| Thursday, 1st January 2026, 12:29 pm

ഹിന്ദിയിലെ തന്ത്രങ്ങള്‍ ചോര്‍ത്താമെന്ന് പഞ്ചാബിയായ ഞാന്‍ കരുതി, പക്ഷേ സഞ്ജു തമിഴില്‍ നിര്‍ദേശം കൈമാറി ഞങ്ങളെ തളര്‍ത്തി; ന്യൂസിലാന്‍ഡ് താരം

ആദര്‍ശ് എം.കെ.

കളിക്കളത്തില്‍ സ്വന്തം സ്ട്രാറ്റജി കൃത്യമായി നടപ്പിലാക്കുന്നതിനൊപ്പം എതിരാളികളുടെ തന്ത്രങ്ങളെ കുറിച്ചുള്ള സൂചന കൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ എന്തെളുപ്പമാകുമല്ലേ. എന്നാല്‍ എതിര്‍ ടീം ആശയവിനിമയം നടത്തുന്നത് മനസിലാക്കാന്‍ സാധിച്ചാലോ, ഇതിലും വലിയൊരു അഡ്വാന്റേജ് വേറെയുണ്ടാകില്ല.

ഇത് കൃത്യമായി ബോധ്യമുള്ളതിനാലാണ് ഇന്ത്യ എല്ലായ്‌പ്പോഴും ഹിന്ദിയില്‍ കമ്യൂണിക്കേഷന്‍ നടത്താറുള്ളത്. ഒരു മികച്ച പന്തെറിഞ്ഞാലുള്ള അഭിനന്ദനവും തെറ്റ് വരുത്തിയാലുള്ള ശകാരവുമെല്ലാം ഹിന്ദിയില്‍ തന്നെയാണ്.

ടീം ഇന്ത്യ

എങ്ങനെ പന്തെറിയണമെന്നതടക്കമുള്ള ചര്‍ച്ചകളെല്ലാം തന്നെ ഇന്ത്യന്‍ ടീം ഹിന്ദിയിലാണ് നടത്താറുള്ളത്. വളരെ പെട്ടെന്ന് സന്ദേശം കൈമാറേണ്ട സാഹചര്യത്തില്‍ ഹിന്ദിയില്‍ തന്നെ അവര്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്യും.

കളത്തില്‍ ഇന്ത്യയുടെ ഈ ട്രിക്ക് മറികടക്കാന്‍ എതിര്‍ ടീമുകള്‍ പ്രധാന വാക്കുകള്‍ പഠിച്ചുവെക്കാറുമുണ്ട്. എന്നാല്‍ എതിര്‍ ടീമില്‍ ഇന്ത്യന്‍ വംശജരായ താരങ്ങളുണ്ടെങ്കില്‍ അവരോട് ഇന്ത്യയുടെ ഹിന്ദി ട്രിക്ക് അത്രകണ്ട് വര്‍ക്കാകണമെന്നില്ല.

ന്യൂസിലാന്‍ഡിലെ രചിന്‍ രവീന്ദ്ര, ഇഷ് സോധി, സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ്, മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ വംശജരായ താരങ്ങളാണ്.

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കൃത്യമായി അറിയാം. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഇഷ് സോധിക്കെതിരെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പുറത്തെടുത്ത ട്രിക്ക് അത്തരത്തിലൊന്നായിരുന്നു.

സഞ്ജു സാംസണ്‍. Photo: Rajasthan Royals/x.com

ഒരിക്കല്‍ ഒരു മത്സരത്തിനിടെ തനിക്ക് ഹിന്ദി അറിയാം എന്ന് എതിര്‍ ടീം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ്‍ മനസിലാക്കിയെന്നും എന്നാല്‍ തങ്ങള്‍ അഡ്വാന്റേജ് മുതലെടുക്കാതിരിക്കാന്‍ താരം തമിഴില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഇഷ് സോധി.

മുമ്പ് പ്രൈം സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സോധി സഞ്ജുവിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് സംസാരിച്ചത്.

ഇഷ് സോധി.

‘പെട്ടെന്ന് സഞ്ജു സാംസണ്‍ തമിഴ് സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഞാന്‍ അല്‍പം അസ്വസ്ഥനായി. കാരണം ഇവര്‍ ഹിന്ദിയില്‍ പറയുന്നതെല്ലാം തന്നെ മനസിലാക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ ഇത് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു,’ ഇഷ് സോധി പറയുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സോധി സഞ്ജുവിനൊപ്പം കുറച്ചു സീസണില്‍ കളത്തിലിറങ്ങുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവും സോധിയും

പഞ്ചാബിലെ ലുധിയാനയിലാണ് ഇഷ് സോധി ജനിച്ചത്. താരത്തിന് നാല് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ന്യൂസിലാന്‍ഡിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.

Content Highlight: Ish Sodhi on how Sanju Samson ruined his tactics

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more