2026 ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. കോരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ സഞ്ജു സാംസണിന് പകരം യുവ താരം വൈഭവ് സൂര്യവംശിയെ ഓപ്പണിങ്ങിലിറക്കിയാണ് ഇന്ത്യ പുതിയ പരീക്ഷണം നടത്തിയത്. 21 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 38 റൺസാണ് യുവതാരം നേടിയെടുത്തത്.
അഭിഷേക് ശർമക്ക് വലിയ സംഭാവനകൾ ഒന്നും ടീമിനായി നൽകാൻ കഴിഞ്ഞില്ല. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു.
സഞ്ജു ഏഴ് റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 13 റണ്‍സും നേടി.ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പർ താരം ഇഷാൻ കിഷനാണ്. 46 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 80 റൺസ് നേടി താരം പുറത്താകാതെ നിന്നു.
ഇഷാൻ കിഷൻ
ഇതോടെ ഒരു ചരിത്ര നേട്ടം കൂടിയാണ് താരം സ്വന്തമാക്കിയത്. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി-20 റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇഷാൻ കിഷൻ.പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ ഇന്ത്യയുടെ മുൻ നായകൻ സൂര്യകുമാർ യാദവാണ്.
ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി-20 റൺസ് നേടിയവർ
( താരം, റൺസ്, വർഷം )
സൂര്യകുമാർ യാദവ് – 1164 – 2022
ഇഷാൻ കിഷൻ – 985 – 2026
അഭിഷേക് ശർമ – 859 – 2025
വിരാട് കോഹ്‌ലി – 781 – 2022
അഭിഷേക് ശർമ – 750 – 2026
ലങ്കയ്ക്ക് വേണ്ടി നുവാനിന്ദു ഫെര്‍ണാണ്ടോയ്ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 11 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇതോടെ ശ്രീലങ്കയുടെ സ്വർണത്തിലേക്കുള്ള യാത്ര അവസാനിക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസിലെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ആദ്യ ഫൈനലിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ ലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയും ഫൈനലില്‍ ഇടം നേടിയതോടെ മറ്റൊരു വമ്പന്‍ ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
Content Highlights: Ishan Kishan secured second place on the list of most T20 International runs scored for India in a single calendar year