സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 90 റണ്‍സിന് സിംബാബ്‌വേയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്.
ടി-20 ലോകകപ്പിന് ശേഷം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ വിജയിക്കുന്ന ആദ്യ പരമ്പരയാണിത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 129 റണ്‍സിന് പുറത്തായി.
ആദ്യംബാറ്റ് ചെയ്ത ഇന്ത്യ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെയും തിലക് വര്‍മയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്. മത്സരത്തിലെ താരവും കിഷനായിരുന്നു. ഇതോടെ ഒരു കിടിലന്‍ നേട്ടത്തില്‍ മുന്നേറാനും കിഷന് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ സ്വന്തം റെക്കോഡ് മെച്ചപ്പെടുത്താനാണ് കിഷന് സാധിച്ചത്. ഈ നേട്ടത്തില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. അഞ്ച് തവണയാണ് സഞ്ജു പി.ഒ.ടി.എം നേടിയത്.
സഞ്ജു സാംസണ്‍ – 5
ഇഷാന്‍ കിഷന്‍ – 3*
ദിനേശ് കാര്‍ത്തിക് – 1
റിഷബ് പന്ത് – 1
കെ.എല്‍. രാഹുല്‍ – 1
അതേസമയം മത്സരത്തില്‍ തിലക് വര്‍മ 29 പന്തില്‍ പുറത്താവാതെ 60 റണ്‍സാണ് സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 റണ്‍സും വൈഭവ് സൂര്യവംശി 20 റണ്‍സും നേടി.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ അഭിഷ്‌ക് ശര്‍മയ്ക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എട്ട് പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. എന്നാല്‍ ബൗളിങ്ങില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 6.00 എന്ന എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.
താരത്തിന് പുറമേ യാഷ് താക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും രവി ബിഷ്‌ണോയ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു. സിംസാബ്‌വേയ്ക്ക് വേണ്ടി 32 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് ടോപ് സ്‌കോറര്‍.
ഇന്നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക. മറുഭാഗത്ത് സിംബാബ്‌വേ ആശ്വാസ ജയമാവും ലക്ഷ്യമിടുക.
Content Highlight: Ishan Kishan Better His Record In T-20 For India As Wicket Keeper