ലൈവ് സ്ട്രീമിങ് വീഡിയോയിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ ഇന്‍ഫ്‌ളുവന്‍സറാണ് ഐ ഷോ സ്പീഡ്. മിനിറ്റിന് ലക്ഷങ്ങളാണ് ഐ ഷോ സ്പീഡ് സ്ട്രീമിങ്ങിലൂടെ സമ്പാദിക്കുന്നത്. തായ്‌ലന്‍ഡ് യാത്രക്കിടെ സ്പീഡിന് നേരിടേണ്ടിവന്ന അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഐ ഷോ സ്പീഡ് സഞ്ചരിച്ച കാറിനെ ചെയ്‌സ് ചെയ്ത് രണ്ട് യുവാക്കള്‍ വിജയ് വിജയ് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
എന്നാല്‍ കാര്യമെന്തെന്ന് മനസിലാകാതെ സ്ഥിരം റിയാക്ഷന്‍ നല്കിക്കൊണ്ട് സ്പീഡ് യാത്ര തുടരുകയായിരുന്നു. യുവാക്കള്‍ വീണ്ടും പിന്നാലെ വന്ന് ‘ടി.വി.കെ, ടി.വി.കെ’ എന്ന് വീണ്ടും ആവര്‍ത്തിച്ചു. എന്താണ് ടി.വി.കെയെന്ന് സ്പീഡ് തിരിച്ചുചോദിച്ചപ്പോള്‍ ‘ദളപതി വിജയ്’ എന്ന് അവര്‍ മറുപടി നല്കി. എന്താണ് നടക്കുന്നതെന്നറിയാതെ സ്പീഡ് ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാനാകും.
ഇതിന് ശേഷം സ്പീഡ് തന്റെ കാറിന് വേഗത കൂട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും വെറുതേ വിടാന്‍ ഉദ്ദേശമില്ലാതെ ഈ യുവാക്കള്‍ വീണ്ടും സ്പീഡിന്റെ വണ്ടിയെ പിന്തുടര്‍ന്ന് വിജയ്‌യുടെ പേര് ആവര്‍ത്തിച്ചു. ‘ദളപതി വിജയ്, ചീഫ് മിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്ന് യുവാക്കള്‍ പറയുകയും സ്പീഡ് വണ്ടി മുന്നോട്ടെടുക്കാന്‍ പറയുകയും ചെയ്തു.
‘വാട്ട് ടി.വി.കെ, വാട്ട് വിജയ്, വാട്ട് തലവിധി?’ എന്ന് സ്പീഡ് ക്യാമറയില്‍ നോക്കി ചോദിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നിമിഷങ്ങള്‍ക്കകും ഈയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിജയ്ക്ക് ഗ്ലോബല്‍ റീച്ച് ഇതോടെ ലഭിച്ചെന്ന് ആരാധകര്‍ അവകാശപ്പെടുമ്പോള്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തിക്കൂടെയെന്ന് പലരും ചോദിക്കുന്നുണ്ട്.
വിജയ്‌യുടെ ആരാധകര്‍ തായ്‌ലന്‍ഡിലുമുണ്ടെന്ന് ഇതോടെ മനസിലായെന്നും എന്നാല്‍ ഇത്രക്ക് വിവരമില്ലാത്ത പരിപാടി ചെയ്യുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റര്‍ ഓഫ് ഇന്ത്യയെന്ന് പറയുന്നതിനെയും കളിയാക്കുന്നുണ്ട്. കുറച്ചെങ്കിലും വിവേകത്തോടെ പെരുമാറിക്കൂടെയെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്.
മുമ്പ് വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തിന് സ്പീഡ് നല്‍കിയ റിയാക്ഷന്‍ വൈറലായിരുന്നു. ലോജിക്കില്ലാത്ത ഫുട്‌ബോള്‍ രംഗങ്ങളാല്‍ സമ്പന്നമായ ബിഗിലിനെ സ്പീഡ് വലിച്ചുകീറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഐ ഷോ സ്പീഡിന് വിജയ് റഫറന്‍സ് ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlight: IShow Speed’s new video gone viral