| Monday, 2nd February 2026, 12:46 pm

സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനാണോ നിയമസഭ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരായ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കൾ Photo: T. Siddique MLA FB.Com

സഭയില്‍ സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്തും പ്രതിഷേധിച്ചു.

സര്‍ക്കാരിന് ഇഷ്ടമുള്ള വിഷയം മാത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍ നിയമസഭ ചേരുന്നത് എന്തിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം ബന്ധമുള്ള ക്രിമിനലുകള്‍ക്ക് തോന്നും പടിയാണ് പരോള്‍ നല്‍കുന്നതെന്നും ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണിതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിനും ടി.പി കേസിലെ പ്രതികള്‍ക്കും നിരന്തരം പരോള്‍ നല്‍കുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ഇത്തരത്തില്‍ പരോള്‍ അനുവദിക്കുന്നത്.

ടി.പി കേസിലെ പ്രതികള്‍ക്ക് ആയിരത്തിലധികം ദിവസം പരോള്‍ ലഭിച്ചത് എങ്ങനെയാണ്? പ്രതികളെ ഭയന്നാണ് സി.പി.ഐ.എം ജീവിക്കുന്നത്. വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ധൈര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വടകര എം.എല്‍.എ കെ.കെ. രമയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭ നടപടികള്‍ തുടര്‍ന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.

ഇതിനിടെ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സഭയില്‍ പ്രതിപക്ഷത്തിന് ബഹളം വെക്കാമെന്നും എന്നാല്‍ വിരട്ടല്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കള്ളന്മാര്‍ കാണാന്‍ പോയത് സോണിയ ഗാന്ധിയെയാണെന്നും മന്ത്രി വിമര്‍ശിച്ചു.

ഇടത് എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍, ആര്‍. ബിന്ദു എന്നിവരും സഭയില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍ ലഭിച്ചു. പീതാംബരന്‍, ഗിജിന്‍ എന്നിവര്‍ക്കാണ് പരോള്‍ ലഭിച്ചത്. കഴിഞ്ഞ മാസവും ഇവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. 15 ദിവസത്തെ പരോളായിരുന്നു ഇരുവര്‍ക്കും അനുവദിച്ചത്.

Content Highlight: Is the Assembly only meant to discuss what the government likes? Opposition boycotts

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more