| Tuesday, 16th September 2025, 9:53 pm

യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യെമന്‍: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍ സൈന്യം. തുറമുഖത്തിലെ മൂന്ന് ഡോക്കുകളില്‍ 12 തവണയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വലിയ സിവിലിയന്‍ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാശനഷ്ടങ്ങളുടേയും മരണങ്ങളുടേയും വ്യാപ്തി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച സനായില്‍ ഇസ്രഈല്‍ നടത്തിയ വലിയ ആക്രമണത്തിന് പിന്നാലെയാണ് യമനിലെ ഹൊദൈദ തുറമുഖത്തില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം നടത്തുന്നത്. നേരത്തെ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഏകദേശം 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖത്തറില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതിയതിന് പിന്നാലെയാണ് ഇസ്രഈല്‍ യെമനിലെ സനായിലും ആക്രമണം നടത്തിയത്.

ചെങ്കടലില്‍ ഹൂത്തികള്‍ ഇസ്രഈലിനെതിരെയും അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയിലാണ് ഇസ്രഈല്‍ ആക്രമണം ശക്തിപ്പെടുത്തുന്നത്. ആക്രമണത്തിന് വേണ്ടി ഇറാനില്‍ നിന്ന് ഹൂത്തികള്‍ ഇറക്കുമതിചെയ്യുന്ന ആയുധങ്ങള്‍ ഹൊദൈദ തുറമുഖം വഴിയാണ് കടത്തുന്നതെന്നും തുറമുഖത്തില്‍ യെമന്‍ ഹൂത്തികള്‍ക്ക് പ്രത്യേക സൈനിക സംവിധാനങ്ങളും ആയുധ ശേഖരങ്ങളും ഒരുക്കുന്നുണ്ടെന്നും ഇത് ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ നിലവില്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യം വിശദീകരിച്ചത്.

ആക്രമണത്തിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഹൊദൈദ തുറമുഖത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വക്താവ് അദ്രെയ് അദ്രായി മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘യെമനിലെ ഹൊദൈദ തുറമുഖത്ത് സന്നിഹിതരായ എല്ലാവര്‍ക്കും അടിയന്തര മുന്നറിയിപ്പ്… ഭീകരവാദികളായ ഹൂത്തികളുടെ സൈനിക പ്രവര്‍ത്തനങ്ങളുള്ള പ്രദേശത്ത് വരും മണിക്കൂറുകളില്‍ പ്രതിരോധ സൈന്യം ആക്രമണം നടത്തും.

നിങ്ങളുടെ സുരക്ഷയ്ക്കായി, ഹൊദൈദ തുറമുഖത്തുള്ള എല്ലാവരോടും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും ഉടന്‍ തന്നെ സ്ഥലം വിടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രദേശത്ത് തന്നെ തുടരാന്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് ‘അവരുടെ ജീവന്‍ അപകടത്തിലാകും’,’ ഐ.ഡി.എഫ് വക്താവ് അദ്രെയ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Content highlight: Israel attacks Yemen’s Hodeidah port

We use cookies to give you the best possible experience. Learn more