‘അങ്കമാലി ഡയറീസ്’ എന്ന ആദ്യ ചിത്രത്തിലൂടെ കരിയർ ആരംഭിക്കുകയും പ്രേക്ഷകശ്രദ്ധ നേടിയ നടനുമാണ് ആന്റണി വർഗീസ് പെപ്പെ. ചിത്രത്തിലെ വിൻസെന്റ് പെപെ എന്ന കഥാപാത്രം നൽകിയ സ്വീകാര്യത പിന്നീട് അദ്ദേഹത്തിന്റെ പേരിനൊപ്പം തന്നെ ആക്ഷൻ സിനിമകളുടെ ഇമേജും ചേർത്തുവെച്ചു.
‘സ്വാതന്ത്ര്യം അർധരാത്രിയിൽ’, ‘ജല്ലിക്കട്ട്’, ‘അജഗജാന്തരം’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും ആക്ഷൻ രംഗങ്ങളുമെല്ലാം ആ ഇമേജ് കൂടുതൽ ശക്തമാക്കി. എന്നാൽ ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ പെപ്പെയുടെ അതേ ഇമേജ് ഇപ്പോൾ അദ്ദേഹത്തിന് പരിമിതിയായി മാറുകയാണോ എന്ന ചോദ്യമാണ് പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ പശ്ചാത്തലത്തിൽ ഉയരുന്നത്.
ഡിസ്കോ. Photo. IMDb
ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ലുഖ്മാൻ അവറാൻ, അർജുൻ അശോകൻ, ഫെമിന ജോർജ്, ഗായത്രി സുരേഷ് തുടങ്ങി വലിയ താരനിര അണിനിരന്നതോടെ ‘ഡിസ്കോ’യ്ക്ക് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആദ്യദിന പ്രദർശനങ്ങൾക്കു പിന്നാലെ പുറത്തുവന്ന പ്രതികരണങ്ങൾ ചിത്രത്തിന് തിരിച്ചടിയായി. കാര്യമായ പോസിറ്റീവ് അഭിപ്രായങ്ങൾ ലഭിക്കാതിരുന്ന ചിത്രത്തെ പലരും മോശമെന്നാണ് വിശേഷിപ്പിച്ചത്.
ഇതോടെ സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിലെ സിനിമാ പേജുകളിൽ ട്രോളുകളും സജീവമായി. മറ്റ് ഇൻഡസ്ട്രികൾ ദീപാവലിക്ക് സിനിമാ ട്രീറ്റ് ഒരുക്കിയപ്പോൾ മലയാളം മാത്രം ബോംബിട്ടെന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയർന്നു. മലയാളത്തിൽ നിന്ന് പുതുമയുള്ളൊരു ചിത്രം പ്രതീക്ഷിച്ചെത്തിയവർ നിരാശരായെന്നാണ് പലരുടെയും പ്രതികരണം. ബോക്സ് ഓഫീസിലും ചിത്രത്തിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ആദ്യദിനം ചിത്രം നേടിയത് ഏകദേശം 67 ലക്ഷം രൂപ മാത്രമാണെന്നാണ് പുറത്തുവന്ന കണക്കുകൾ.
‘ഡിസ്കോ’യിലെ പെപ്പെയുടെ കഥാപാത്രവും ആക്ഷൻ രംഗങ്ങളും ചർച്ചയാകുമ്പോൾ അദ്ദേഹത്തിന്റെ സമീപകാല സിനിമകളും ശ്രദ്ധ നേടുന്നുണ്ട്. കാട്ടാളൻ, ദാവീദ്, കൊണ്ടൽ, ഐ ആം ഗെയിം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ആക്ഷൻ ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് ഒരേ തരത്തിലുള്ള സ്വീകാര്യത ലഭിച്ചില്ല. ആക്ഷൻ രംഗങ്ങൾ മാത്രം ഒരു സിനിമയെ വിജയത്തിലെത്തിക്കില്ലെന്നതും ഇത്തരം ചിത്രങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിൽ പെപ്പെ അവതരിപ്പിച്ചത് പ്രധാന കഥാപാത്രത്തെയല്ല, മറിച്ച് ഒരു സഹകഥാപാത്രത്തെയാണ്.
ഡിസ്കോ. Photo. Screen Grab/ Youtube
‘ആർ.ഡി.എക്സ്’ പെപ്പെയുടെ ആക്ഷൻ ഹീറോ ഇമേജിന് വലിയ കരുത്ത് നൽകിയ ചിത്രമാണ്. എന്നാൽ ഒരു നടന് തുടർച്ചയായി ഒരേ തരത്തിലുള്ള കഥാപാത്രങ്ങളും സിനിമകളും ലഭിക്കുമ്പോൾ അത് പിന്നീട് പരിമിതിയായി മാറാനുള്ള സാധ്യതയുണ്ട്. പ്രേക്ഷകർക്ക് ഒരേ തരത്തിലുള്ള ആക്ഷൻ രംഗങ്ങളും കഥാപാത്രങ്ങളും ആവർത്തനമായി തോന്നാനും ഇടയുണ്ട്. പെപ്പെയെ സംബന്ധിച്ചും അത്തരമൊരു സാഹചര്യമാണോ ഇപ്പോൾ രൂപപ്പെടുന്നത് എന്നതാണ് പ്രധാന ചോദ്യം.
ആക്ഷൻ സിനിമകൾക്കപ്പുറം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള താത്പര്യം പെപ്പെ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഓ മേരി ലൈല, ഇന്നലെ വരെ, പൂവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ വേഷങ്ങൾ പരീക്ഷിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച ആക്ഷൻ ഹീറോ ഇമേജാണ് ഇപ്പോഴും കൂടുതൽ ശക്തമായി നിലനിൽക്കുന്നത്. ആ ഇമേജിൽ നിന്ന് മാറി പുതിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാൻ പെപ്പെയ്ക്ക് കഴിയുമോ എന്നതാണ് ‘ഡിസ്കോ’യുടെ നിരാശയ്ക്കിടയിൽ പ്രസക്തമാകുന്നത്.
Content Highlight: Is the ‘action hero’ image proving to be a setback for Antony Varghese Pepe