| Friday, 12th September 2025, 4:58 pm

ദല്‍ഹിയിലെ എലൈറ്റ് ക്ലാസ് മാത്രം ശുദ്ധവായു ശ്വസിച്ചാല്‍ മതിയോ? ദല്‍ഹിയിലെ പടക്ക നിരോധനത്തില്‍ സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വരേണ്യവര്‍ഗക്കാരാണ് ദല്‍ഹിയിലുള്ളത് എന്നതുകൊണ്ട് മാത്രം ദല്‍ഹിയില്‍ പത്യേകനയം നടപ്പാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദല്‍ഹിയില്‍ പടക്കം നിരോധിക്കുന്നത് സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നതകോടതിയുടെ പരാമര്‍ശം.

ദല്‍ഹിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല ശുദ്ധവായുവിന് അവകാശമുള്ളതെന്നും പടക്കം നിരോധിക്കുകയാണെങ്കില്‍ രാജ്യമൊട്ടാകെ നിരോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു.

‘ദല്‍ഹിയിലെ പൗരന്മാര്‍ക്ക് ശുദ്ധവായു ശ്വസിക്കാമെമെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ മറ്റുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അതിന് അവകാശമുണ്ടായിക്കൂടാ?

രാജ്യത്തിന്റെ തലസ്ഥാനമായതുകൊണ്ടും സുപ്രീംകോടതി ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടും ഇവിടെ ശുദ്ധവായു വേണം, എന്നാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൗരന്മാര്‍ക്ക് ശുദ്ധവായുവിന് അര്‍ഹതയില്ലെന്നാണോ?’, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി ചോദിച്ചു.

എന്തുനിയമം കൊണ്ടുവരികയാണെങ്കിലും രാജ്യമൊട്ടാകെ ബാധകമായിരിക്കും. രാജ്യത്തെ എലൈറ്റ് പൗരന്മാരാണ് ഇവിടെ ജീവിക്കുന്നെന്ന് കരുതി ദല്‍ഹിക്ക് മാത്രമായി ഒരു നയം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി ഹരജി പരിഗണിക്കവെ പറഞ്ഞു.

താന്‍ അമൃത്സറില്‍ പോയ സമയത്ത് വായുമലിനീകരണം ദല്‍ഹിയിലേക്കാള്‍ മോശമായിരുന്നു. പടക്കം നിരോധിക്കുകയാണെങ്കില്‍ രാജ്യമെമ്പാടും നിരോധിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

അതേസമയം, ദല്‍ഹിയില്‍ വായുമലിനീകരണം അസഹ്യമാകുമ്പോള്‍ വരേണ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ദല്‍ഹി വിട്ട് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് അമിക്കസ്‌ക്യൂരിയായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു.

ദല്‍ഹിയിലെ അന്തരീക്ഷത്തിന് യോജിച്ച പടക്കങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ദല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവക്ക് വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഏപ്രില്‍ മൂന്നിന് സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി ഈ വിലക്ക് നീക്കാന്‍ വിസമ്മതിച്ചിരുന്നു.

ദല്‍ഹിയിലെ വായുമലിനീകരണം ആശങ്കാജനകമായി തുടരുകയാണെന്നും വിലക്ക് നീക്കാന്‍ സമയമെടുക്കും എന്നുമായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്. പടക്കം നിരോധിക്കുന്നത് സംബന്ധിച്ച ഹരജിയില്‍ സെപ്റ്റംബര്‍ 22ന് സുപ്രീംകോടതി വാദം കേള്‍ക്കും.

Content Highlight: Is it only the elite class in Delhi that can breathe clean air? Supreme Court on Delhi’s firecracker ban

We use cookies to give you the best possible experience. Learn more