| Tuesday, 23rd December 2025, 6:53 am

മനുഷ്യരെ വിശ്വസിക്കുന്നതല്ലേ നല്ലത്? വെള്ളത്തിനും രോഗത്തിനും ജാതിയും മതവുമൊന്നുമില്ല: മമ്മൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എക്കാലവും നന്മയ്ക്ക് വിജയമുണ്ടാകണമെന്ന് നടന്‍ മമ്മൂട്ടി. മനുഷ്യര്‍ പരസ്പരം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

നന്മയും തിന്മയും തമ്മിലുള്ള മത്സരത്തില്‍ നമ്മള്‍ ജയിച്ചാല്‍ മാത്രമെ ലോകത്ത് നന്മ ഉണ്ടാകുകയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യരെ വിശ്വസിക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്നും അദ്ദേഹം ചോദിച്ചു.

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ നന്മ. മതങ്ങള്‍ എങ്ങോട്ടെങ്കിലും പൊക്കോട്ടെ… എന്നാല്‍ നമ്മള്‍ പരസ്പരം വിശ്വസിക്കണം. നാം എല്ലാവരും ഒരേ സൂര്യ വെളിച്ചത്തിന് കീഴില്‍ ഒരേ വായു ശ്വസിച്ചാണ് ജീവിക്കുന്നത്. സൂര്യനും മഴയ്ക്കും വെള്ളത്തിനും രോഗങ്ങള്‍ക്കും ജാതിയും മതവുമൊന്നുമില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ കുറേ വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്,’ മമ്മൂട്ടി പറഞ്ഞു.

കള്‍ച്ചറല്‍ കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ത്ഥ താത്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ എല്ലാം അവസാനിക്കുന്നത് മനുഷ്യ സ്‌നേഹത്തിലാണെന്നും മമ്മൂട്ടി പറഞ്ഞു.

മറ്റുള്ളവരുടെ സാന്നിധ്യം കൂടി നമ്മള്‍ തിരിച്ചറിയുക എന്നതാണ് സംസ്‌കാരം. ഈ ലോകത്ത് നമ്മള്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഉണ്ടെന്നും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവുമെന്നും തിരിച്ചറിയുമ്പോഴാണ് നാം സംസ്‌കാര സമ്പന്നരാകുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

കള്‍ച്ചറല്‍ കോണ്‍ഗ്രസ് രണ്ടാം പതിപ്പിന്റെ ലോഗോയും മമ്മൂട്ടി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് ‘അഭിനയസൂര്യന്‍’ ദൃശ്യാവിഷ്‌കാരം നടന്നിരുന്നു.

എം.എല്‍.എമാരായ പി.വി. ശ്രീനിജന്‍, കെ.ജെ. മാക്‌സി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, മുരളി ചീരോത്ത്, പ്രമോദ് പയ്യന്നൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlight: Isn’t it better to trust people? Water and disease have no caste or religion: Mammootty

We use cookies to give you the best possible experience. Learn more