| Tuesday, 7th October 2025, 6:26 pm

ഇസ്‌ലാമോഫോബിക് എ.ഐ വീഡിയോ; അസം ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള എ.ഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ അസം ബി.ജെ.പിക്ക് നോട്ടീസയച്ച് സുപ്രീം കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ബി.ജെ.പി അസം യൂണിറ്റ് എക്സില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

പ്രസ്തുത ഹരജിയിലെ അടുത്ത വാദം ഒക്ടോബര്‍ 28ന് കേള്‍ക്കും. സെപ്റ്റംബര്‍ 15നാണ് ഹരജിക്കാസ്പദമായ എ.ഐ വീഡിയോ അസം ബി.ജെ.പി എക്സില്‍ പോസ്റ്റ് ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ തുടര്‍ന്നില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ അസം പിടിച്ചെടുക്കുമെന്ന് ആരോപിച്ചായിരുന്നു വീഡിയോ.

‘അസം ഇല്ലാത്ത ബി.ജെ.പി’ എന്ന തലക്കെട്ടിലാണ് ബി.ജെ.പി നേതൃത്വം വീഡിയോ പ്രചരിപ്പിച്ചത്. മുസ്‌ലിങ്ങള്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നവരാണെന്നും വീഡിയോയില്‍ ആരോപിച്ചിരുന്നു. കൂടാതെ ഗുവാഹത്തി വിമാനത്താവളം, സ്റ്റേഡിയം തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ മുസ്‌ലിങ്ങള്‍ അധിനിവേശം നടത്തുന്നതായും ബി.ജെ.പി ചിത്രീകരിച്ചിരുന്നു.

മാത്രമല്ല, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും എ.ഐ വീഡിയോയിലൂടെ ബി.ജെ.പി ശ്രമിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഒരു പാക് ഉദ്യോഗസ്ഥന്റെ അരികില്‍ നില്‍ക്കുന്നതായാണ് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്.

‘പൈജാന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു വീഡിയോ. കോണ്‍ഗ്രസ് അസം അധ്യക്ഷന്‍ ഗൗരവ് ഗംഗോയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ആരോപണം.

ഹിമന്തയുടെ ഈ ആരോപണത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വം ഗംഗോയ്‌യെ പൈജാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനമാണ് അസം ബി.ജെ.പിക്കെതിരെ ഉയര്‍ന്നത്.

രാഹുല്‍ ഗാന്ധിയെയും ഗൗരവ് ഗംഗോയ്‌യെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ വിവാദ വീഡിയോ പ്രചരിപ്പിച്ചതെന്നായിരുന്നു വിമര്‍ശനം. സംഭവത്തില്‍ അസം കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Islamophobic AI video; Supreme Court issues notice to Assam BJP

We use cookies to give you the best possible experience. Learn more