| Saturday, 7th February 2026, 4:56 pm

ഇസ്‌ലാമാബാദ് ചാവേറാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്; മൂന്ന് പേര്‍ പിടിയില്‍

അനിത സി

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനായി തര്‍ലായ് പ്രദേശത്തെ ഇമാം ബര്‍ഗാഹ് ഖ്വസര്‍ ഇ ഖദീജത്തുല്‍ കുബ്ര ഷിയാ പള്ളിയില്‍ ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയിലാണ് ചാവേറാക്രമണമുണ്ടായത്.

സംഭവത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

സംഭവത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ നടന്നു.

ആക്രമണത്തിന് പിന്നാലെ ഇസ് ലാമാബാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്ത്തൂണ്‍ഖ്വ മേഖലയിലെ ഒളിത്താവളത്തില്‍ നിന്നാണ് രണ്ട് സഹോദരന്മാരേയും ഒരു സ്ത്രീയെയും പൊലീസ് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, പള്ളിയില്‍ സ്‌ഫോടനമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ചാവേറും പള്ളിയിലെ താത്ക്കാലിക സുരക്ഷാ ഉദ്യോഗസ്ഥനും തമ്മില്‍ വെടിവെപ്പുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗേറ്റില്‍ അക്രമിയെ തടഞ്ഞുനിര്‍ത്തുന്നതിനിടെ ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചെന്നാണ് സാക്ഷി മൊഴികള്‍.

ഗുരുതരമായി പരിക്കേറ്റവര്‍ പാക്സ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, 2008 സെപ്റ്റംബറില്‍ മാരിയറ്റ് ഹോട്ടലിനെ ഭാഗികമായി തകര്‍ത്ത സ്‌ഫോടനത്തിന് ശേഷം പാകിസ്ഥാനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് വെള്ളിയാഴ്ചയിലേത്. അന്നത്തെ ചാവേര്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനിടെ, ഷിയാ പള്ളിയിലെ ചാവേറാക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു.

തെക്കന്‍ ബലൂചിസ്ഥാനിലെ വിഘടനവാദ ഗ്രൂപ്പുകളും, ഖൈബര്‍ പഖ്ത്തൂണ്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഇസ്‌ലാമിക തീവ്രവാദികളും അഫ്ഗാനിസ്ഥാന്റെ പിന്തുണയോടെ പാകിസ്ഥാന് നേരെ ആക്രമണം നടത്തുന്നെന്നാണ് ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ നിഷേധിച്ചു. അതിര്‍ത്തിയില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Content Highlight: Islamabad suicide attack: ISIS claims responsibility; three arrested

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more