| Saturday, 14th February 2026, 6:40 pm

സിനിമ കണ്ട് അമ്മയോട് നമ്പര്‍ ചോദിച്ച് അവര്‍ എന്നെ വിളിച്ചിരുന്നു; വളരെ സ്വീറ്റാണ് ചേച്ചി: ഇഷാനി കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമും കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തിയ ആശകള്‍ ആയിരം ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയത്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് വരുന്നത്. ആശാ ശരത്ത്, ഷെറഫുദ്ദീന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ സിനിമയില്‍ ഇഷാനി കൃഷ്ണയാണ് നായികയായെത്തിയത്.

Photo: ഇഷാനി കൃഷ്ണ/ Facebook

മമ്മൂട്ടി നായകനായ വണ്ണിന് ശേഷം ഇഷാനി ഭാഗമായ ചിത്രമായിരുന്നു ആശകള്‍ ആയിരം. ഇപ്പോള്‍ റെഡ്. എഫുമായുള്ള അഭിമുഖത്തില്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷം തനിക്ക് കിട്ടിയ പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇഷാനി കൃഷ്ണ.

‘ ആശ ചേച്ചി (ആശ ശരത്) എന്നെ വിളിച്ചിച്ചിരുന്നു. വളരെ സ്വീറ്റാണ് ആശ ചേച്ചി, സെറ്റിലും അങ്ങനെ തന്നെയായിരുന്നു. ചേച്ചി അമ്മയുടെ അടുത്ത് നമ്പര്‍ ചോദിച്ച് എന്ന വിളിച്ചിരുന്നു. ആശ ചേച്ചി എന്നോട് പറഞ്ഞു, ‘നല്ലവണ്ണം ഇഷ്ടപ്പെട്ടു, നല്ല രീതിയില്‍ ചെയ്തിട്ടുണ്ട്, ഇനിയും ഇതുപോലുള്ള റോളുകള്‍ കിട്ടട്ടെ’ എന്ന്.

പിന്നെ അച്ഛനെയും അമ്മയുമൊക്കെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആരൊക്കെയോ വിളിച്ചിരുന്നു. എന്റെ കുടുംബത്തില്‍ തന്നെ ഒരുപാട് അഭിനേതാക്കളുണ്ടല്ലോ, അച്ഛനും അഹാനയുമൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു,’ ഇഷാനി കൃഷ്ണ പറയുന്നു.

ഈ സിനിമയില്‍ തനിക്ക് ഒരുപാട് അഭിനയിക്കാനൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ സിമ്പിള്‍, സട്ടില്‍ സീനുകള്‍ കൈകാര്യം ചെയ്യാനും ഒരു കഴിവ് വേണമെന്ന് തന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും ഇഷാനി കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നീട് ആത്മവിശ്വാസം തോന്നുമെന്നും വണ്‍ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് ആ ആത്മവിശ്വാസം തോന്നിയിരുന്നുവെന്നും ഇഷാനി പറയുന്നു.

ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കിയ ആശകള്‍ ആയിരം നിര്‍മിച്ചത് ശ്രീ ഗോഗുകലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

Content Highlight: Ishani Krishna talks about the movie Aashakal Aiyaram and the response she received

We use cookies to give you the best possible experience. Learn more