| Monday, 19th May 2025, 8:12 pm

റഫയില്‍ 15 സന്നദ്ധപ്രവര്‍ത്തകരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ ദൃക്സാക്ഷിയായ ഫലസ്തീന്‍ ബാലനെയും വധിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: തെക്കന്‍ ഗസയില്‍ മെഡിക്കല്‍ സംഘത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ ദൃക്സാക്ഷിയായ ഫലസ്തീന്‍ ബാലനെ കൊലപ്പെടുത്തി ഇസ്രഈല്‍ സൈന്യം. 12 വയസുകാരനായ മുഹമ്മദ് സയീദ് അല്‍-ബര്‍ദാവിലിനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

മെയ് 10നാണ് മുഹമ്മദ് സയീദ് കൊല്ലപ്പെട്ടത്. റഫ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ മകന് നേരെ ഇസ്രഈല്‍ സൈന്യം വെടിവെക്കുകയായിരുന്നുവെന്ന് മുഹമ്മദ് സയീദിന്റെ പിതാവ് സയീദ് അല്‍-ബര്‍ദാവില്‍ പറഞ്ഞു.

മാര്‍ച്ച് 23നാണ് 15 പാരാമെഡിക്കുകളെയും സിവില്‍ ഡിഫന്‍സ് ജീവനക്കാരെയും ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് താനും മകനും ഉണ്ടായിരുന്നുവെന്നും ഏകദേശം ഏഴ് മിനിറ്റോളം വെടിവെപ്പ് നീണ്ടുനിന്നിരുന്നുവെന്നും സയീദ് അല്‍-ബര്‍ദാവില്‍ പ്രതികരിച്ചു.

വെടിയുതിര്‍ക്കുമ്പോള്‍ മുതിര്‍ന്നവരായ തങ്ങളുടെ കണ്ണുകളെല്ലാം ശീലകൊണ്ട് മൂടികെട്ടിയിരുന്നുവെന്നും എന്നാല്‍ മകന് എല്ലാം കാണാമായിരുന്നുവെന്നും ചുറ്റും നടക്കുന്നത് തനിക്ക് അവന്‍ വിശദീകരിച്ച് തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായാണ് ഇസ്രഈലിന്റെ പ്രത്യേക സേന കണ്മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നും സയീദ് അല്‍-ബര്‍ദാവില്‍ ഓര്‍ത്തെടുത്തു.

കൊലപ്പെടുത്തിയ ശേഷം മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിച്ച കുഴിയിലേക്ക് തള്ളുകയായിരുന്നുവെന്നും സയീദ് പറഞ്ഞു. തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച ആംബുലന്‍സുകളും ഫയര്‍ ട്രക്കും കുഴിമാടത്തിന് മുകളിലായി വെച്ചുവെന്നും അദ്ദേഹം മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

മെഡിക്കല്‍ സംഘം കൊല്ലപ്പെട്ട ദിവസം തന്നെ അറസ്റ്റിലായിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അങ്ങനെയെങ്കില്‍ മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്നും സയീദ് പറഞ്ഞു.

അതേസമയം ഇസ്രഈല്‍ നടപടിയില്‍ റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുടെയും ആറ് സിവില്‍ ഡിഫന്‍സ്, ഒരു യു.എന്‍ ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങളാണ് റഫയില്‍ നിന്ന് കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ സൈന്യം കുഴികുത്തി മൂടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 23ന് പുലര്‍ച്ചയോടെ തെക്കന്‍ ഗസയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇസ്രഈല്‍ വെടിവെപ്പ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ രണ്ടാമത്തെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘമാണ് ആദ്യസംഘത്തെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയത്.

ആദ്യസംഘത്തിലെ ഒരാളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളും അതിനിടെ ഉയര്‍ന്നിരുന്നു. റെഡ് ക്രസന്റ് ജീവനക്കാരെയാണ് കാണാതായതെന്നായിരുന്നു വിവരം.

Content Highlight: Israel also executes Palestinian boy who witnessed the killing and burial of 15 volunteers in Rafah

We use cookies to give you the best possible experience. Learn more