സ് ഡി ഗല്ലെക്കായിരുന്നു ഫ്രാന്‍സിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടത്. അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന, ഇസ്രഈലിന്റെ കുടിയേറ്റ നയം നടപ്പിലാക്കുന്നതില്‍ സജീവ പങ്കുവഹിച്ചതിനാലാണ് ദഗാനെ തടഞ്ഞതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഈ വര്‍ഷം ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. ഇത് ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമായിരുന്നു. നേരത്തെ ഈ വര്‍ഷം, തീവ്ര വലതുപക്ഷ ഇസ്രഈല്‍ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ബെസാലെല്‍ സ്മോട്രിച്ച് എന്നിവര്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Content Highlight: Israel bans entry to French leftist leader Jean-Luc Mélenchon