ചെന്നൈ: കാര്‍ത്തിയെയും ജ്യോതികയെയും പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തമ്പിയുടെ ട്രെയ്‌ലര്‍ ഇന്നാണ് പുറത്തുവന്നത്.
എന്നാല്‍ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ മറ്റൊരു ചോദ്യം വരുന്നുണ്ട്. മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ കഥയാണോ തമ്പിയുടെത് എന്ന്.
തമ്പിയുടെ ട്രെയ്‌ലര്‍ മമ്മൂട്ടിയും റഹ്മാനും പ്രധാനവേഷത്തില്‍ എത്തിയ ചരിത്രം എന്ന സിനിമയുടെ കഥയോര്‍മ്മിപ്പിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട രാജുവെന്ന കഥാപാത്രം പെട്ടന്ന് ഒരു നാള്‍ തിരികെ വരുന്നതാണ് ചരിത്രം എന്ന സിനിമയുടെ കഥ. റഹ്മാനായിരുന്നു രാജുവായത്. മമ്മൂട്ടിയുടെ അനുജനായിട്ടായിരുന്നു റഹ്മാന്‍ അഭിനയിച്ചത്. എസ്.എന്‍ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ജി.എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്.
പാപനാശത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് തമ്പി. കാര്‍ത്തിക്കും ജ്യോതികയ്ക്കുമൊപ്പം നടന്‍ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിയാകോം 18 സ്റ്റുഡിയോസിനൊപ്പം ജ്യോതികയുടെ സഹോദരന്‍ സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയ്യറ്ററുകളിലെത്തുക.