| Sunday, 15th February 2026, 11:08 pm

കിഷന്റെ കിന്റലടിയില്‍ പിറന്നത് ചരിത്രം; പിന്തള്ളിയതാകട്ടെ ഇന്ത്യയുടെ അമരക്കാരനെയും!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സൂപ്പര്‍ 8ലേക്ക് പ്രവേശിച്ചിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ടീമിനെ വിജയം. ഇതോടെ മെന്‍ ഇന്‍ ബ്ലൂവിന് പാകിസ്ഥാന് മേലുള്ള തങ്ങളുടെ ആധിപത്യം തുടരാന്‍ സാധിച്ചു.

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ച വെച്ചത് ഇഷാന്‍ കിഷനാണ്. 40 പന്തില്‍ 77 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സുകളും പത്ത് ഫോറുകളും അടക്കമായിരുന്നു ഇടം കൈയ്യന്‍ ഓപ്പണറുടെ ഈ അഴിഞ്ഞാട്ടം. 192.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റേന്തിയത്.

ഇഷാൻ കിഷൻ. Photo: BCCI/x.com

ഈ പ്രകടനത്തോടെ ഇഷാന്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. ടി – 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് താരം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്. ഇതുവരെ ഈ റെക്കോര്‍ഡ് നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനായ ഗൗതം ഗംഭീറിന്റെ പേരിലായിരുന്നു. താരം 2007 ലോകകപ്പിലാണ് ഈ റെക്കോഡ് നേട്ടം കുറിച്ചത്.

ലോകകപ്പിന്റെ ഉദ്ഘാടന എഡിഷനില്‍ ഗംഭീര്‍ 75 റണ്‍സാണ് അടിച്ചെടുത്തത്. 54 പന്തുകള്‍ നേരിട്ടായിരുന്നു ഈ പ്രകടനം. അതിന് ശേഷം പല പല ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോഴും ഈ റെക്കോഡ് തകര്‍ന്നില്ല. അതാണ് ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കിഷന്‍ തിരുത്തി എഴുതിയത്.

2007 ലോകകപ്പിൽ കളിക്കുന്ന ഗൗതം ഗംഭീർ. Photo: Crictracker/x.com

കിഷന് പുറമെ, സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു. ഒപ്പം ശിവം ദുബെ 17 പന്തില്‍ 27 റണ്‍സും തിലക് വര്‍മ 24 പന്തില്‍ 25 റണ്‍സുമെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി.

സൂര്യകുമാർ യാദവ്. Photo: BCCI/x.com

പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാനായി തിളങ്ങിയത് ഉസ്മാന്‍ ഖാന്‍ മാത്രമാണ്. 34 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്. ഷഹീന്‍ 19 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യക്കായി ഹര്‍ദിക്, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവും തിലകും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

Content Highlight: Ishan Kishan registers the highest-ever individual score by an Indian opener against Pakistan in T20 World Cups

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more