| Friday, 19th December 2025, 12:28 pm

അവസരം ലഭിക്കാത്ത സഞ്ജുവിനെ തെരഞ്ഞുപിടിച്ച് വെട്ടാന്‍ ഇതാ അടുത്ത വിക്കറ്റ് കീപ്പര്‍; ലോകകപ്പില്‍ ഇവന്‍ തന്നെയോ?

ആദര്‍ശ് എം.കെ.

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സ്ഥിരമായി ബെഞ്ചില്‍ തന്നെയായിരുന്നു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സ്ഥാനം. ബി.സി.സി.ഐ വൈസ് ക്യാപ്റ്റന്റെ റോളില്‍ നൂലില്‍ കെട്ടിയിറക്കിയ ശുഭ്മന്‍ ഗില്‍ ഒന്നിന് പിന്നാലെ ഒന്നായി പരാജയപ്പെടുന്ന സാഹചര്യത്തിലും ഓപ്പണിങ്ങില്‍ അസാമാന്യ ട്രാക്ക് റെക്കോഡുള്ള സഞ്ജു ബെഞ്ചില്‍ തന്നെ തുടരുകയാണ്.

ഒറ്റ ഐ.പി.എല്‍ മത്സരം കാരണം ജീവിതം മാറിമറിഞ്ഞ ജിതേഷ് ശര്‍മയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിന്റെ സെമി ഫൈനലില്‍ ഹിമാലയന്‍ അബദ്ധമായ തീരുമാനമെടുത്ത് ടീമിനെ പരാജയപ്പെടുത്തിയിട്ടും സീനിയര്‍ ടീമില്‍ വേണ്ടത്ര തിളങ്ങാതിരുന്നിട്ടും സഞ്ജുവിനെ കളത്തിലിറക്കാന്‍ മാത്രം അപെക്‌സ് ബോര്‍ഡ് താത്പര്യം കാണിക്കുന്നില്ല.

മത്സരത്തിനിടെ ബെഞ്ചിലിരിക്കുന്ന സഞ്ജു സാംസണ്‍

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ സ്വയം തെളിയിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് ഒറ്റ പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ന്യൂസിലാന്‍ഡിനെതിരായ ഈ പരമ്പരയില്‍ ലോകകപ്പിനുള്ള ടീം തന്നെയാകും കളത്തിലിറങ്ങുക.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിനാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനോ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനോ ഉള്ള അവസരവും സഞ്ജുവിന് നഷ്ടപ്പെട്ടു.

എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ലോട്ടിലേക്ക് പുതിയ മത്സരാര്‍ത്ഥി എത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെ അവരുടെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

ഇഷാന്‍ കിഷന്‍ ഫൈനലിനിടെ

കഴിഞ്ഞ ദിവസം ഹരിയാനയ്‌ക്കെതിരെ നടന്ന കിരീടപ്പോരാട്ടത്തില്‍ 69 റണ്‍സിനാണ് ജാര്‍ഖണ്ഡ് വിജയം സ്വന്തമാക്കിയത്. ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹരിയാന 193ന് പുറത്തായി.

സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ജാര്‍ഖണ്ഡ് മികച്ച സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം 101 റണ്‍സ് നേടി. പത്ത് സിക്‌സറും ആറ് ഫോറും അടക്കം 206.12 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 38 പന്തില്‍ 81 റണ്‍സ് നേടിയ കുമാര്‍ കുശാഗ്രയുടെ ഇന്നിങ്‌സും മത്സരത്തില്‍ നിര്‍ണായകമായി.

കേവലം ഫൈനലില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തിയത്. പത്ത് ഇന്നിങ്‌സില്‍ നിന്നും 57.4 ശരാശരിയിലും 197.3 സ്‌ട്രൈക് റേറ്റിലും 510 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരനും ഇഷാന്‍ കിഷന്‍ തന്നെ.

അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മേലുള്ള പ്രതീക്ഷകളും ഏറെയാണ്. ഫേവറിറ്റിസം മാറ്റി നിര്‍ത്തി ടാലെന്റ് മാത്രം പരിഗണിച്ചാല്‍ വേള്‍ഡ് കപ്പ് നിലനിര്‍ത്താന്‍ പോന്ന താരങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ സെലക്ഷന്‍ ബോര്‍ഡും പരിശീലകനും അതിന് തയ്യാറാകുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Ishan Kishan performs well in Syed Mushtaq Ali Trophy

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more