| Thursday, 10th September 2026, 9:30 am

വ്യാപാര ഉപരോധത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ 1,000 പുതിയ കുടിയേറ്റ ഭവനങ്ങൾ പ്രഖ്യാപിച്ച് ഇസ്രഈൽ

ശ്രീലക്ഷ്മി പി.പി

ജറുസലേം: വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലയിൽ 1,000 പുതിയ കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഇസ്രഈൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്.

നിയമവിരുദ്ധ ഇസ്രഈൽ കുടിയേറ്റ മേഖലയിലെ ഉത്പന്നങ്ങൾക്ക് വ്യാപാര നിയന്ത്രണം ഏർപ്പെടുത്താനുള്ള 12 പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

കിദ, ഹവാത് എന്നീ കുടിയേറ്റ പ്രദേശങ്ങളിലേക്ക് 400-ലധികം ഏക്കർ ഭൂമി കൂട്ടിച്ചേർത്തതായി സ്മോട്രിച്ച് പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഈ സ്ഥലത്താണ് 1,000 പുതിയ ഭവന യൂണിറ്റുകൾ നിർമ്മിക്കുക.

റിലീജിയസ് സയണിസം പാർട്ടിയുടെ നേതാവായ അദ്ദേഹം ഈ നടപടിയെ ‘കുടിയേറ്റ വിപ്ലവത്തിലെ മറ്റൊരു ചരിത്രപരമായ ചുവടുവെപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്.

കിദ 2003-ലും ഹവാത് 2001-ലുമാണ് സ്ഥാപിതമായത്. ഇവയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകാനുള്ള നടപടികൾ ഇസ്രഈൽ സർക്കാർ കഴിഞ്ഞ ഡിസംബറിലും മാർച്ചിലുമായി ആരംഭിച്ചിരുന്നു.

1967 മുതൽ ഇസ്രഈൽ അധീനതയിലാക്കിയ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും എല്ലാത്തരം കുടിയേറ്റ നിർമാണങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ അന്താരാഷ്ട്ര എതിർപ്പുകൾ വകവെക്കാതെയാണ് ഇസ്രഈൽ നിർമാണവുമായി മുന്നോട്ട് പോകുന്നത്.

2022 അവസാനം ബെഞ്ചമിൻ നെതന്യാഹു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വെസ്റ്റ് ബാങ്കിൽ 104 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയെന്നും 160 കാർഷിക ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചെന്നും ഇസ്രഈൽ അവകാശപ്പെടുന്നു. ഫലസ്തീനിന്റെ കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 156 കുടിയേറ്റ കേന്ദ്രങ്ങളിലും 360 ഔട്ട്‌പോസ്റ്റുകളിലുമായി ഏകദേശം 7.5 ലക്ഷം ഇസ്രഈലി കുടിയേറ്റക്കാർ നിലവിൽ താമസിക്കുന്നുണ്ട്.

യുകെ, കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, അയർലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നീ 12 രാജ്യങ്ങൾ ചൊവ്വാഴ്ചയാണ് ഇസ്രഈൽ കുടിയേറ്റ പ്രദേശങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുള്ള പുതിയ നിർമാണ പ്രഖ്യാപനം.

Content Highlight:Israel Announces 1,000 New Settler Homes in the West Bank Following Trade Embargo.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more