തിരുവനന്തപുരം: നടൻ മോഹൻലാലിനെ ആദരിക്കാനായി കേരള സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിയിലെ സംസ്ഥാന സർക്കാറിന്റെ ചെലവ് കണക്കുകൾ പറഞ്ഞു താരത്തെ അധിക്ഷേപിക്കരുതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
ഇന്ത്യൻ സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച നടൻ മോഹൻലാലിനെ ഒക്ടോബർ നാലിനാണ് വാനോളം ലാൽസലാം എന്ന ചടങ്ങിൽ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചിരുന്നത്.
പരിപാടിക്ക് രണ്ടുകോടി 84 ലക്ഷം രൂപ ചെലവായെന്ന വാർത്തയ്ക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ നടനാണ് മോഹൻലാലെന്നും അദ്ദേഹത്തെ ആദരിക്കുന്ന പരിപാടിയിൽ രണ്ടുകോടി 84 ലക്ഷം രൂപ ചെലവായതിൽ ഇത്രയും ആക്ഷേപങ്ങൾ നടത്തേണ്ട കാര്യമുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു.
‘രണ്ടുകോടി 84 ലക്ഷമൊന്നും മോഹന്‍ലാലിന്റെ പരിപാടിക്ക് ചെലവായിട്ടില്ല. ആ തുകയുടെ പകുതിയില്‍ താഴെയേ ചിലവ് വന്നിട്ടുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്.
ഇനി അത്രയും തുക ചെലവഴിച്ചാല്‍ തന്നെ എന്തിനാണ് പ്രയാസപ്പെടുന്നത്.
മലയാളത്തെ വാനോളമുയര്‍ത്തിയ മഹാനായ നടന് വേണ്ടിയല്ലേ,’ അദ്ദേഹം പറഞ്ഞു.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എത്ര കോടിയാണ് കിട്ടുന്നതെന്നും ഇത്തരം ആക്ഷേപങ്ങൾ കേരളത്തിനും മലയാളികൾക്കും നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിങ്ങൾ ഒരു ചെറിയ മനുഷ്യനായാണോ മോഹൻലാലിനെ കാണുന്നത്. അദ്ദേഹം വലിയ മനുഷ്യനാണ്.എ.കെ ആന്റണിയുടെ കാലത്തല്ലേ അടൂര്‍ ഗോപാലകൃഷ്ണന് അവാര്‍ഡ് കിട്ടിയത്.ഒരു ചായ മേടിച്ചു കൊടുക്കാനെങ്കിലും യു.ഡി.എഫ് തയ്യാറായോ,’ മന്ത്രി ചോദിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് പിണറായി വിജയൻറെ നേതൃത്വത്തിലായിരുന്നു ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടി നടന്നത്.
ഫാൽക്കെ അവാർഡ് ലഭിച്ചതോടെ മോഹൻലാൽ ഇന്ത്യൻ സിനിമ ലോകത്തിന്റെ അധിപനായി മാറിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു.
Content Highlight: Is there anything to criticize so much UDF did not even give Adoor Gopala Krishnan a cup of tea: Saji Cherian