| Saturday, 25th July 2026, 6:34 pm

തലപ്പത്ത് ചേട്ടൻ! ഇഷാന്റെ കൊടുങ്കാറ്റിലും ഇളകാതെ സഞ്ജുവിന്റെ സിംഹാസനം

സുദേവ് എ

സിംബാബ്‌വേക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ സിംബാബ്വേക്ക് 220 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റണ്‍സ് നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.

ഈ ഫിഫ്റ്റിക്ക് പിന്നാലെ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനും ഇഷാന് സാധിച്ചു. ആറ് 50+ സ്‌കോറുമായാണ് ഇഷാന്‍ കുതിക്കുന്നത്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. എട്ട് തവണയാണ് സഞ്ജു വിക്കറ്റ് കീപ്പറെന്ന നിലയില്‍ 50 കടന്നത്. മൂന്ന് 50+ സ്‌കോറുമായി കെ.എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തും രണ്ട് വീതം 50+ നേടി എം.എസ് ധോണിയും റിഷബ് പന്തും നാലാം സ്ഥാനത്തുമുണ്ട്.

തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സും സ്വന്തമാക്കി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടി.

സിംബാബ്‌വേ ബൗളിങ്ങില്‍ ബ്ലെസിങ് മുസരബാനി, റിച്ചാര്‍ഡ് നഗരവ, ബ്രാഡ് ഇവാന്‍സ്, ബ്രെയാന്‍ ബെന്നറ്റ്, ന്യൂമാന്‍ ന്യാംഹുരി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അതേസമയം ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമായിരുന്നു ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. മറുഭാഗത്ത് എന്ത് വിലകൊടുത്തും മത്സരം വിജയിച്ച് പരമ്പര പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് സിംബാബ്‌വേയും കളത്തിലിറങ്ങിയിരിക്കുന്നത്.

Content Highlight: Ishan Kishan set a huge record in T20 cricket for India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more