| Wednesday, 19th November 2025, 9:11 am

'ഐ.എസ്.ഐ റിക്രൂട്ട് ചെയ്തവരില്‍ മുസ്‌ലിങ്ങളേക്കാൾ കൂടുതല്‍ ഹിന്ദുക്കള്‍'; പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്കെന്ന് അജിത് ഡോവല്‍, തള്ളി ആള്‍ട്ട് ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാരപ്രവൃത്തിക്കായി ഇന്ത്യയിലെ മുസ്‌ലിങ്ങളേക്കാൾ കൂടുതല്‍ ഹിന്ദുക്കളെയാണ് പാകിസ്ഥാന്‍ ചാരസംഘടനായ ഐ.എസ്.ഐ റിക്രൂട്ട് ചെയ്തിരിക്കുന്നതെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീഡിയോ വിവാദമായതോടെ സംഭവം ഡീപ് ഫേക്കാണെന്ന് അവകാശവാദം.

കഴിഞ്ഞ 11 വര്‍ഷമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയാണ് അജിത് ഡോവല്‍ ഡീപ് ഫേക്കെന്ന് ആവകാശപ്പെട്ടിരിക്കുന്നത്.

നവംബര്‍ പത്തിന് ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് അജിത് ഡോവലിന്റെ പേരിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായത്. 13 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്ന സംഘപരിവാര്‍ പ്രചരണത്തിനിടെയാണ് ഡോവലിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.

35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് നിരവധി ആളുകളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചത്.

‘ഞാന്‍ ഇനി ചെറിയൊരു കാര്യം കൂടി പറയട്ടെ. ഇന്ത്യയിലെ ഇന്റലിജന്റ്സ് ജോലികള്‍ക്കായി, ഐ.എസ്.ഐ റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം എത്രയാണെങ്കിലും മുസ്‌ലിങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ്. 1947 മുതലുള്ള കേസുകളെടുത്താല്‍ 4000ത്തിലധികം കേസുകള്‍ ഉണ്ട്. അതില്‍ ഒരുപക്ഷെ 20 ശതമാനം പോലും മുസ്‌ലിങ്ങള്‍ ഉണ്ടാകില്ല. മറിച്ചുള്ളതെല്ലാം തെറ്റാണ്. മുസ്‌ലിങ്ങളെ ഞങ്ങള്‍ കൂടെക്കൂട്ടി രാജ്യത്തെ ഉന്നതിയിലെത്തിക്കും,’ എന്നാണ് അജിത് ഡോവലിന്റെ പരാമര്‍ശം.

സംഭവം വിവാദമായതോടെയാണ് വീഡിയോ ഡീപ് ഫേക്കാണെന്ന വാദമുയര്‍ത്തി അജിത് ഡോവല്‍ രംഗത്തെത്തിയത്.

‘ഞങ്ങനെ പറഞ്ഞിട്ടില്ല. സംഭവം ഡീപ് ഫേക്കാണ്. പറയാത്ത കാര്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളച്ചൊടിക്കാന്‍ ഇത്തരം മാധ്യമ ഉപകരണങ്ങള്‍ പലപ്പോഴായും ഉപയോഗിക്കാറുണ്ട്,’ എന്ന് സി.എന്‍.എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അജിത് ഡോവല്‍ പറഞ്ഞു.

നിരവധി ദേശീയ മാധ്യമങ്ങളും ബി.ജെ.പി ഐ.ടി സെല്ലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തെങ്കിലും ആള്‍ട്ട് ന്യൂസ് ഡോവലിന്റെ വാദം തള്ളുകയാണ് ചെയ്തത്. 2014 മാര്‍ച്ച് 11ന് ഓസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അപ്‌ലോഡ് ചെയ്ത ഒരു മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വീഡിയോയില്‍ നിന്നാണ് വൈറല്‍ ക്ലിപ്പ് കട്ട് ചെയ്തതെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി.

1:04:00ാമത്തെ മിനിറ്റിലാണ് അജിത് ഡോവലിന്റെ പരാമര്‍ശം. ഇന്ത്യ നേരിടുന്ന ഭീഷണികളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2014ല്‍ ഓസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘ദി ചലഞ്ച് ഓഫ് ഗ്ലോബല്‍ ടെററിസം’ എന്ന സെഷനില്‍ ഡോവല്‍ നടത്തിയ പരാമര്‍ശമാണ് നിലവില്‍ പ്രചരിക്കുന്നത്. അക്കാലത്ത് ഡീപ് ഫേക്ക് അടക്കമുള്ള സാങ്കേതികവിദ്യ അത്ര വ്യാപകമല്ലെന്നും പ്രചാരത്തിലില്ലെന്നുമാണ് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നത്.

Content Highlight: ‘ISI recruited Hindus More than Muslims ‘ Ajit Doval says the video being circulated is a deepfake, Rejected Alt News

We use cookies to give you the best possible experience. Learn more