വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഇഷ തല്‍വാര്‍. ബോളിവുഡിലും തിരക്കുള്ള നടിയാണ് ഇഷ. വെബ്സീരിസായ മിര്‍സാപുരിലെ ഇഷയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡില്‍ സജീവമായിരിക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇഷ തല്‍വാര്‍.
തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുന്നത് ഹിന്ദിയില്‍ നിന്നായതുകൊണ്ടാണ് ബോളിവുഡില്‍ സജീവമാകുന്നതെന്ന് ഇഷ പറയുന്നു. ഹിന്ദിയില്‍ നിന്ന് തനിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു മിര്‍സാപുരിലേതെന്നും ആ കഥാപാത്രത്തിനായി ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയതെന്നും നടി പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇഷ തല്‍വാര്‍.
‘തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നത് ഹിന്ദിയില്‍ നിന്നായതുകൊണ്ടാണ് ബോളിവുഡില്‍ സജീവമാകുന്നത്. വെബ് സീരിസുകള്‍ മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇതുതന്നെയാണ് ആ ചോദ്യത്തിന്റെയും ഉത്തരം. കേള്‍ക്കുന്ന കഥകളില്‍ ഇഷ്ടപ്പെടുന്നവ ചെയ്യുകയാണ് എന്റെ രീതി. അതിനപ്പുറത്തേക്ക് പ്രത്യേക തീരുമാനങ്ങളൊന്നുമില്ല.
ഹിന്ദിയില്‍ നിന്ന് എനിക്ക് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു മിര്‍സാപുരിലേത്. ഓഡീഷന്‍ വഴിയാണ് വെബ്സീരിസായ മിര്‍സാപുരിലേക്ക് എത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെറിയ വേഷമാകുമെന്നാണ് കരുതിയത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ആഴവും പ്രാധാന്യവും മനസിലായത്. മാധുരി യാദവിനെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് മനസ് പറഞ്ഞു.
മുംബൈയിലെ നഗരജീവിതം കണ്ടു വളര്‍ന്ന എനിക്ക് യു.പിയിലെ ഉള്‍ഗ്രാമത്തില്‍ ജീവിക്കുന്ന മാധുരിയാകാന്‍ പരിശീലനം ആവശ്യമായിരുന്നു. മാധുരിയെ പൂര്‍ണതയോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഒരുപാട് പരിശ്രമിച്ചു. ഇതിനായി ധാരാളം വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കുകയും യു.പിയിലെ ആളുകളുടെ സംസാരശൈലി സുഹൃത്തുക്കളില്‍ നിന്ന് കേട്ടു പഠിക്കുകയും ചെയ്തു.
മൂന്നുമാസത്തിന് ശേഷം മിര്‍സാപൂരിന്റെ സെറ്റിലേക്കെത്തിയപ്പോള്‍ ഒട്ടും അപരിചിതത്വം തോന്നിയില്ല. ശരിക്കുമൊരു യു.പിക്കാരി കുട്ടിയായതുപോലെ. തയാറെടുപ്പുകളുടെ ഫലം തീര്‍ച്ചയായും കഥാപാത്രത്തിനും എനിക്കും ലഭിച്ചു,’ ഇഷ തല്‍വാര്‍ പറയുന്നു.
Content Highlight: Isha Talwar Says She Gets More Opportunity In Bollywood