| Tuesday, 15th July 2025, 12:38 pm

ഇസ്‌ലാമിക കർമശാസ്ത്രപ്രകാരമാണ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇടപെട്ടത്: കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ വിഷയത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.  ഇസ്‌ലാമിക കർമശാസ്ത്രപ്രകാരമാണ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.  അദ്ദേഹത്തിന്റെ ഇടപെടലിന് പിന്നാലെ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വിഷയത്തിലെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നത്.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾ അനുവദിച്ചാൽ മാത്രമേ യെമൻ സർക്കാരിന് ശിക്ഷാ ഇളവ് നൽകാൻ സാധിക്കുകയുള്ളൂവെന്നും അതിനായി കുടുംബവുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഇസ്‌ലാം ഒരു വർഗീയ വാദത്തിന്റെയോ വർഗീയ പ്രസ്ഥാനത്തിന്റെയോ മതമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾ അനുവദിച്ചാൽ മാത്രമേ യെമൻ സർക്കാരിന് ശിക്ഷാ ഇളവ് നൽകാൻ സാധിക്കുകയുള്ളൂ. വിഷയത്തിൽ ഞങ്ങൾ അവിടെയുള്ള ജഡ്ജിമാരോടും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തോടും ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. ഇസ്‌ലാം ഒരു വർഗീയ വാദത്തിന്റെയോ വർഗീയ പ്രസ്ഥാനത്തിന്റെയോ മതമല്ലെന്നും ലോകത്തിന് പഠിപ്പിച്ച് കൊടുക്കലും ജനങ്ങൾക്ക് നന്മ ചെയ്യാൻ ശ്രമിക്കലും ഞങ്ങളുടെ കർത്തവ്യമാണ് എന്ന നിലക്കാണ് ഞാൻ വിഷയത്തിൽ ഇടപെട്ടത്. അതുകൊണ്ട് നാട്ടുകാരോടും പ്രവർത്തകരോടും പറയാനുള്ളത് നമ്മുടെ ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളിലെ പഠിപ്പിക്കാം തീർച്ചയായും അവർ പഠിക്കുകയും വിജയിക്കുകയും ജോലി സമ്പാദിക്കുകയും ചെയ്യും.

നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസവും തൊഴിലും ഉള്ള വ്യക്തികളെ വളർത്തിയെടുക്കാൻ എല്ലാവരും ശ്രമിച്ചാൽ തന്നെ തൊഴിലില്ലായ്മ കൊണ്ടുണ്ടാകുന്ന കുഴപ്പങ്ങൾ അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും വലിയൊരളവിൽ നമുക്ക് സാധിക്കും,’ അദ്ദേഹം പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിൻ പിന്നാലെയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചത്.

കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ മരണം കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായിരുന്നു. അത് കൊണ്ട് ഇത്രയും കാലം ആർക്കും തന്നെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ആദ്യമായി സാധിക്കുന്നത്.

എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇടപെട്ടതോടെ ചർച്ചകൾ സാധ്യമാവുകയായിരുന്നു. വിഷയത്തിൽ ഇന്നും ചർച്ച നടക്കുകയാണ്. ഇന്ന് രാവിലെ യെമൻ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. നോര്‍ത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ശൈഖ് ഹബീബ് ഉമർ, തലാലിന്റെ സഹോദരൻ, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, ഗോത്ര തലവന്മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Content Highlight: Islam is not a religion of communalism or communal movement: Kanthapuram

We use cookies to give you the best possible experience. Learn more