ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങുകയാണോയെന്ന് സുപ്രീം കോടതി ചോദിച്ചു.
ഭക്ഷ്യ വസ്തുക്കളില്‍ ഉയര്‍ന്നയളവില്‍ പഞ്ചസാര, കൊഴുപ്പ്, സോഡിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കില്‍ മുന്നില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്. ഭക്ഷ്യ സുരക്ഷാ ഏജന്‍സി വിളിച്ചുചേര്‍ത്ത ഒരു യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിച്ച കോടതി, ഇത്തരം ഒരു നിര്‍ദേശം നടപ്പിലാക്കാന്‍ എഫ്.എസ്.എസ്.എ.ഐ മടികാണിക്കുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭക്ഷ്യ നിര്‍മാണ രംഗത്തുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ എഫ്.എസ്.എസ്.എ.ഐ തലകുനിക്കുകയാണോ എന്നും കോടതി ചോദിച്ചു.
ഭക്ഷ്യ വസ്തുക്കളുടെ ലേബല്‍ പതിക്കുന്നതിന് പകരം ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട പഞ്ചസാരയുടെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് പ്രദര്‍ശിപ്പിക്കാമെന്ന ശുപാര്‍ശയുമായി എഫ്.എസ്.എസ്.എ.ഐ എത്തിയതോടെയാണ് കോടതിയെ ചൊടിപ്പിച്ചത്.
‘നിങ്ങള്‍ കോടതിയെ കളിയാക്കുകയാണോ? ഈ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വലിയ സമ്മര്‍ദ്ദം നിങ്ങളുടെ മേലുണ്ട്. നിങ്ങള്‍ ആ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ്! ഞങ്ങള്‍ ഇത് പൊതുജനതാത്പര്യം മുന്‍നിര്‍ത്തിയാണ് ചെയ്യുന്നത്, അത് മനസില്‍ വെക്കുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ ഉത്തരവ് അനുസരിക്കാത്തത്? ഇതുവരെ നിങ്ങള്‍ എന്താണ് ചെയ്തത്? നിങ്ങള്‍ ഇത് സ്വയം ചെയ്യുമോ അതോ ഞങ്ങള്‍ ഇതില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കണോ,’ ബെഞ്ച് ചോദിച്ചു.
ലേബലിങ് നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ഫെബ്രുവരി പത്തിന് നല്‍കിയ ഉത്തരവ് വെറുതെയല്ലെന്നും പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണെന്നും കോടതി പറഞ്ഞു.
ലേബലിങ് നിര്‍ദേശം നടപ്പിലാക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് കേന്ദ്ര സര്‍ക്കാരിന് കോടതി അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ വിധി പ്രസ്താവിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Is the Centre surrendering to corporates? Do not make a mockery of the court: Supreme Court.