| Sunday, 1st February 2026, 3:29 pm

അടിച്ചെടുത്തത് സെഞ്ച്വറി മാത്രമല്ല, അപൂര്‍വ നേട്ടം കൂടിയാണ്; കിഷന്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം!

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയിലെ നാല് മത്സരങ്ങളും ടീമിന് സ്വന്തമാക്കാനായി.

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും ബാറ്റിങ് കാഴ്ച വെച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. താരം തന്റെ കന്നി ടി – 20 സെഞ്ച്വറിയടിച്ചാണ് കാര്യവട്ടത്ത് വിരുന്നൊരുക്കിയത്. 43 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പത്ത് സിക്‌സുകളും ആറ് ഫോറുമടക്കമാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്സ്.

ഇഷാൻ കിഷൻ.  Photo: BCCI/x.com

ഈ സെഞ്ച്വറിയോടെ ഇഷാന്‍ ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിച്ചു. മറ്റൊന്നുമല്ല, ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി – 20 സെഞ്ച്വറിയും സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററും പേര് ചേര്‍ത്തത്. 2022ല്‍ ബംഗ്ലാദേശിന് എതിരായാണ് താരം 50 ഓവര്‍ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയത്.

കിഷന് മുമ്പ് ആറ് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (ഇന്ത്യ), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലാന്‍ഡ്), ശുഭ്മന്‍ ഗില്‍ (ഇന്ത്യ), ഗ്ലെന്‍ മാക്സ്വെല്‍ (ഓസ്‌ട്രേലിയ), പാത്തും നിസ്സങ്ക (ശ്രീലങ്ക) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം, കിഷനൊപ്പം സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കായി മികച്ച ബാറ്റിങ് നടത്തിയിരുന്നു. സൂര്യ 30 പന്തില്‍ 63 റണ്‍സ് ഹര്‍ദിക് 17 പന്തില്‍ 42 റണ്‍സും സ്‌കോര്‍ ചെയ്തു.

സൂര്യകുമാർ യാദവ്. Photo: BCCI/x.com

മറുപടി ബാറ്റിങ്ങില്‍ കിവീസിനായി ഫിന്‍ അലന്‍ 38 പന്തില്‍ 80 റണ്‍സും രചിന്‍ രവീന്ദ്ര 17 പന്തില്‍ 30 റണ്‍സുമായി പൊരുതി. എന്നാല്‍, അതൊന്നും ടീമിനെ വിജയിപ്പിച്ചില്ല.

ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. താരം അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തിയും റിങ്കു സിങ്ങും ഒരോ വിക്കറ്റ് വീതവും നേടി.

Content Highlight: Ishan Kishan became seventh player to hit double century in ODI and century in T20I

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more