| Wednesday, 27th May 2026, 7:28 pm

ബലിപെരുന്നാള്‍ ദിനത്തിലും ഗസയില്‍ ഇസ്രഈല്‍ ആക്രമണം: ഹമാസ് തലവനെ വധിച്ചെന്ന് അവകാശവാദം

ആദര്‍ശ് എം.കെ.

ഗസ സിറ്റി: ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹാ) ദിവസവും ഗസയില്‍ ആക്രമണം നടത്തി ഇസ്രഈല്‍. ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രഈല്‍ ഇതിനോടകം തന്നെ 3,000 തവണ കരാര്‍ ലംഘിച്ചുവെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ തിരക്കേറിയ തെരുവുകളിലേക്കെത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്.

ഗസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍-രിമാല്‍ പരിസരത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗസ സിറ്റിയിലെ അല്‍-കയാലി എന്ന കെട്ടിടത്തിന് നേരെ വിവിധ ദിശകളില്‍ നിന്ന് ഒരേസമയം അഞ്ച് മിസൈലുകള്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഹമാസിന്റെ സായുധ വിഭാഗം തലവന്‍ മുഹമ്മദ് ഔദയെ ഈ ആക്രമണത്തില്‍ വധിച്ചതായി ഇസ്രഈല്‍ അവകാശപ്പെടുന്നു. ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദിന്റെ മരണശേഷം ശേഷം മെയ് പകുതിയോടെയാണ് ഔദ ചുമതലയേറ്റത്.

ഹമാസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒഡെയുടെ ഭാര്യയും രണ്ട് മക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ബുധനാഴ്ച ഗസ സിറ്റിയില്‍ ശവസംസ്‌കാരം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഹമ്മദ് ഔദയെ മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നുവെന്നും 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് ഇയാളെന്നും ഇസ്രഈല്‍ സൈന്യവും ഷിന്‍ ബെറ്റ് സെക്യൂരിറ്റി സര്‍വീസും അറിയിച്ചു.

ഹമാസ് നേതൃത്വത്തിനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതുവരെ ഇസ്രഈല്‍ 3,005 തവണ കരാര്‍ ലംഘിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനവാസ മേഖലകളില്‍ ബോംബാക്രമണം നടത്തുക, സാധാരണക്കാരെ നേരിട്ട് ലക്ഷ്യം വെക്കുക, വീടുകള്‍ തകര്‍ക്കുക തുടങ്ങിയ പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഈ കാലയളവില്‍ 910-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 2,747 പേര്‍ക്ക് പരിക്കേല്‍ക്കുകയും 82 പേരെ ഇസ്രഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ വടക്കന്‍ ഗസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് കിഴക്കും തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലും ഇസ്രഈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗസയിലേക്കുള്ള 64 ശതമാനത്തിലധികം ദുരിതാശ്വാസ സഹായങ്ങളും ഇസ്രഈല്‍ തടയുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ ഗസയില്‍ എത്തിക്കുന്നത് ഇസ്രഈല്‍ ചുമത്തിയ നിയന്ത്രണങ്ങള്‍ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

Content Highlight: Israel attacks Gaza on Eid al-Adha: Hamas leader claimed to have been killed

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more