തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം 2026ലെ ആദ്യ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ ആസ്പദമാക്കി മലയാളത്തിലൊരുങ്ങിയ ആദ്യ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റിയും അതിനൊത്ത മേക്കിങ്ങുമാണ് ചത്താ പച്ചയെ മനോഹരമാക്കുന്നത്.
അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ഇഷാന്‍ ഷൗക്കത്തും ചത്താ പച്ചയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാര്‍ക്കോയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഇഷാന്‍ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പടക്കളത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ചിത്രത്തിലെ ലിജോ എന്ന കഥാപാത്രം വലിയ റീച്ചാണ് സമ്മാനിച്ചത്.
ചത്താ പച്ചയിലും ഇഷാന്‍ ഞെട്ടിച്ചിട്ടുണ്ട്. ലിറ്റില്‍ എന്ന കഥാപാത്രം ഇഷാനില്‍ ഭദ്രമായിരുന്നു. റെസ്‌ലിങ് പ്രധാന തീമായി എത്തിയ ചിത്രത്തില്‍ തന്റെ ഭാഗം ഗംഭീരമാക്കാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി ബോഡി സെറ്റ് ചെയ്തതെല്ലാം കൈയടി അര്‍ഹിക്കുന്ന കാര്യമാണ്. അര്‍ജുന്‍ അശോകനുമൊത്തുള്ള ആക്ഷന്‍ സീനുകളില്‍ ഇഷാന്റെ ഫ്‌ളെക്‌സിബിളിറ്റിയും എടുത്തുപറയേണ്ടതാണ്. ഇന്റര്‍വെല്‍ ഫൈറ്റിനിടയിലെ ജോണ്‍ സീന റഫറന്‍സെല്ലാം തിയേറ്ററില്‍ കൈയടിയുണ്ടാക്കിയ കാര്യങ്ങളാണ്.
ചില റിവ്യൂകളില്‍ പ്രൊഡ്യൂസര്‍ ക്വാട്ടയില്‍ കയറിപ്പറ്റിയ ആളാണ് ഇഷാനെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ മീറ്റര്‍ ഒരിടത്തും ഇഷാനില്‍ നിന്ന് വിട്ടുപോയിരുന്നില്ല. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഷിഹാന്‍ ഷൗക്കത്ത് ഇഷാന്റെ സഹോദരനാണ്. ഇക്കാരണം കൊണ്ടാണ് പ്രൊഡ്യൂസര്‍ ക്വാട്ടയില്‍ കയറിപ്പറ്റിയെന്ന വിമര്‍ശനം ഇഷാന്‍ കേള്‍ക്കേണ്ടി വന്നത്.
എന്നാല്‍ ഹാര്‍ഡ്‌വര്‍ക്ക് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും കഥാപാത്രത്തെ തന്നാലാകും വിധം ഇഷാന്‍ ഗംഭീരമാക്കിയിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സാവിയോ, റോഷന്റെ വെട്രി എന്നീ കഥാപാത്രങ്ങള്‍ക്കൊപ്പം മനസില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു ഇഷാന്റെ ലിറ്റില്‍. ഇതാദ്യമായല്ല ഇഷാന്‍ വിമര്‍ശനം നേരിടുന്നത്.
പടക്കളത്തിലെ ക്ലൈമാക്‌സ് സോങ്ങില്‍ ഇഷാന്റെ ഡാന്‍സിനെതിരെ പല ട്രോളുകളും ഉയര്‍ന്നിരുന്നു. അത്രയും ടെന്‍ഷന്‍ ബില്‍ഡ് ചെയ്ത ക്ലൈമാക്‌സില്‍ ഇഷാന്റെ ഡാന്‍സ് കല്ലുകടിയായെന്നായിരുന്നു പരാതി. എന്നാല്‍ അവസാനനിമിഷം കൊറിയോഗ്രാഫര്‍ മാറിയതിനാലാണ് ഡാന്‍സ് അങ്ങനെയായതെന്ന് വിശദീകരിച്ചുകൊണ്ട് നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളെയെല്ലാം അതിജീവിച്ച് ഇഷാന്‍ വരുംകാലങ്ങളില്‍ ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരിടം നേടുമെന്ന് കരുതാം.
Content Highlight: Ishaan Shoukath’s performance in Chatha Pacha