| Monday, 16th June 2025, 10:11 pm

ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രഈല്‍ ആക്രമണം; അവതാരക രക്ഷപ്പെട്ടത് തലനാരിഴക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐ.ആര്‍.ഐ.ബി (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനം ആക്രമിച്ച് ഇസ്രഈല്‍. തത്സമയ ടെലിവിഷന്‍ പ്രക്ഷേപണം നടക്കുന്നതിനിടെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്‌.

ആക്രമണത്തെ തുടര്‍ന്ന് അവതാരക പ്രക്ഷേപണം അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തലനാരിഴയ്ക്കാണ് അവതാരക രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ടെലിവിഷന്‍ ആസ്ഥാനത്തെ കെട്ടിടം തകര്‍ന്നു. പ്രവര്‍ത്തനം തുടരാനായി ചാനല്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് ചാനല്‍ ആസ്ഥാനത്തെ ആക്രമണത്തിന് മുമ്പായി പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമം ഉണ്ടായത്. നേരത്തെ, ഐ.ആര്‍.ഐ.ബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ടെഹ്റാനിലെ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകളും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റേറ്റ് ടിവി, പൊലീസ് ആസ്ഥാനം, ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ടെഹ്റാനിലെ 330,000 ആളുകളോട് ഒഴിഞ്ഞു പോകാനാണ് ഐ.ആര്‍.ജി.സി നിര്‍ദേശം നല്‍കിയത്.

ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ചാനല്‍ ആസ്ഥാനത്ത് ആക്രമണമുണ്ടായത്. ഇറാന്റെ വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രഈല്‍ അടുത്തിരിക്കുകയാണെന്നുമാണ് നെതന്യാഹു അവകാശപ്പെട്ടത്.

ഇറാന്‍ ഭരണകൂടത്തെപ്പോലെ പൗരന്മാരേയും കുട്ടികളേയും സ്ത്രീകളേയുമല്ല ലക്ഷ്യം വെക്കുന്നതെന്ന നെതന്യാഹു പറഞ്ഞെഹ്കിലും നിരവധി സ്ത്രീകളും കുട്ടികളുമാണ് നാല് ദിവസങ്ങളായി തുടരുന്ന ആക്രമണത്തല്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന ഇസ്രഈല്‍ ഭരണകൂടത്തിന്റെ അവകാശവാദം തെറ്റാണെന്നാണ് സിവിലിയന്‍ മരണങ്ങള്‍ കാണിക്കുന്നതെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഇറാനിയന്‍ നഗരമായ കെര്‍മന്‍ഷായിലെ ഫറാബി ആശുപത്രിക്ക് നേരെയുള്ള ഇസ്രഈലിന്റെ ആക്രമണത്തെ അപലപിച്ച അവര്‍ ശിശുഹത്യ ഇസ്രഈലിന്റെ ക്രൂരമായ സ്വഭാവത്തിന്റെ മറ്റൊരു തെളിവാണെന്ന് കൂട്ടിച്ചേര്‍ത്തു.

Content Highlight: Israel attacks Iranian state broadcaster IRIB’s office; Anchor escaped 

We use cookies to give you the best possible experience. Learn more