| Thursday, 16th April 2015, 2:10 pm

ചെന്നൈയിലെ ആര്‍.എസ്.എസുകാരെ വധിക്കുമെന്ന് ഇസിസിന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈയിലെ 10 ആര്‍.എസ്.എസ് അംഗങ്ങളെ വിധിക്കുമെന്ന് ഇസിസിന്റെ ഭീഷണി. ചെന്നൈയില്‍ ബോംബ് സ്‌ഫോടന പരമ്പരകള്‍ നടത്തുമെന്നും ഭീഷണിയുണ്ട്. ചെന്നൈ പ്രസ് ക്ലബിലേക്ക് വന്ന കത്തിലാണ് ഈ ഭീഷണിയുള്ളത്. ഇസിസിന്റെ പേരിലാണ് കത്ത് വന്നിരിക്കുന്നത്.

ഏപ്രില്‍ 24 ന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രസ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭീഷണിക്കത്ത് ലഭിച്ച കാര്യം പ്രസ് ക്ലബ് അധികൃതര്‍ സ്ഥരീകരിച്ചു. കത്ത് പോലീസിന് കൈമാറി.

“പ്രമുഖരായ 50 ആര്‍.എസ്.എസ് തീവ്രവാദികള്‍ ചെന്നൈയിലുള്ളതായി ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 10 പേരെയെങ്കിലും ഞങ്ങള്‍ വെടിവെച്ചുകൊല്ലും. ഏപ്രില്‍ 24 ന് കോയമ്പത്തൂര്‍ സ്‌ഫോടനം ആവര്‍ത്തിക്കുകയും ചെയ്യും.”  കത്തില്‍ പറയുന്നു. ചുവന്ന അക്ഷരങ്ങളിലാണ് കത്ത് എഴുതിയിരിക്കുന്നത്. തമിഴ്‌നാട് ഡി.ജി.പി ഓഫീസിലും ഇതേ തീതിയിലുള്ള കത്ത് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 1998 ഫെബ്രുവരി 14 ന് കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്‌ഫോടന പരമ്പരയില്‍ 58 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more