| Friday, 20th January 2012, 10:09 pm

ഹുസൈന്‍ മുതല്‍ റുഷ്ദി വരെ: ഹമീദ് ചേന്ദമംഗലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഇത് ആദ്യമല്ല.
എം.എഫ്
ഹുസൈനില്‍ തുടങ്ങി തസ്‌ലിമ നസ്രിനിലും സല്‍മാന്‍ റുഷ്ദിയിലും എത്തി നില്‍ക്കുന്നു അത്. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി മൂലം ഇന്ത്യ വിടേണ്ടി വന്ന എം.എഫ് ഹുസൈന്‍ ഖത്തറില്‍ വെച്ച് മരണപ്പെടുകയുണ്ടായി. ഇപ്പോഴിതാ സല്‍മാന്‍ റുഷ്ദിയും സമാന ഭീഷണി നേരിടുകയാണ്. പ്രശസ്തമായ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുന്നതിനെതിരെ ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്.

റുഷ്ദിയുടെ ജീവന് ഭീഷണിയുണ്ടെന്നും ജയ്പൂര്‍ ഫെസ്റ്റിലെ റുഷ്ദിയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ഗെഹ് ലെട്ട് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. അനിശ്ചിതത്വത്തിനൊടുവില്‍ ഫെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റുഷ്ദി തീരുമാനിച്ചു. പ്രത്യയശാസ്ത്ര സംവാദത്തിനുള്ള ആര്‍ജ്ജവം നഷ്ടപ്പെടുമ്പോഴാണ് മതങ്ങള്‍ക്കും സംഘടനകള്‍ക്കും അക്രമാസക്തരാകേണ്ടി വരുന്നത്. റുഷ്ദി വിവാദത്തെക്കുറിച്ച് പ്രമുഖ സാസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ സംസാരിക്കുന്നു…

ഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2007 ല്‍ ജയ്പൂരില്‍ ഇതേ പരിപാടിയില്‍ സല്‍മാന്‍ റുഷ്ദി പങ്കെടുത്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും സര്‍ക്കാറുകളും റുഷ്ദി വന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് പറയുന്നത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ. സല്‍മാന്‍ റുഷ്ദി വന്നാല്‍ മുസ്ലിംങ്ങളുടെ വോട്ട് തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ഇവരെ നിഷേധാത്മകമായ മനോഭാവം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വസിക്കുന്ന മതത്തില്‍ പൂര്‍ണ്ണായി വിശ്വസിക്കാത്തവരാണ്. നിരന്തരം ചോദ്യം ചെയ്യപ്പെട്ടും ചര്‍ച്ച ചെയ്യപ്പെട്ടുമാണ് ഒരു മതം നിലനില്‍ക്കേണ്ടത്.

വാസ്തവത്തില്‍ 25 വര്‍ഷം മുമ്പാണല്ലോ സാത്താനിക്ക് വേഴ്‌സസ്(The Satanic Verses) എന്ന പുസ്തകം നിരോധിക്കപ്പെട്ടത്. സാത്താനിക്ക് വേഴ്‌സസ് മതവികാരത്തെ വ്രണപ്പെടുത്തുന്ന കൃതിയല്ല. റുഷ്ദിയുടെ ആ നോവല്‍ ഇസ്ലാമിക വിരുദ്ധവുമല്ല. അന്ന് അധികാരത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ ഈ നോവല്‍ ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് നിരോധിച്ചത്. ഇറാന്‍ അത്മീയ നേതാവ് എന്നറിയപ്പെടുന്ന ആയത്തുള്ള ഖുമേനി സല്‍മാന്‍ റുഷ്ദിയെ വധിക്കണമെന്ന് ഫത്‌വ പുറപ്പെടുവിച്ചു. സത്യത്തില്‍ അന്ന് ഇറാനില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുകയായിരുന്നു. അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആയത്തുള്ള ഖുമേനിക്ക് കിട്ടിയ ആയുധമായിരുന്നു സാത്താനിക് വേഴ്‌സസ്.

ഒരു പുതിയ മതം വരുന്നത് നിലവിലുള്ള മതം പറയുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ടാണ്. അതുകൊണ്ട് പുതിയ മതം നിലവിലുള്ള മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ആ മതം നിരോധിക്കണമെന്ന് പറയാനാകുമോ? മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വസിക്കുന്ന മതത്തില്‍ പൂര്‍ണ്ണായി വിശ്വസിക്കാത്തവരാണ്. നിരന്തരം ചോദ്യം ചെയ്യപ്പെട്ടും ചര്‍ച്ച ചെയ്യപ്പെട്ടുമാണ് ഒരു മതം നിലനില്‍ക്കേണ്ടത്. സ്വന്തം മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആ മതത്തെ കൊച്ചാക്കുകയാണ് ചെയ്യുന്നത്.

മുമ്പ് “ഒരേ ഒരു ഗ്രാമത്തിലെ” എന്ന സിനിമയുമായി ബന്ധപ്പെട്ട് മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന കേസിന്മേല്‍ സുപ്രീംകോടതി പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ആവിഷ്‌കാര സ്വതാന്ത്ര്യവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ക്രമസമാധാനം നിലനിര്‍ത്താനാണ് ഭരണകൂടം ശ്രമിക്കേണ്ടത്, ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കാനല്ല എന്നാണ് സുപ്രീംകോടതി അന്ന് പറഞ്ഞത്.

തല്‍പര കക്ഷികള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍ കാണിക്കുന്ന അസഹിഷ്ണുതയാണ് അത്തരം ആരോപണങ്ങള്‍. ബംഗ്ലാദേശില്‍ നിന്നും ജമാഅത്തെ ഇസ്ലാമി പുറത്താക്കിയ തസ്ലീമ നസ്‌റിന് ഇന്ത്യ അഭയം കൊടുത്തു. ഇപ്പോള്‍ റുഷ്ദിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് കളിക്കുന്ന രാഷ്ട്രീയം അന്ന് ബംഗാളിലെ മാര്‍കിസ്റ്റ് പാര്‍ട്ടി കാണിച്ചു. കൊല്‍ക്കത്തയില്‍ നിന്നും തസ്ലീമ നസ്‌റിനെ പുറത്താക്കി. എം.എഫ് ഹുസൈന്റെ കാര്യത്തില്‍ സംഘ്പരിവാര്‍ പുറത്തെടുത്തതും ഇതേ രാഷ്ട്രീയം തന്നെയാണ്. അതായത്, സംഘ്പരിവാറും ഇപ്പോള്‍ റുഷ്ദിയെ ഇന്ത്യയില്‍ വരാന്‍ സമ്മതിക്കരുതെന്ന് പറയുന്ന മുസ്ലിം സംഘടനകളും പ്രകടിപ്പിക്കുന്നത്‌ ഒരേ അസഹിഷ്ണുതയും രാഷ്ട്രീയവുമാണ്. ഇവരെല്ലാം ഒരേ തൂവല്‍ പക്ഷികളാണ്.

തയ്യാറാക്കിയത്:റഫീഖ് മൊയ്തീന്‍

ഇന്ത്യയിലേക്കില്ലെന്ന് റുഷ്ദി

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more