അന്താരാഷ്ട്ര ടി-20യില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഇഷ് സോധി. സിംബാബ്‌വേ ട്രൈനേഷന്‍ സീരീസില്‍ സിംബാബ്‌വേക്കെതിരെ നാല് വിക്കറ്റ് പൂര്‍ത്തിയാക്കിയതോടെയാണ് സോധി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20കളില്‍ 150 വിക്കറ്റ് നേടുന്ന മൂന്നാമത് മാത്രം താരവും രണ്ടാമത് ന്യൂസിലാന്‍ഡ് താരവുമാണ് സോധി.
കരിയറിലെ 121ാം ഇന്നിങ്‌സിലാണ് ഇഷ് സോധി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 22.52 എന്ന ബൗളിങ് ശരാശരിയിലും 16.99 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ ലെഗ് ബ്രേക്കര്‍ പന്തെറിയുന്നത്. കരിയറില്‍ നാല് തവണ നാല് വിക്കറ്റ് നേട്ടവും ഇന്ദര്‍ബീര്‍ സിങ് സോധി എന്ന ഇഷ് സോധി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് സിംബാബ്‌വേക്കെതിരെ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ മികച്ച ബൗളിങ് പ്രകടനം.
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ടീം സൗത്തി – ന്യൂസിലാന്‍ഡ് – 123 – 164
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 96 – 161
ഇഷ് സോധി – ന്യൂസിലാന്‍ഡ് – 121 – 150*
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 126 – 149
മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 110 – 139
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 122 – 135
ഈ പട്ടികയില്‍ 23ാം സ്ഥാനത്താണ് ആദ്യ ഇന്ത്യന്‍ താരമുള്ളത്. 99 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്ങാണ് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ടിം സീഫെര്‍ട്ടും രചിന്‍ രവീന്ദ്രയും മികച്ച പ്രകടനം കാഴ്ചവെച്ചു.
സീഫെര്‍ട്ട് 45 പന്തില്‍ 75 റണ്‍സും രവീന്ദ്ര 39 പന്തില് 63 റണ്‍സും നേടി. 16 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെല്ലാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
സിംബാബ്‌വേക്കായി റിച്ചാര്‍ഡ് എന്‍ഗരാവ നാലും ടിനോടെന്‍ഡ മപോസ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്‌റോണ്‍സ് 130ന് പുറത്തായി. 30 പന്തില്‍ 40 റണ്‍സ് നേടിയ ടോണി മുന്യോംഗയാണ് ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ഇഷ് സോധി നാല് വിക്കറ്റെടുത്തപ്പോള്‍ മാറ്റ് ഹെന്‌റി രണ്ട് വിക്കറ്റും നേടി. സാക്രി ഫോള്‍ക്‌സ്, വില്‍ ഒ റൂര്‍ക്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Ish Sodhi completed 150 T20I wickets