ഐ.പി.എല്ലിലെ ഓപ്പണിങ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു കൈക്കലാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു ബെംഗളൂരു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്സും അനികേത് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് തുണയായത്.
ഇഷാന്‍ 38 പന്തില്‍ അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഐ.പി.എല്ലില്‍ ക്യാപ്റ്റനായി അരങ്ങേറിയ ഇഷാന്‍ തോല്‍വി രുചിച്ചെങ്കിലും ഒരു വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ താരം കാലെടുത്ത് വെച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമാകാനാണ് കിഷന് സാധിച്ചത്.
ഈ ലിസ്റ്റില്‍ ഒന്നാമന്‍ സൂപ്പര്‍ താരം സഞ്ജു സാംസണാണ്. രാജസ്ഥാന് വേണ്ടി 2021ല്‍ ക്യാപ്റ്റന്‍നായി അരങ്ങേറ്റം കുറിച്ച് പഞ്ചാബിനെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു കളം വിട്ടത്. ഐ.പി.എല്ലില്‍ മറ്റൊരു താരത്തിനും ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ സെഞ്ച്വറിയില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്.
സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്) – 119 – പഞ്ചാബ് കിങ്‌സ് – 2021
മായങ്ക് അഗര്‍വാള്‍ (പഞ്ചാബ് കിങ്‌സ്) – 99* – ദല്‍ഹി ക്യാപിറ്റല്‍സ് – 2021
ശ്രേയസ് അയ്യര്‍ (ദല്‍ഹി ക്യാപിറ്റല്‍സ്) – 93* – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2018
ഫാഫ് ഡു പ്ലെസി (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു) – 88 – പഞ്ചാബ് കിങ്‌സ് – 2022
കിറോണ്‍ പൊള്ളാഡ് (മുംബൈ ഇന്ത്യന്‍സ്) – 83 – പഞ്ചാബ് കിങ്‌സ് – 2019
ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) – 80 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2026
ഹൈദരാബാദിനായി അനികേത് 18 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഹെന്റിക്ക് ക്ലാസന്‍ 22 പന്തില്‍ 31 റണ്‍സും ചേര്‍ത്തു. ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് ഒമ്പത് പന്തില്‍ 11 റണ്‍സെടുത്തു.
അതേസമയം ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലുമാണ്. 38 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടെ 69* റണ്‍സ് നേടി പുറത്താകാതെ വിരാട് ടീമിന്റെ ടോപ് സ്‌കോററായി.
മത്സരത്തില്‍ പടിക്കല്‍ 26 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 61 റണ്‍സെടുത്ത് ദേവദത്ത് പടിക്കലും തിളങ്ങി. ഇവര്‍ക്കൊപ്പം രജത് പടിദാര്‍ (12 പന്തില്‍ 31), ടിം ഡേവിഡ് (10 പന്തില്‍ 16*) റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി.
ഹൈദരാബാദിനായി ഡേവിഡ് പൈയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയദേവ് ഉനദ്കട്ടും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.
ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി. അതേസമയം ഫീല്‍ഡില്‍ങ്ങില്‍ ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് ബൗണ്ടറി ലൈനില്‍ നിന്ന് രണ്ട് കിടിലന്‍ ക്യാച്ചുകളെടുത്ത് പ്രശംസ പിടിച്ചുപറ്റി.
Content Highlight: Ishan Kishan joins Sanju Samson’s record list In IPL History