കൊല്‍ക്കത്ത: രാജ്യത്ത് തെരഞ്ഞെടുപ്പ് ചൂടിനിടെ കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു പെഹല്‍ഗാം ആക്രമണത്തിന് തയ്യാറെടുക്കുകയാണോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് നാദിയ ജില്ലയിലെ ബെതുവദഹാരിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പെഹല്‍ഗാം ആക്രമണത്തിന് ബി.ജെ.പിയുടെ ‘ബ്ലൂപ്രിന്റ്’ തയ്യാറാണോ എന്ന് മമത ചോദിച്ചത്.
കൊല്‍ക്കത്തയില്‍ ആക്രമണം നടത്തുമെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയെ പരാമര്‍ശിച്ചായിരുന്നു മമതയുടെ ചോദ്യം. കഴിഞ്ഞദിവസം വടക്കന്‍ ബംഗാളിലെ കൂച്ച്ബെഹാറില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്ന് മമത ചൂണ്ടിക്കാണിച്ചു.
‘കൊല്‍ക്കത്തയെ ലക്ഷ്യം വയ്ക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് നരേന്ദ്ര മോദി എന്തുകൊണ്ട് പറഞ്ഞില്ല? കാരണം എന്താണ്? തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പെഹല്‍ഗാം? ബ്ലൂപ്രിന്റ് തയ്യാറായോ? ‘ മമത ചോദിച്ചു.
ബംഗാളിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ വെറുതെയിരിക്കില്ലെന്നും തിരിച്ചടിക്കുമെന്നും മമത പറഞ്ഞു. ‘കൊല്‍ക്കത്തയെ ലക്ഷ്യമിടുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍, ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങളത് സഹിക്കില്ല. മിണ്ടാതിരിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ രാജിവയ്ക്കണം,’ പ്രധാനമന്ത്രിയോടായി മമത പറഞ്ഞു.
മുമ്പും പെഹല്‍ഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച ഇന്റലിജന്‍സ് പരാജയത്തെ ചോദ്യം ചെയ്ത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ മമത രംഗത്തെത്തിയിരുന്നു.
അതേസമയം, മമതയുടെ പരാമര്‍ശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണ്. മമതയുടെ പരാമര്‍ശം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ബി.ജെ.പി പറഞ്ഞു.
പെഹല്‍ഗാമിലെ ക്രൂരമായ ഭീകരാക്രമണത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു തിരക്കഥയെന്ന് വിളിച്ചു. ബ്ലൂപ്രിന്റ്! വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ ടി.എം.സി പെഹല്‍ഗാമിനെ ഒരു തിരക്കഥയെന്ന് വിളിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. പാക് ഭീകരര്‍ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കി. ഹിന്ദു വിരുദ്ധരാണ് ടി.എം.സി,’ ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പെഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ തീവ്രവാദികള്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരി ഓപ്പറേറ്ററെയും കൊലപ്പെടുത്തിയ സംഭവമാണ് പെഹല്‍ഗാം ഭീകരാക്രമണം.
പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ വിനോദ സഞ്ചാരികളായ പുരുഷന്മാരുടെ പേരും മതവും ചോദിച്ചതിന് ശേഷം അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് തിരിച്ചടിയായി സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി പാകിസ്ഥാനെതിരെ തിരിച്ചടിച്ചിരുന്നു. ഓപ്പറേഷന്‍ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം, മെയ് 10 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് പിന്മാറിയതെന്ന് കേന്ദ്രം പറഞ്ഞിരുന്നു.
Content Highlight: Is there a blueprint for another Pahalgam attack before the elections? Mamata to BJP