തെലങ്കാന: ഐ.എസ്.എസ്.എസ് അനുഭാവികളായ രണ്ട് പേര്‍ സ്‌ഫോടന വസ്തുക്കളുമായി ഹൈദരാബാദില്‍ പിടിയില്‍. തെലങ്കാന-ആന്ധ്രപ്രദേശ് കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇവര്‍ ഹൈദരാബാദില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ പദ്ധതി പരാജയപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ നിന്നുള്ള സിറാജ്-ഉര്‍-റഹ്‌മാന്‍ (29), ഹൈദരാബാദിലെ ഭോയ്ഗുഡയില്‍ നിന്നുള്ള സയീദ് സമീര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് ബന്ധമുള്ള അല്‍ ഹിന്ദ് ഇത്തിഹാദുല്‍ മിസിലേന എന്ന ഗ്രൂപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഹൈദരാബാദില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
ഇവരുടെ പക്കല്‍ നിന്ന് അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. വിജയനഗരത്തില്‍ വെച്ചാണ് അറസ്റ്റിലായ സിറാജ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയത്. ഇതിന്റെ സ്‌ഫോടകശേഷി പരിശോധിക്കാന്‍ ഇവര്‍ റമ്പചൊടാവരം വനത്തില്‍വെച്ച് പരീക്ഷണവും നടത്തിയിരുന്നു.
എന്നാല്‍ വിജയനഗരത്തില്‍ സ്‌ഫോടനം നടത്താന്‍ മാത്രം ഇവ തികയില്ലെന്ന് മനസിലാക്കിയതോടെ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇയാളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൗണ്ടര്‍ ഇന്റലിജന്‍സ് (സി.ഐ) സെല്‍ വിജയനഗരം പൊലീസിന് മുന്നറിയിപ്പ് നല്‍കുകയും സിറാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളിയായ സമീറിനെപ്പറ്റി വിവരം ലഭിക്കുന്നത്. കൂടാതെ സ്‌ഫോടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും സിറാജ് വെളിപ്പെടുത്തി. ഇയാള്‍ പറഞ്ഞ സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ മറ്റ് സ്‌ഫോടകവസ്തുക്കളും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ സമീറിന്റെ വീട്ടില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ് ആറ് മാസത്തിനിടെ രണ്ട് തവണയാണ് പിടിയിലായ സിറാജ് സൗദി അറേബ്യ സന്ദര്‍ശിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ എ.എച്ച്.ഐ.എമ്മുമായി ബന്ധപ്പെട്ടതായാണ് വിവരം. ഇവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഇയാള്‍ക്ക് ഹൈദരാബാദിലെ സ്‌ഫോടനത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
എന്നാല്‍ എവിടെയാണ് സ്‌ഫോടനം നടത്താന്‍ ഇരുന്നതെന്നോ ഇവര്‍ ലക്ഷ്യം വെച്ച സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി അന്വേഷണം പുരോഗമിച്ച് വരികയാണ്.
Content Highlight: ISIS sympathizers arrested with explosives in Hyderabad; blast test reported