വാഷിങ്‌ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നലെ ഹമാസിനെ ലക്ഷ്യം വച്ചുള്ള ഇസ്രഈൽ ആക്രമണം അമേരിക്കയുടെയോ ഇസ്രഈലിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ആക്രമണം വളരെ മോശമായാണ് തോന്നുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ദോഹയിൽ ഹമാസിനെ ഇസ്രഈൽ ആക്രമിക്കുന്നുണ്ടെന്ന് യു.എസ് സൈന്യം ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചിരുന്നുന്നെന്ന് ട്രംപ് പറയുന്നു. എന്നാൽ ആക്രമണം തടയാൻ വളരെ വൈകിപ്പോയിയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഖത്തർ ഈ വാദം തള്ളിയിരിക്കുകയാണ്. ഒരു തരത്തിലുള്ള അറിവും ആക്രമണത്തിൽ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഖത്തർ പറഞ്ഞു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഉയർന്നിരിക്കുകയാണ്
ആക്രമണത്തിനുള്ള തീരുമാനം ഇസ്രഈലിന്റെത് മാത്രമാണെന്നും ഖത്തർ തങ്ങളുടെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമാണെന്നും ട്രംപ് വ്യക്തമാക്കി.
‘പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രഈലിനെയോ അമേരിക്കയുടെ ലക്ഷ്യങ്ങളെയോ മുന്നോട്ട് കൊണ്ടുപോകുന്നില്ല, ഇത് മധ്യസ്ഥത വഹിക്കാൻ ഞങ്ങളെ പ്രയാസപ്പെടുത്തും’ ട്രംപ് പറഞ്ഞു. ആക്രമണത്തിൽ അസന്തുഷ്ടനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗസയിൽ താമസിക്കുന്നവരുടെ ദുരിതത്തിൽ നിന്നും ലാഭം കൊയ്യുന്ന ഹമാസിനെ ഇല്ലാതാക്കുക എന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണെന്ന് ട്രംപ് പോസ്റ്റിൽ പറഞ്ഞു. എല്ലാ ബന്ധികളെയും വിട്ടയയ്ക്കുകയും യുദ്ധം ഇപ്പോൾ അവസാനിപ്പിക്കുകയും വേണമെന്നും ട്രംപ് ആവർത്തിച്ചു.
ഇന്നലെയായിരുന്നു ദോഹയിൽ ഹമാസിന് നേരെ ഇസ്രാഈൽ ആക്രമണം നടത്തിയത്. ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളും രംഗത്തെത്തി. ഇസ്രഈലിനെതിരെ സ്വീകരിക്കുന്ന ഏതൊരു പ്രതികാര നടപടിക്കും പൂർണമായ പിന്തുണയുണ്ടാകുമെന്ന് കുവൈത്ത് അറിയിച്ചു.
ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലുണ്ടായ ഇസ്രഈൽ ആക്രമണത്തെ യു.എ.ഇ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ സായിദ് അപലപിച്ചു. ഖത്തറിനെതിരായ ഇസ്രഈൽ ആക്രമണം രാജ്യത്തിന്റെ പരമാധികാരം നഗ്നമായി ലംഘിക്കുന്നതിന് സമാനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
തുർക്കി, ജോർദാൻ, പാകിസ്ഥാൻ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഖത്തറിലെ ഇസ്രഈൽ ആക്രമണത്തിൽ അപലപിച്ചു.
പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രഈൽ സേനയായ ഐ.ഡി.എഫ് ആക്രമണം നടത്തിയത്. 12 വ്യോമാക്രമണങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Israel attacks Doha; America rejects Israel; Trump says it was too late to stop the attack