| Wednesday, 11th November 2026, 4:59 pm

ഇറാന്‍ യുദ്ധത്തിന്റെ ചെലവ് ഇസ്രഈലും ഗള്‍ഫ് രാജ്യങ്ങളും തിരിച്ചുനല്‍കണം; ട്രംപിന്റെ ആവശ്യം എന്താണ്? പണം ഈടാക്കുന്നത് എങ്ങനെ?

ആര്യ. പി

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇതുവരെ ഏകദേശം 44,13,25,35,15,000 രൂപ (നാല് ലക്ഷത്തി നാല്‍പ്പത്തിയൊന്നായിരത്തി മൂന്നൂറ്റിഇരുപത്തിയഞ്ച് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി പതിനയ്യായിരം രൂപ) ചെലവായെന്നാണ് കണക്ക്.

ഈ തുക ഇസ്രഈല്‍, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്ന് ഈടാക്കണമെന്നാണ് ട്രംപ് ഗ്രഹിക്കുന്നത്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയും ഇറാന്‍ യുദ്ധത്തോടുള്ള അമേരിക്കന്‍ ജനതയുടെ അതൃപ്തിയുമാണ് ഇത്തരമൊരു നിലപാടിലേക്ക് ട്രംപിനെ നയിച്ചത്.

സി.ബി.എസ് ന്യൂസിന്റെ ലേഖകന്‍ റോസ് ഡൗത്തുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക സംരക്ഷണം നല്‍കിയ രാജ്യങ്ങള്‍ യുദ്ധത്തിനായി ചെലവഴിച്ച മുഴുവന്‍ തുകയും തിരിച്ചുനല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

‘യുദ്ധത്തിനായി ഞങ്ങള്‍ ചെലവഴിച്ച ഓരോ പൈസയും തിരിച്ചുപിടിക്കും. നൂറു ശതമാനവും അവര്‍ അത് നല്‍കും. കാരണം ഞങ്ങളില്ലായിരുന്നെങ്കില്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല,’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

യുദ്ധച്ചെലവിന്റെ പേരില്‍ ഇസ്രഈലില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് ട്രംപ് പരസ്യമായി പറയുന്നത് ഇതാദ്യമാണ്. അമേരിക്കയുടെ സൈനിക ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്രഈല്‍ എന്ന രാജ്യം തന്നെ നിലനില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്‍ യുദ്ധത്തോടുള്ള പൊതുജനങ്ങളുടെ അതൃപ്തിയാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഭാഗികമായി കാരണമായതെന്ന് ട്രംപ് തന്നെ സമ്മതിച്ചിക്കുകയും ചെയ്തിരുന്നു.

സൈനികമായി ഇറാനുമായുള്ള യുദ്ധം ‘ഫലത്തില്‍ അവസാനിച്ചിരിക്കുന്നു’ എന്ന് ട്രംപ് ഇതിനിടെ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, യുദ്ധം ആരംഭിക്കാനുള്ള തന്റെ തീരുമാനം ‘വളരെ നല്ല തീരുമാനമായിരുന്നു’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

യുദ്ധത്തിന്റെ ചെലവ് തിരിച്ചുനല്‍കണമെന്ന ട്രംപിന്റെ ആവശ്യത്തിന് പിന്നില്‍ എന്താണ്? ഏതൊക്കെ രാജ്യങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്? അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഈ നീക്കം എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കും? പരിശോധിക്കാം…

ഏതൊക്കെ രാജ്യങ്ങളില്‍നിന്നാണ് ട്രംപ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്?

ഇസ്രഈലില്‍നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇതില്‍ ശ്രദ്ധേയം. ഇറാനെതിരായ യുദ്ധത്തിന്റെ തുടക്കം മുതല്‍ നേരിട്ട് പങ്കാളിയായ രാജ്യമാണ് ഇസ്രഈല്‍.

‘ഇറാന്റെ ആണവായുധ ശേഖരത്തെ ഞങ്ങള്‍ തകര്‍ത്തു. ഞാനത് ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് ഇസ്രഈല്‍ ഉണ്ടാകുമായിരുന്നില്ല. ഇസ്രഈല്‍ എന്ന രാജ്യം തന്നെ ഇല്ലാതാകുമായിരുന്നു,’ ട്രംപ് പറഞ്ഞു.

ഇസ്രഈലിന് പുറമെ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും യുദ്ധച്ചെലവ് തിരിച്ചുപിടിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായ ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളെയാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അമേരിക്കന്‍ സൈന്യം അകമ്പടി സേവിക്കുകയും ചെയ്തിരുന്നു.

‘ലോകത്തിലെ വളരെ സമ്പന്നമായ ഒരു മേഖലയെയാണ് ഞങ്ങള്‍ സംരക്ഷിക്കുന്നത്. അതിനായി വലിയ തുക ചെലവഴിക്കുന്നുണ്ട്. അതുകൊണ്ട് ഈ സംരക്ഷണത്തിന് ചെലവായ പണം ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണം,’ ജൂലൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പേരുകളും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിതി വ്യത്യസ്തമായിരുന്നു. യുദ്ധം ആരംഭിക്കാനുള്ള അമേരിക്കയുടെ പദ്ധതികളെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുപോലുമില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയത്. മാത്രമല്ല, ഇറാന്റെ തിരിച്ചടികളില്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവന്നതും ഈ രാജ്യങ്ങള്‍ക്കാണ്.

ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) അംഗങ്ങളായ ഈ രാജ്യങ്ങള്‍ യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഇറാന്‍ യുദ്ധം അമേരിക്കയ്ക്ക് എത്രത്തോളം സാമ്പത്തിക ബാധ്യതയുണ്ടാക്കി?

ഒക്ടോബര്‍ പകുതി വരെയുള്ള കണക്കനുസരിച്ച് ഇറാന്‍ യുദ്ധത്തിനായി അമേരിക്കന്‍ സൈന്യം ചെലവഴിച്ചത് 47.1 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം നാല് ലക്ഷത്തി നാല്‍പ്പത്തിയൊന്നായിരത്തി മൂന്നൂറ്റിഇരുപത്തിയഞ്ച് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി പതിനയ്യായിരം രൂപ (44,13,25,35,15,000.00) . അമേരിക്കന്‍ സൈന്യത്തിന്റെ കണക്കുകളാണിത്.

എന്നാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ചെലവ് ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത. പശ്ചിമേഷ്യയിലെ വിവിധ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചെലവ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

യുദ്ധം തുടരുന്ന ഓരോ മാസവും അമേരിക്കയ്ക്ക് അധികമായി രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെ ചെലവാകുമെന്നാണ് സെപ്റ്റംബറില്‍ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് (സി.ബി.ഒ) കണക്കാക്കിയത്.

ട്രംപ് യഥാര്‍ഥത്തില്‍ സഖ്യരാജ്യങ്ങളില്‍നിന്ന് പണം തിരിച്ചുപിടിക്കുമോ?

രാജ്യങ്ങളില്‍ നിന്ന് ട്രംപ് നേരിട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പണം ഈടാക്കാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ചാത്തം ഹൗസിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാമിലെ അസോസിയേറ്റ് ഫെലോ നീല്‍ ക്വില്യം അല്‍ ജസീറയോട് പറഞ്ഞത്, ട്രംപിന്റെ പ്രസ്താവനയെ ഗൗരവമേറിയ നയപരമായ നിര്‍ദേശമായല്ല, മറിച്ച് രാഷ്ട്രീയ സന്ദേശമായാണ് കാണേണ്ടതെന്നാണ്.

ട്രംപിന്റെ പ്രസ്താവനയെ ഗള്‍ഫ് രാജ്യങ്ങള്‍ കാര്യമായി എടുക്കാന്‍ സാധ്യതയില്ലെന്നാണ്‌ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാമിലെ അസോസിയേറ്റ് ഫെലോയുമായ ബാദര്‍ അല്‍ സൈഫും പറഞ്ഞത്.

‘ഒരു അമേരിക്കന്‍ വാര്‍ത്താ ചാനലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലെ ജനതയെ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇതിനെ അത്തരത്തില്‍ തന്നെയായിരിക്കും കാണുക,’ അല്‍ സൈഫ് പറഞ്ഞു.

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളിലെ സുരക്ഷാ, വിദേശനയ വിഷയങ്ങളില്‍ വിദഗ്ധനായ സ്റ്റീഫന്‍ ലൂക്കാസും ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ താത്പര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ചുമത്താനും അതില്‍നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനും ട്രംപ് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘കുറ്റപ്പെടുത്താന്‍ ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്,’ ലൂക്കാസ് പറഞ്ഞു.

അറബ് സഖ്യരാജ്യങ്ങള്‍ വലിയ തോതിലുള്ള നഷ്ടപരിഹാരത്തുക നല്‍കേണ്ടിവരുമെന്നോ അതിന് സമാനമായ മറ്റെന്തെങ്കിലും സംഭവിക്കുമെന്നോ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്രഈലില്‍നിന്ന് സാമ്പത്തികമായ ചില ആനുകൂല്യങ്ങളോ ഇളവുകളോ നേടിയെടുക്കുന്നതില്‍ ട്രംപ് കൂടുതല്‍ ഗൗരവം കാണിച്ചേക്കാമെന്നാണ് ലൂക്കാസിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം അവസാനത്തോടെ ഇസ്രഈലിനുള്ള അമേരിക്കന്‍ സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇറാനുമായുള്ള ദുരന്തപൂര്‍ണമായ യുദ്ധത്തിലേക്ക് തന്നെ തള്ളിവിട്ടത് ഇസ്രഈലാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ അവരില്‍നിന്ന് എന്തെങ്കിലും നേടിയെടുക്കാന്‍ അദ്ദേഹം കൂടുതല്‍ താത്പര്യം കാണിച്ചേക്കാം,’ ലൂക്കാസ് പറഞ്ഞു.

നഷ്ടപരിഹാരം ഏതെല്ലാം രൂപത്തിലായിരിക്കും?

യുദ്ധച്ചെലവ് തിരിച്ചുപിടിക്കാന്‍ ട്രംപ് വ്യത്യസ്ത മാര്‍ഗങ്ങള്‍ തേടിയേക്കാമെന്നാണ് അല്‍ സൈഫിന്റെ വിലയിരുത്തല്‍.

നിലവിലുള്ള വ്യാപാര കരാറുകളെയും ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപങ്ങളെയും യുദ്ധച്ചെലവിനുള്ള തിരിച്ചടവായി ട്രംപ് അവതരിപ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തിരിച്ചടവായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ നിരവധി കരാറുകളുണ്ട്. അമേരിക്കയില്‍ നിക്ഷേപം നടത്തുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമുണ്ട്,’ അല്‍ സൈഫ് പറഞ്ഞു.

വാഷിങ്ടണ്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും അതിനെ യുദ്ധത്തിനുള്ള നഷ്ടപരിഹാരമായി അവതരിപ്പിക്കുകയും ചെയ്യാമെന്ന് ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഫരീദ് ബൗസൈദ് പറഞ്ഞു.

‘ഇത് നേരിട്ടുള്ള സാമ്പത്തിക തിരിച്ചടവായിരിക്കില്ല. മറിച്ച് അമേരിക്കയിലെ വാണിജ്യ നിക്ഷേപങ്ങള്‍, ഇതിനകം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളവയ്ക്ക് പുറമെ കൂടുതല്‍ അമേരിക്കന്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങല്‍, ട്രംപിന്റെ സാമ്പത്തിക ഇടപാടുകളുമായി അടുത്ത ബന്ധമുള്ളവരിലേക്ക് നിക്ഷേപം എത്തിക്കല്‍ തുടങ്ങിയ പരോക്ഷമായ മാര്‍ഗങ്ങളിലൂടെയായിരിക്കും നടപ്പാക്കാന്‍ സാധ്യത,’ ബൗസൈദ് പറഞ്ഞു.

വിദേശ നിക്ഷേപങ്ങളെയും വ്യാപാര കരാറുകളെയും അമേരിക്കയ്ക്ക് ലഭിക്കുന്ന പണമോ സമ്മാനമോ എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള ചരിത്രം ട്രംപിനുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അദ്ദേഹം മുമ്പും പലതവണ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

2025 ജൂലൈയില്‍ യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറിലെത്തിയതിന് പിന്നാലെ, 600 ബില്യണ്‍ ഡോളറിന്റെ ‘സമ്മാനമാണ്’ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയ്ക്ക് നല്‍കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയ്ക്ക് ഇഷ്ടമുള്ള ഏത് മേഖലയിലും ഈ പണം നിക്ഷേപിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ 2028 വരെ അമേരിക്കയിലെ തന്ത്രപ്രധാന മേഖലകളില്‍ യൂറോപ്യന്‍ കമ്പനികള്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന പ്രതീക്ഷ മാത്രമാണ് അന്ന് പ്രഖ്യാപിച്ച ചട്ടക്കൂട് കരാറിലുണ്ടായിരുന്നത്. അമേരിക്കയ്ക്ക് നേരിട്ട് പണം കൈമാറുന്ന വ്യവസ്ഥ അതിലുണ്ടായിരുന്നില്ല.

അതേ വര്‍ഷം ജൂലൈയില്‍ ജപ്പാനുമായി പുതിയ വ്യാപാര കരാറിലെത്തിയപ്പോഴും സമാനമായ അവകാശവാദം ട്രംപ് ഉന്നയിച്ചു. കരാറിന്റെ ഭാഗമായി ജപ്പാന്‍ പ്രഖ്യാപിച്ച 550 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനത്തെ ഒരു ബേസ്‌ബോള്‍ കളിക്കാരന്‍ കരാര്‍ ഒപ്പിടുമ്പോള്‍ ലഭിക്കുന്ന ബോണസിനോടാണ് അദ്ദേഹം ഉപമിച്ചത്.

ട്രംപിന്റെ ആദ്യ ഭരണകാലത്തും സമാനമായ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മെക്‌സിക്കോ, അമേരിക്കയുടെ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് വഹിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

എന്നാല്‍ ആ മതില്‍ പൂര്‍ണമായി നിര്‍മിക്കപ്പെട്ടില്ല. അതിന്റെ ചെലവ് മെക്‌സിക്കോ വഹിച്ചതുമില്ല. പിന്നീട് അമേരിക്ക മതിലിന്റെ നിര്‍മാണച്ചെലവ് മെക്‌സിക്കോയില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമെങ്കിലും അവര്‍ക്ക് വഹിക്കേണ്ടിവരുമെന്നും ട്രംപ് നിലപാട് മാറ്റിയിരുന്നു. അതും നടപ്പായില്ല.

മെക്‌സിക്കോയുമായി താന്‍ ഒപ്പിട്ട വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ ഉപയോഗിച്ച് മതിലിന്റെ നിര്‍മാണച്ചെലവ് നികത്താന്‍ കഴിയുമെന്നും ഒരു ഘട്ടത്തില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു.

ട്രംപിന്റെ ആവശ്യം അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കും?

യുദ്ധത്തിന്റെ ഭാഗമായി ഇതിനകം വലിയ സാമ്പത്തിക നഷ്ടങ്ങള്‍ നേരിട്ട ഗള്‍ഫ് രാജ്യങ്ങള്‍, തങ്ങള്‍ ആരംഭിക്കാത്ത ഒരു യുദ്ധത്തിന്റെ പേരില്‍ കൂടുതല്‍ പണം നല്‍കണമെന്ന അമേരിക്കന്‍ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നഷ്ടപരിഹാരം നേരിട്ട് ആവശ്യപ്പെട്ടാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതികരണം പരസ്യമായ എതിര്‍പ്പിനേക്കാള്‍ നിശബ്ദമായ പ്രതിരോധമായിരിക്കുമെന്ന് നീല്‍ ക്വില്യം പറഞ്ഞു.

അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം, നിക്ഷേപങ്ങള്‍, സാമ്പത്തിക പങ്കാളിത്തം എന്നിവയിലൂടെ പ്രാദേശിക സുരക്ഷയുടെ ചെലവിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനകം തന്നെ വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ സൈനിക നടപടികള്‍ക്കായി അമേരിക്ക ഉപയോഗിക്കുന്ന നിരവധി വലിയ സൈനിക താവളങ്ങളുടെ പരിപാലനച്ചെലവും ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്.

യുദ്ധത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ഫരീദ് ബൗസൈദ് ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തിയ യുദ്ധത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ യുദ്ധച്ചെലവ് കൂടി വഹിക്കണമെന്ന ആവശ്യം അവര്‍ക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ സമീപനവും ഭാഷയും അമേരിക്കയുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തുന്ന പങ്കാളികള്‍ക്ക് അത്ര ആശ്വാസകരമല്ലെന്ന് അല്‍ സൈഫും അഭിപ്രായപ്പെട്ടു.

അമേരിക്കയുമായുള്ള ബന്ധത്തില്‍ ദീര്‍ഘകാലമായി സഹായം സ്വീകരിക്കുന്ന രാജ്യമാണ് ഇസ്രഈല്‍. ഈ സ്ഥിതിയില്‍നിന്ന് മാറി അമേരിക്കയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യമായി ഇസ്രഈല്‍ മാറാന്‍ സാധ്യതയില്ലെന്നാണ് ഡര്‍ഹം സര്‍വകലാശാലയിലെ മിഡില്‍ ഈസ്റ്റ് രാഷ്ട്രീയം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയുടെ അസിസ്റ്റന്റ് പ്രൊഫസറായ മാര്‍സിയേ കൗഹി ഇസ്ഫഹാനിയുടെ വിലയിരുത്തല്‍.

‘ഇസ്രഈലും അമേരിക്കയും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതും തുടരുന്നുണ്ട്. എന്നാല്‍ യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യതയുടെ വലിയൊരു പങ്ക് ഇസ്രഈല്‍ വഹിക്കണമെന്ന ആവശ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിലെ പതിവ് രീതികള്‍ക്ക് വിരുദ്ധമാണ്. നിലവിലെ സാഹചര്യത്തില്‍ അത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള ശേഷിയും ഇസ്രഈലിനില്ല,’ അവര്‍ പറഞ്ഞു.

Content Highlight: Israel and Gulf countries should reimburse the cost of the Iran war, What is Trump’s demand

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more