| Sunday, 22nd June 2025, 2:54 pm

ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ക്കുമ്പോള്‍ അധികം ദൂരയല്ലാതെ അരങ്ങേറ്റം കളറാക്കാന്‍ ഇഷാന്‍ കിഷന്‍; കരിയറിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ മത്സരം കളിക്കുമ്പോള്‍ കൗണ്ടിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍. നോട്ടിങ്ഹാംഷെയറിന് വേണ്ടിയാണ് ഇഷാന്‍ കളത്തിലിറങ്ങുന്നത്. ഇന്ന് (ഞായര്‍) യോര്‍ക് ഷെയറിനെതിരെയാണ് ഇഷാന്‍ കൗണ്ടിയില്‍ കളത്തിലിറങ്ങുന്നത്.

‘ഇംഗ്ലണ്ടില്‍ ആദ്യമായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്. എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇത് നല്ലൊരു അവസരമായി ഞാന്‍ കണക്കാക്കുന്നു.

ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്ന് ഞാന്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ കളിക്കുന്നത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ ഏന്നെ സഹായിക്കും.

ട്രെന്റ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നാണ്. ഇവിടെ കളിക്കുന്നതില്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്,’ എന്നായിരുന്നു നോട്ടിങ്ഹാംഷെയറിനൊപ്പം ചേര്‍ന്നുകൊണ്ട് ഇഷാന്‍ കിഷന്‍ പറഞ്ഞത്.

ഇഷാന്‍ കിഷനെ പോലെ ഒരു താരത്തിന്റെ സേവനം ലഭിക്കുന്നതില്‍ തങ്ങള്‍ ഏറെ സന്തോഷവാനാണ് എന്നായിരുന്നു നോട്ട്‌സ് പരിശീലകന്‍ പീറ്റര്‍ മൂര്‍സിന്റെ വാക്കുകള്‍.

രണ്ട് മത്സരങ്ങളുടെ കരാറാണ് നിലവില്‍ ടീമുമായി ഇഷാന്‍ കിഷനുള്ളത്.

നിലവില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ വണ്ണില്‍ ഒന്നാം സ്ഥാനത്താണ് നോട്ടിങ്ഹാംഷെയര്‍. ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി 115 പോയിന്റുമായാണ് നോട്ട്‌സ് ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം, കളിച്ച ഏഴ് മത്സരത്തില്‍ ഒന്നില്‍ മാത്രം ജയിച്ച യോര്‍ക്‌ഷെയര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ പരാജയപ്പെടുകയും നാലെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തതോടെ 59 പോയിന്റാണ് യോര്‍ക് ഷെയറിനുള്ളത്.

നോട്ടിങ്ഹാംഷെയര്‍ പ്ലെയിങ് ഇലവന്‍

ഹസീബ് ഹമീദ് (ക്യാപ്റ്റന്‍), മുഹമ്മദ് അബ്ബാസ്, ഫര്‍ഹാന്‍ അഹമ്മദ്, ജോ ക്ലാര്‍ക്, ജെയിംസ് ഹെയ്‌സ്, ജാക്ക് ഹെയ്ന്‍സ്, ഇഷാന്‍ കിഷന്‍, ലിന്‍ഡന്‍ ജെയിംസ്, കോണര്‍ മെക്കര്‍, മാറ്റ് മോണ്ട്‌ഗോമെറി, ലിയാം പാറ്റേഴ്‌സണ്‍ വൈറ്റ്, ഡില്ലണ്‍ പെന്നിങ്ടണ്‍, ബെന്‍ സ്ലേറ്റര്‍.

യോര്‍ക്‌ഷെയര്‍ പ്ലെയിങ് ഇലവന്‍

ജോണി ബെയര്‍‌സ്റ്റോ, ഫിന്‍ ബീന്‍, ഡോം ബെസ്, ബെന്‍ കോഡ്, ഹാരി ഡ്യൂക്, ജോര്‍ജ് ഹില്‍, ആദം ലിത്ത്, ഡേവിഡ് മലന്‍, ഡാന്‍ മോറിയാര്‍ടി, വില്‍ ഒ റൂര്‍ക്, മാറ്റി റെവിസ്, ജെയിംസ് വാര്‍ടണ്‍, ജാക് വൈറ്റ്.

Content Highlight: Ishan Kishan to debut in County Championship for Nottinghamshire

We use cookies to give you the best possible experience. Learn more