ടെഹ്റാന്‍: ഇറാനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ ഇസ്രഈലും അതിന്റെ മുഴുവന്‍ മേഖലയും കഷ്ടപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങളില്‍ ഇസ്രഈലിനെയും യു.എസിനെയും ഉത്തരവാദികളാക്കണമെന്നും അരാഗ്ച്ചി പറഞ്ഞു. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇറാനെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഒരു രാജ്യത്ത് മാത്രമായി പരിമിതപ്പെടുത്തില്ല. ഇസ്രഈലിന് ചുറ്റുമുള്ള മുഴുവന്‍ മേഖലയും അതിനപ്പുറത്തേക്കുള്ള പ്രദേശങ്ങളും തിരിച്ചടി നേരിടേണ്ടി വരും,’ അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര തലത്തില്‍ പ്രാബല്യത്തില്‍ വന്ന പ്രമേയങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം അമേരിക്കയുമായി ആറാംഘട്ട ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രഈല്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇറാനും ശക്തമായി തിരിച്ചടിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലില്‍ 29 മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 3400 ലധികം ആളുകള്‍ക്ക് പരിക്കുമേറ്റിരുന്നു.
ഇതിനിടെ ഇസ്രഈലിനോടൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയാണെങ്കില്‍ യു.എസ് കടുത്ത പ്രഹരം നേരിടുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ജൂണ്‍ 22ന് പുലര്‍ച്ചെ ഇറാനിലെ ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഇതിനുപിന്നാലെ ഇറാനും അമേരിക്കയും തമ്മില്‍ നടക്കേണ്ടിയിരുന്ന ആണവ ചര്‍ച്ച തടസപ്പെടുകയും ചെയ്തു. ചര്‍ച്ച വീണ്ടും പുനരാരംഭിക്കണമെങ്കില്‍ അമേരിക്ക നയതന്ത്രത്തോടുള്ള പ്രതിബന്ധത തെളിയിക്കണമെന്ന് ഇറാന്‍ പിന്നീട് പ്രതികരിച്ചിരുന്നു. അല്ലാത്തപക്ഷം യു.എസുമായി ഇനിയൊരു ചര്‍ച്ചയുണ്ടാകില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Content Highlight: Israel and the entire region will suffer if it shirks responsibility for attacks on Iran: Abbas Araghchi