| Thursday, 25th December 2025, 1:59 pm

വണ്ടറടിപ്പിച്ച തിരിച്ചുവരവ്; റേസില്‍ സഞ്ജുവിനൊപ്പം കിഷനും

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ വണ്ടറടിപ്പിച്ച ഒരു പേരുണ്ടായിരുന്നു… ഇഷാന്‍ കിഷന്‍.

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കിഷന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബി.സി.സി.ഐയുടെയും സെലക്ടര്‍മാരുടെയും തെരഞ്ഞെടുപ്പിന് കൈകൊടുക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു, അത്രയ്ക്കും അടിപൊളിയായിരുന്നു കിഷന്റെ തിരിച്ചുവരവ്.

വലിയ ഇടവേളയ്ക്ക് ശേഷം കഠിനാധ്വാനത്തിന്റെ കൊടുമുടി തൊട്ടുതന്നെയാണ് ഇഷാന്‍ ടീമിന്റെ പടിവാതിലിലെത്തിയത്. അതിന് ചെറിയൊരു കഥ കൂടി പറയേണ്ടി വരും…

2023ലായിരുന്നു കിഷന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്, അന്ന് ഓസ്‌ട്രേലിയയോടുള്ള ടി-20 മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായതിന് ശേഷം അയാള്‍ ‘നീല ജേഴ്‌സി’ അണിഞ്ഞിട്ടില്ല.

ഇഷാന്‍ കിഷന്‍, Photo: google.com

ആ കാലത്ത് ടീമില്‍ നിന്ന് ഇടവേളയെടുത്തതിനെ തുടര്‍ന്ന് ഇഷാന്‍ അച്ചടക്ക ലംഘനങ്ങള്‍ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം നിര്‍ണായകമാണെന്ന ബി.സി.സി.ഐയുടെ അറിയിപ്പും കിഷന്‍ വകവെച്ചില്ല. അന്ന് താരത്തിനൊപ്പെ ‘ക്രൈം പാര്‍ട്ണറായി’ ശ്രേയസ് അയ്യരുമുണ്ടായിരുന്നു.

മാനേജ്‌മെന്റിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ അവഗണിച്ച കിഷന്‍ രഞ്ജി ട്രോഫിയുള്‍പ്പെടെ കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തിരിച്ചുവരാന്‍ ഇഷാന് അവസരം ലഭിച്ചിരുന്നുവെങ്കിലും താന്‍ കരിയര്‍ ബ്രേക്കിലാണെന്നാണ് കിഷന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. ഇതോടെ 2024ലെ ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്ന് കിഷനെ പുറത്താക്കുകയായിരുന്നു.

ബി.സി.സി.ഐയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കിഷന്റെ പിന്നീടുള്ള നീക്കങ്ങളെല്ലാം. ആഭ്യന്തരമത്സരങ്ങളിലെല്ലാം ജാര്‍ഖണ്ഡിനായി മികച്ച പ്രകടനം നടത്തി കിഷന്‍ തിളങ്ങാന്‍ തീരുമാനിച്ചു. ബുച്ചി ബാബു ട്രോഫി മുതല്‍ രഞ്ജി ട്രോഫി വരെ എല്ലാ ടൂര്‍ണമെന്റുകളിലും താരം സാന്നിധ്യം അറിയിച്ചു.

2025 ഐ.പി.എല്ലില്‍ ഇഷാന്‍ കിഷന്‍ ഹൈദരാബാദിനായി സെഞ്ച്വറിയടിച്ചപ്പോള്‍

2025ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് സണ്‍ റൈസേഴ്‌സ് ഹൈദരബാദിലെത്തിയതോടെ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം അഗ്രസീവ് പ്ലേ കാഴ്ചവെച്ചും കിഷന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. 354 റണ്‍സായിരുന്നു സീസണില്‍ താരം അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയടക്കം ടീമിന്റെ റണ്‍വേട്ടക്കാരില്‍ നാലാമനാകാനും താരത്തിന് സാധിച്ചിരുന്നു.

ഈ കാലയളവില്‍ 2025ലെ ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍ കിഷന്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ വിലക്കപ്പെട്ട ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിന് ഇതൊന്നും പോരായിരുന്നു. ഒടുക്കം 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡിനെ കന്നി കിരീടമണിയിച്ചാണ് കിഷന്‍ വീണ്ടും കഴിവ് തെളിയിച്ചത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹരിയാനയെ 69 റണ്‍സിന് പരാജയപ്പെടുത്തിയാണ് ജാര്‍ഖണ്ഡ് കിരീടമുയര്‍ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹരിയാന 193 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാര്‍ഖണ്ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയതും. ഫൈനലില്‍ 49 പന്തില്‍ 10 സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് കിഷന്‍ മടങ്ങിയത്. 206.12 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം എതിരാളികളെ തല്ലിത്തകര്‍ത്തത്. നേരിട്ട 45ാം പന്തിലാണ് താരം സെഞ്ച്വറിയടിച്ചത്.

ഇഷാന്‍ കിഷന്‍, Photo: x.com

ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനമാണ് കിഷന്‍ നടത്തിയത്. 10 ഇന്നിങ്‌സില്‍ നിന്ന് 517 റണ്‍സ് നേടി ടൂര്‍ണമെന്റിലെ റണ്‍സ് വേട്ടക്കാരില്‍ ഒന്നാമനും കിഷനായിരുന്നു. ഈ മിന്നും പ്രകടനം താരത്തിന് വലിയ വഴിത്തിരിവാകുകയായിരുന്നു. 2026 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ പലരും കഷ്ടപ്പെടുമ്പോള്‍ കിഷന്റെ മികവും സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലായിരുന്നു. ലോകകപ്പിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കിഷനും ഇടം നേടി.

എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല എന്ന് ഇഷാന്‍ വീണ്ടും പറഞ്ഞുവെച്ചു, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയാണ് താരം തന്റെ പേര് ഉയര്‍ത്തിക്കാട്ടിയത്.

മത്സരത്തില്‍ ആറാമനായി ഇറങ്ങിയ താരം 39 പന്തില്‍ നിന്ന് 14 സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് അടിച്ചെടുത്തത്. 320.51 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്. വെറും 33 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോട വിജയ് ഹസാരെ ട്രോഫിയില്‍ അതിവേഗം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനും കിഷന് സാധിച്ചു.

ഒരിക്കല്‍ ടീമില്‍ നിന്ന് പുറത്തായ കിഷന്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ് സ്റ്റൈലിഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലക്ഷ്യം വെക്കുന്നത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റേസിലേക്ക് കിഷനും കൂടി വരുമ്പോള്‍ ‘വെടിക്കെട്ട് പൂരം’ ഏറെ ആവേശമാകുമെന്നതും എടുത്ത് പറയേണ്ടതാണ്. ഇനി 2026ലെ ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ന്യൂസിലാന്‍ഡ് പരമ്പരയാണ് ഇന്ത്യയ്ക്കുള്ളത്. കിഷനേയും സഞ്ജുവിനേയും ഗംഭീര്‍-അഗാര്‍ക്കര്‍ പാനല്‍ എങ്ങനെ ഉപയോഗിക്കുമെന്നത് കണ്ടറിയേണ്ടിവരും.

Content Highlight: Ishan Kishan makes a grand comeback to the Indian cricket team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more