കണ്ണൂര്‍: കേരളത്തിലെ ആരോഗ്യ രംഗത്തിനും ആരോഗ്യമന്ത്രി വീണ ജോര്‍ജിനുമെതിരെ സമരം ചെയ്യുന്ന കെ.എസ്.യു നേതാവ് പങ്കിട്ട ചിത്രം യു.ഡി.എഫിനെ തിരിഞ്ഞുകൊത്തുന്നു.
ആരോഗ്യ മന്ത്രിക്കെതിരെ സമരം ചെയ്തത് ഹീറോയിസമായി അവതരിപ്പിച്ച് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്‍ വി.പി. അബ്ദുല്‍ റഷീദ് പങ്കിട്ട സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മന്ത്രിക്കെതിരായ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞവരെ പരിഹസിച്ചുകൊണ്ട് അബ്ദുല്‍ റഷീദ് ഫേസ്ബുക്കില്‍ പങ്കിട്ട ചിത്രത്തില്‍ കെ.എസ്.യു നേതാക്കളേക്കാള്‍ ഫോളോവേഴ്‌സ് ശ്രദ്ധിച്ചത് സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങളാണെന്ന് മാത്രം.
അബ്ദുല്‍ റഷീദിന്റെ ചിത്രത്തിന് താഴെ ഇത് പ്രൈവറ്റ് ആശുപത്രിയാണോ? ജില്ലാ ആശുപത്രി തന്നെയല്ലേ ഇത് അതോ പഞ്ചനക്ഷത്ര ഹോട്ടലാണോ? തുടങ്ങിയ ചോദ്യങ്ങളും, ഒറ്റനോട്ടത്തില്‍ എയര്‍പോര്‍ട്ടാണെന്ന് തോന്നിയെന്നും സര്‍ക്കാര്‍ ആശുപത്രിക്കൊക്കെ എന്താ ലുക്ക്! തുടങ്ങിയ പ്രശംസകളും പലരും കമന്റായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ കിട്ടുന്ന ഈ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായിട്ടാണ് ഇവര്‍ മന്ത്രിയെ ആക്രമിച്ചതെന്നും പലരും വിമര്‍ശിക്കുന്നു. ഇങ്ങനെ ഒരു ജില്ലാ ആശുപത്രി യു.ഡി.എഫിന്റെ ഭരണകാലത്ത് ണ്ടിട്ടുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയുടെ വൃത്തിയും സൗകര്യങ്ങളുമെല്ലാം ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തില്‍ നിന്നും വ്യക്തമാകുമെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.
ആദ്യം ഇത് കാണുമ്പോള്‍ ഒരു സ്വകാര്യ ആശുപത്രി ആണെന്നാണ് ധരിച്ചത്. പിന്നെ ഈ യൂത്തന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് അത് സര്‍ക്കാര്‍ ജില്ലാ ആശുപത്രി ആണെന്ന് മനസ്സിലായത്. ഇത്രയും സൗകര്യം ഉള്ളതും വൃത്തിയുള്ളതുമായ സര്‍ക്കാര്‍ ആശുപത്രികള്‍ കേരളത്തില്‍ ഉള്ളതെന്ന് ഇവന്റെ പോസ്റ്റില്‍ നിന്ന് തന്നെ വ്യക്തമായി.
ശവ ശരീരങ്ങളുടെ കൂടെ രോഗികളെ കിടത്തിയ ആ ഇരുണ്ട കാലം ഒരുപാട് മാറി എന്ന് വ്യക്തം. ഈ സംവിധാനങ്ങള്‍ക്കെതിരാണ് ഇക്കൂട്ടര്‍ സമരം ചെയ്യുന്നതെന്നായിരുന്നു അബ്ദുല്‍ റഷീദിന്റെ പോസ്റ്റിന് താഴെ അഖില്‍ ഒ.വിയെന്ന ഒരു ഫേസ്ബുക്ക് ഐ.ഡിയില്‍ നിന്നും വന്ന കമന്റ്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി ബുധനാഴ്ച രാത്രി വൈദ്യപരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കെ.എസ്.യു പ്രവര്‍ത്തകരുടെ ചിത്രമാണ് അബ്ദുല്‍ റഷീദ് പങ്കുവെച്ചിരുന്നത്.
അറസ്റ്റിലായ കെ.എസ്.യു ജില്ലാ അധ്യക്ഷനുള്‍പ്പടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാനായി എത്തിയ പ്രവര്‍ത്തകരെ ബൂസ്റ്റ് ചെയ്യാനായി പോസ്റ്റ് ചെയ്ത ചിത്രം പക്ഷെ, സര്‍ക്കാര്‍ ആശുപത്രിയുടെ മേന്മയില്‍ മുങ്ങിപ്പോവുകയായിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ രംഗം വളരെ മോശമാണെന്നും നിരവധി വീഴ്ചകളാണ് സംഭവിക്കുന്നതെന്നും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമൊക്കെ ചൂണ്ടിക്കാണിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരപരിപാടികള്‍ക്കിടെയാണ് കെ.എസ്.യു നേതാവിന്റെ ഒരു ചിത്രത്തിന്റെ പേരില്‍ ട്രോളുകള്‍ ലഭിക്കുന്നത്.
അതേസമയം, വിരലിലെണ്ണാവുന്ന പിഴവുകളുടെ പേരില്‍ മുഴുവന്‍ ആരോഗ്യരംഗത്തെയും കേരളത്തിലെ സാധാരണക്കാര്‍ക്ക് ആശ്രയമായ സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെയും തകര്‍ക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്ന് ഡി.വൈ.ഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് കുറ്റപ്പെടുത്തി.
Content Highlight: Is this an airport or a government hospital? A picture shared by a KSU leader has sparked debate