ബിന്‍ ലാദന്‍(അല്‍ ഖായിദയും) കൂടുതലായി ലക്ഷ്യമിട്ടിരുന്നത് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമായിരുന്നു. മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള വിഭവങ്ങളും നിയന്ത്രിക്കുന്ന അമേരിക്കയും അവരുടെ ശിങ്കിടികളായ അറബ് ഭരണാധികാരികളുമായിരുന്നു ഇവരുടെ കണ്ണിലെ മുഖ്യ ശത്രുക്കള്‍. തീര്‍ച്ചയായും ഇതിനവലംബിച്ച മാര്‍ഗങ്ങളും ശൈലികളും ഏറെ അപകടകരവും പ്രമാണങ്ങളുടെ വളരെ വികലമായ അക്ഷരാര്‍ത്ഥ വായനകളെ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു.
2014 ജൂണ്‍ 6 ന് ആയിരുന്നു വെറും 1300 സൈനികരുമായി ഐസിസ് മൊസുല്‍ ആക്രമിക്കാന്‍ ആരംഭിച്ചത്. ഇവരെ നേരിടാനായി ഇറാഖ് പക്ഷത്തുളളതാണെങ്കില്‍ ദേശീയ സേനയും ലോക്കല്‍ പോലീസും അടങ്ങുന്ന 60,000 വരുന്ന ഇറാഖി സര്‍ക്കാര്‍ വിഭാഗവും.
അഞ്ചാമത്തെ ദിവസമായപ്പോഴേക്ക് മൊസുല്‍ പട്ടണം ഐസിസിന്റെ കയ്യിലായി! അത്ഭുതകരമായ ഈ അട്ടിമറിക്ക് കാരണം ഐ.എസിന്റെ കഴിവിലുപരി എതിര്‍ പക്ഷത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. ഇപ്പറഞ്ഞ 60,000ല്‍ 40,000ല്‍ അധികവും മേലുദ്യോഗസ്ഥര്‍ക്ക് പകുതി ശമ്പളം നല്‍കി വീട്ടിലിരിക്കുന്നവരായിരുന്നു.
ഭരണ രംഗത്താണെങ്കില്‍ “ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി മാമാങ്കം” എന്ന് Transparency lnternational വിശേഷിപ്പിച്ച നൂറി അല്‍ മാലികിയുടെ അഴിമതി ഭരണം അരങ്ങു തകര്‍ക്കുന്നു. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അമേരിക്കന്‍ ഉപരോധ, അധിനിവേശങ്ങളും തുടര്‍ന്നു വന്ന മാലികി ഭരണ കൂടത്തിന്റെ തേര്‍വാഴ്ചയും ജനങ്ങളില്‍ ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും കടുത്ത മടുപ്പും വെറുപ്പും സൃഷ്ടിച്ചു.
അവസാന കാലത്ത് സദ്ദാം, അധിനിവേശ അമേരിക്ക, മാലിക്കി തുടങ്ങിയവരെല്ലാം കൂടി രണ്ടു പതിറ്റാണ്ടായി ബോധപൂര്‍വ്വം ഇറക്കിയ വംശീയ കാര്‍ഡുകളും വര്‍ഗീയ നീക്കങ്ങളും ബഹുസ്വര ഇറാക്കിന്റെ മതചട്ടക്കൂടില്‍ വിള്ളലുകള്‍ ഉണ്ടാക്കി. സ്വതവേ കടുത്ത അഭിമാനികളും ശക്തമായ ദേശീയ ബോധം പേറുന്നവരുമായ ഇറാഖികളിള്‍ കടുത്ത നിരാശാ ബോധവും അരാഷ്ട്രീയ മനസ്സും സൃഷ്ടിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.
തീര്‍ത്തും അനുകൂലമായ ഈ രാഷ്ട്രീയ, സാമൂഹിക, വംശീയ പശ്ചാത്തലത്തിലാണ് ഐസിസ് രംഗ പ്രവേശനം ചെയ്യുന്നത്. ഐസിസ് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല. ഒരു പാട് മാറി മറിയലുകളുടേയും രൂപാന്തരങ്ങളുടെയും അവസാന ഫലമാണ് ഭീകരതയില്‍ പുതിയ മാനം സൃഷ്ടിച്ച ഐസിസ്.
അബു മുസ്അബ് അല്‍ സര്‍ഖാവി 2000 ല്‍ രൂപീകരിച്ച “അല്‍തൗഹീദ് വല്‍ ജിഹാദ് ” ല്‍ നിന്നാണ് തുടക്കം. അഫ്ഗാനില്‍ നിന്നും ഇറാഖിലെത്തിച്ചേര്‍ന്ന സര്‍ഖാവിയുടെ അല്‍ തൗഹീദ് 2004ല്‍ അല്‍ ഖായിദയുടെ ഭാഗമായി ബിന്‍ ലാദന്‍ അംഗീകരിച്ചു. സംഘത്തെ നയിച്ചത് ജോര്‍ദാന്‍ വംശജനായ സര്‍ഖാവിയായിരുന്നത് കൊണ്ട് ഇതിനെതിരില്‍ “മണ്ണിന്റെ മക്കള്‍ വാദം” ഉയര്‍ന്നു വന്നു. അതിനെ തുടര്‍ന്ന് ഇറാഖിലുള്ള സമാനമായ വഹാബിസ്റ്റ് ആശയക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് “മജ്‌ലിസ് ശൂറ അല്‍ മുജാഹിദീന്‍” ഉണ്ടാക്കി.
ബിന്‍ ലാദനുമായും അഫ്ഗാന്‍ കേന്ദ്രവുമായും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സര്‍ഖാവി ഇതിനിടെ 2006 ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സര്‍ഖാവിയുടെ മരണശേഷം ഗ്രൂപ്പ് ലക്ഷ്യത്തോട് കൂടുതല്‍ ചേരുന്ന “ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI)” എന്ന പേര് സ്വീകരിച്ചു. പുതിയ നേതാവായി ഉയര്‍ന്നു വന്നത് ഇറാഖി വംശജനായ അബു ഉമര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.
2010 ല്‍ അബു ഉമറിന്റെ മരണ ശേഷം സംഘടനയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് മറ്റൊരു ഇറാഖി വംശജനും ഇപ്പോഴത്തെ ഖലീഫയുമായ സാക്ഷാല്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി ആയിരുന്നു. 2011 ല്‍ സിറിയയിലെ “അനുകൂല സാഹചര്യം” മനസ്സിലാക്കിയ ബാഗ്ദാദി അന്ന് തന്റെ വിശ്വസ്തനായിരുന്ന മുഹമ്മദ് അല്‍ ജൂലാനിയെ സിറിയയിലേക്കയച്ചു.
ജൂലാനി സിറിയയില്‍ ഐസിസിന്റെ ഭാഗമായി സ്ഥാപിച്ച ഗ്രൂപ്പാണ് “അല്‍ നുസ്‌റ”. അല്‍ നുസ്‌റ കുറഞ്ഞ കാലം കൊണ്ട് തന്നെ സിറിയന്‍ പോരാട്ടത്തിലെ നിര്‍ണായക ശക്തിയായി മാറി. പക്ഷേ ബാഗ്ദാദിയും നുസ്‌റ നേതാവ് ജൂലാനിയും തമ്മില്‍ കടുത്ത ശത്രുത ഉടലെടുത്തു. ഭിന്നിപ്പിന്റെ അടിസ്ഥാനം ആശയത്തിലപ്പുറം അധികാരമായിരുന്നു.
2013 ല്‍ ഐസിസും അല്‍ നുസ്‌റയും ചേര്‍ന്ന് “ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശ്യാം(ISIS) ” എന്ന പേരില്‍ ഒന്നാവുകയാണെന്ന് ബാഗ്ദാദി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജൂലാനി സ്വാഭാവികമായും ഈ പ്രഖ്യാപനം തള്ളുകയും അല്‍ നുസ്‌റ സ്വതന്ത്രമായി നില കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് സമാന്തരമായി മറ്റൊരു സംഭവ വികാസം കൂടി ഇക്കാലയളവില്‍ ഉണ്ടായി. ലാദന് ശേഷം വന്ന അല്‍ ഖായിദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുമായി ബാഗ്ദാദി അകന്നു. സ്വാഭാവികമായും ജൂലാനി സവാഹിരിയുമായി അടുക്കുകയും ചെയ്തു. ഈ പുതിയ ചേരിയുടെ പ്രഖ്യാപനം പോലെ ജൂലാനി അല്‍ നുസ്‌റയെ അല്‍ ഖായിദയുടെ ഭാഗമായി പ്രഖ്യാപിക്കുകയും സവാഹിരിയുടെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.
അല്‍ നുസ്‌റ പിന്നീട് 2016 ജൂലൈയില്‍ വീണ്ടും മാറുകയും അല്‍ ഖായിദ ബന്ധവും അവരുടെ ആശയവും ഒരു പോലെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. മനം മാറ്റത്തിലുപരിയായി ഗള്‍ഫ്, തുര്‍ക്കി രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനുള്ള ഒരു ധാരണയുടെ പുറത്താണ് ഈ മാറ്റമെന്ന് വേണം മനസ്സിലാക്കാന്‍. ഇപ്പോള്‍ ചൊരിഞ്ഞ പോരാട്ടം നടക്കുന്ന അലെപ്പോ അടക്കമുള്ള ചില സുപ്രധാന പട്ടണങ്ങള്‍ അല്‍ നുസ്‌റയുടെ നിയന്ത്രണത്തിലാണ്. സ്വാഭാവികമായും വിദേശ സഹായം നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്.
അഫ്ഗാനില്‍ രൂപപ്പെട്ട അല്‍ഖായിദയില്‍ നിന്നും ഇന്നത്തെ ഐസിസിലെത്തുമ്പോഴും ബിന്‍ ലാദനില്‍ നിന്നും അബൂബക്കര്‍ അല്‍ ബാഗ്ദാദിയിലെത്തുമ്പോഴും സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. അടിസ്ഥാനപരമായി വഹാബിസ്റ്റ് ആശയങ്ങള്‍ പേറുമ്പോഴും സമീപനങ്ങളിലും ലക്ഷ്യങ്ങളിലും ചില വ്യത്യാസങ്ങളുണ്ട്.
ബിന്‍ ലാദന്‍(അല്‍ ഖായിദയും) കൂടുതലായി ലക്ഷ്യമിട്ടിരുന്നത് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമായിരുന്നു. മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള വിഭവങ്ങളും നിയന്ത്രിക്കുന്ന അമേരിക്കയും അവരുടെ ശിങ്കിടികളായ അറബ് ഭരണാധികാരികളുമായിരുന്നു ഇവരുടെ കണ്ണിലെ മുഖ്യ ശത്രുക്കള്‍. തീര്‍ച്ചയായും ഇതിനവലംബിച്ച മാര്‍ഗങ്ങളും ശൈലികളും ഏറെ അപകടകരവും പ്രമാണങ്ങളുടെ വളരെ വികലമായ അക്ഷരാര്‍ത്ഥ വായനകളെ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു.
പക്ഷേ ഐസിസ് (ബാഗ്ദാദി) ലക്ഷ്യമിട്ടത് ഇതായിരുന്നില്ല. “തക്ഫീര്‍ ” ആയിരുന്നു അവരുടെ ലോക വീക്ഷണത്തിന്റെ അടിസ്ഥാനം. ഇതനുസരിച്ച് അവരുടെ ഹിംസാത്മകവും ഏകശിലാരൂപത്തിലുള്ളതുമായ മത വ്യാഖ്യാനത്തിന് പുറത്തുള്ളവരെല്ലാം കാഫിറായ അടിമകളോ കൊല്ലപ്പെടേണ്ടവരോ ആണ്. ബിന്‍ ലാദനും ബാഗ്ദാദിക്കും ഇടയിലായിരുന്നു സര്‍ഖാവിയുടെ (ഇറാഖ് അല്‍ ഖായിദയുടെയും) സ്ഥാനം എന്ന് പറയാം.
ഭീകര മാര്‍ഗങ്ങളോടുള്ള അഭിനിവേശത്തില്‍ ബാഗ്ദാദിയോടടുത്ത് നില്‍ക്കുമെങ്കിലും ലാദന്‍ ബന്ധം കാരണം തക്ഫീര്‍ പ്രത്യയ ശാസ്ത്രം ലക്ഷ്യമിട്ടിരുന്നില്ല. ആശയപരമായിട്ടാണെങ്കില്‍ വഹാബിസത്തിന്റെ ഏറ്റവും അശ്ലീലമായ മത വ്യാഖ്യാനമാണ് ബാഗ്ദാദിയും കൂട്ടരും ഏറ്റെടുക്കുന്നത്. വിയോജിക്കുന്നവര്‍ക്കെതിരില്‍ ഏത് രീതിയിലുള്ള അക്രമത്തെയും ക്രൂരതയെയും എളുപ്പത്തില്‍ ന്യായീകരിക്കാം എന്നതാണിതിന്റെ സൗകര്യം.
ബാഗ്ദാദിയുടെ ഈ ലോക വീക്ഷണത്തിന്റെപ്രയോഗവല്‍ക്കരണത്തിലെ നാഴികക്കല്ലായിരുന്നു 2014 ലെ മൊസുല്‍ പിടിച്ചടക്കല്‍. ബാഗ്ദാദി പുറം ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരേയൊരു അവസരവും ഇതിനെ തുടര്‍ന്നായിരുന്നു. ഐസിസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ, മത വീക്ഷണത്തിലെ മൊസുലിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ മൊസുലിന്റെ ചരിത്രവും സ്വഭാവവും ഉള്‍ക്കൊള്ളണം.
8000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനവാസം ആരംഭിച്ച, ബി.സി 3000 ല്‍ തന്നെ നഗരവല്‍ക്കരണം നടന്ന അതി പുരാതന പട്ടണമാണ് നിനേവയുടെ ഭാഗമായ മൊസുല്‍. അസീരിയന്‍, ബാബിലോണിയന്‍, ഇറാനിയന്‍, ഇസ്‌ലാമിക് കാലഘട്ടങ്ങളിലെല്ലാം സവിശേഷ പ്രാധാന്യമുണ്ടായിരുന്ന മൊസുല്‍ കലാ, സാംസ്‌കാരിക, കച്ചവട രംഗത്തും പ്രാചീന കാലം തൊട്ടേ അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു.
പിന്നീട് ആധുനിക ഇറാഖിന്റെ ചരിത്രത്തിലും ദേശീയ പോരാട്ടങ്ങളിലും മൊസുല്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബാഗ്ദാദി നിലവിലുള്ള എല്ലാ അതിര്‍ത്തികളും മായ്ച്ചു കളഞ്ഞ് ലോകം മുഴുവന്‍ തന്റെ “ഖിലാഫ” ത്തിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആസ്ഥാനം മൊസുല്‍ ആയത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. അറബ് / മുസ്‌ലിം ലോകത്തെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കീറി മുറിച്ച 1916 ലെ സൈക്‌സ്-പിക്കോ കരാറിനെതിരായാണ് തന്റെ പോരാട്ടം എന്നാണ് ബാഗ്ദാദി ഊന്നി പറഞ്ഞിരുന്നതും. ഈ രാഷ്ട്രീയ പ്രാധാന്യമാണ് മൊസുല്‍ ഐസിസിന്റെ എല്ലാമെല്ലാമാക്കിയിരുന്നത്.
മതപരമായിട്ടാണെങ്കില്‍ ബഹുസ്വര ഇറാഖിന്റെ ഏറ്റവും പ്രകട രൂപമായിരുന്നു മൊസുല്‍. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദപരമായി ജീവിച്ചിരുന്ന മൊസുല്‍ ബാഗ്ദാദിയുടെ തക്ഫീര്‍ പ്രത്യയശാസ്ത്രത്തിന്റെ വിളയാട്ട ഭൂമിയായി മാറി. ഇതര മതസ്ഥരോടുള്ള സമീപനം എന്തായിരിക്കുമെന്ന് ബാഗ്ദാദി മൊസുല്‍ വഴി കൃത്യമായി കാണിച്ചു തന്നു. എന്തായിരിക്കും താന്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിക ഖിലാഫത്തിന്റെ രൂപഭാവങ്ങള്‍ എന്ന് കൃത്യമായി തന്റെ അണികള്‍ക്കും ഭാവിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാണിച്ചു കൊടുക്കേണ്ടത് അനിവാര്യമായിരുന്നു. മൊസുല്‍ ഇതിനെല്ലാമുള്ള ഉത്തരമായിരുന്നുവെന്ന് മനസ്സിലാക്കാം.
ഈ സാഹചര്യത്തില്‍ വേണം മൊസുലിനായുള്ള പോരാട്ടത്തെ വിലയിരുത്താന്‍. 2014 ലെ സാഹചര്യമല്ല ഇന്നുള്ളത്. മാലിക്കിക്ക് ശേഷം വന്ന ഹൈദര്‍ അല്‍ അബാദി ഭേദപ്പെട്ട ഭരണാധികാരിയാണ്. 2014 ല്‍ മേഖലയില്‍ ഭൂരിപക്ഷമുള്ള സുന്നി വിഭാഗങ്ങളും ഗോത്രങ്ങളുമായി സഹകരിച്ചായിരുന്നു ഐ.എസ് മുന്നേറിയതെങ്കില്‍ മാലിക്കി ഭരണകൂടം തീവ്ര ശിയാ പക്ഷ വംശീയ നിലപാടായിരുന്നു പിന്തുടര്‍ന്നത്. ഇന്ന് ഹൈദര്‍ അല്‍ അബാദി അക്കാര്യത്തിലും ഭേദമാണെന്ന് പറയാം. സുന്നി വിഭാഗങ്ങളെ പരമാവധി സഹകരിപ്പിച്ചാണ് നീണ്ടുന്നത്. സൈനികപരമായിട്ടാണെങ്കില്‍ 30,000 ഓളം വരുന്ന സംയുക്ത സൈന്യം മോശമില്ലാതെ പോരാടുന്നുണ്ട്.
അതേ സമയം മൊസുല്‍ ഐസിസില്‍ നിന്ന് തിരിച്ചു പിടിച്ചാല്‍ പോലും ഭാവിയില്‍ അത് നിലനിര്‍ത്താനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതായത് കേവല സൈനിക നേട്ടങ്ങള്‍ക്കപ്പുറം ഐസിസ് രൂപപ്പെട്ടു വന്ന രാഷ്ട്രീയ, സാമൂഹിക, വംശീയ സാഹചര്യത്തെ പൂര്‍ണമായും അഡ്രസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ / സാധിക്കുമോ എന്നതാണ് പ്രശ്‌നം.
ഒരു കാലത്തും തീവ്ര മതാശയങ്ങള്‍ക്കും ഹിംസാത്മക പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വേരോട്ടമില്ലാത്ത ഇറാഖിലും സിറിയയിലുമാണ് തീവ്ര മതാശയങ്ങളിലെ അവസാന വാക്കായ ഐസിസിന് ആധിപത്യം നേടാനായത് എന്നത് തന്നെ പ്രശ്‌നത്തിന്റെ വിശാല മാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഇന്ന് ഹിംസയെ പൂര്‍ണമായും അംഗീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് ഐസിസ് മാത്രമല്ല, മറ്റെല്ലാ ഗ്രൂപ്പുകളും എത്തിയെന്നതാണ് സത്യം. ഐസിസിനെതിരില്‍ പോരാടുന്ന യസീദി, കുര്‍ദ് വിഭാഗത്തില്‍ പെട്ട മിലീഷ്യകള്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങിയ നിരപരാധികള്‍ക്കെതിരെ നടത്തിയ നിരവധി അക്രമങ്ങളുടെ വിശദാംശങ്ങള്‍ ആംനസ്റ്റി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ നാടുകളും അവരുടെ മാധ്യമങ്ങളും മൊസുലിനെ ഐസിസ് ഭീകരരില്‍ നിന്ന് “മോചിപ്പി”ക്കുന്നതിനെ പറ്റി വാചാലരാവുന്നുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോചിപ്പിക്കേണ്ടത് ഐസിസില്‍ നിന്നല്ല, ഇത്ര കുറഞ്ഞ കാലം കൊണ്ട് അക്രമവും വംശീയതയും വേരോടിയ സാഹചര്യത്തില്‍ നിന്നാണ്. ഈ സാഹചര്യം സൃഷ്ടിച്ചതില്‍ ഒന്നാം പ്രതിയായ അമേരിക്ക തന്നെ ഇതിന്റെ നേതൃത്വവും പിതൃത്വവും ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ കാപട്യം.
ഐസിസ് വിരുദ്ധ പോരാട്ടത്തെ ഇത് പോലുള്ള കപടതാല്‍പ്പര്യക്കാരില്‍ നിന്ന് മോചിപ്പിക്കലായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. ഒട്ടും എളുപ്പമല്ലാത്ത ഈ സാഹസത്തിന് ഹൈദര്‍ അല്‍ അബാദിക്കും ഇറാഖി / സിറിയന്‍ ജനതക്കും സാധിക്കുമോ എന്നതിനനുസരിച്ചിരിക്കും മേഖലയുടെ ഭാവിയും. അല്ലെങ്കില്‍ എപ്പോഴും മാറി മറിയാവുന്ന കേവല സൈനിക വിജയങ്ങള്‍ മാത്രമായി ഇതും മാറും. കുറച്ച് മുമ്പ് സര്‍ക്കാര്‍ പിടിച്ചിരുന്ന എണ്ണ സമ്പന്നമായ കിര്‍ക്കുക് നിലനിര്‍ത്താന്‍ ഇപ്പോള്‍ തന്നെ പാട് പെടുകയാണ്.
ഐസിസിനെ സംബന്ധിച്ചാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ജീവന്‍മരണ പോരാട്ടമാണ്. മറ്റു ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമാക്കിയിരുന്നത് പേരിലെ “സ്റ്റേറ്റ് ” എന്ന പദത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഒരു ഭരണകൂടം ഉണ്ടായിരുന്നത് കൊണ്ടാണ്. സ്വന്തമായി സൈന്യം മാത്രമല്ല കറന്‍സിയും കോടതികളും മന്ത്രിമാരുമെല്ലാം ചേര്‍ന്ന ഒരു ബദല്‍ “ഖിലാഫത്ത് ” ഒരുക്കാന്‍ അവര്‍ക്കായി.
ആശയപരമായി യോജിപ്പില്ലെങ്കിലും അസംതൃപ്തരായിരുന്ന പഴയ ബാത്ത് സെക്കുലറിസ്റ്റ് സൈനികരേയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ശരിക്കും ഒരു സമാന്തര ഭരണകൂടം തന്നെ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടിയ പല പ്രദേശങ്ങളിലും ഭേദപ്പെട്ട രീതിയിലുള്ള ക്രമസമാധാനം കൊണ്ടു വരാനും തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉണ്ടെന്ന ധാരണ സാധാരണക്കാരില്‍ സൃഷ്ടിക്കാനും ഈ തേര്‍വാഴ്ചക്കിടയിലും ഐസിസിന് സാധിച്ചത് സദ്ദാം കാലത്തെ പഴയ ബാത്തിസ്റ്റ് മെഷിനറിയില്‍ വലിയൊരു വിഭാഗത്തെ കൂടെ കൂട്ടിയതിനാലാണ്. നിരന്തരമായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്നത് ഈയൊരു ഖിലാഫത്ത് എന്ന ആശയവും അതിന്റെ പ്രയോഗവല്‍ക്കരണവുമാണ്.
ചോംസ്‌കി വിശേഷിപ്പിച്ച പോലെ ഒരു “ശൃഖലകളുടെ ശൃംഖല (Network of networks)” ആയിരുന്നു അല്‍ ഖായിദ. ഇതില്‍ അടിസ്ഥാന പരമായ യോജിപ്പുകളും വീക്ഷണങ്ങളും ഉണ്ടായിരിക്കെ തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നിപ്പുകളും വ്യാപകമായിരുന്നു, ബിന്‍ ലാദന്റെ മരണ ശേഷം പ്രത്യേകിച്ചും. പക്ഷേ ഐ.എസിലെത്തുമ്പോള്‍ കാര്യങ്ങള്‍ ഏറെ മാറി. കൃത്യവും കണിശവുമായ നേതൃത്വവും കേന്ദ്രീകൃതമായ ഘടനയുമാണ് അതിന്റെ മുഖമുദ്ര. ഇതിന്നടിസ്ഥാനമായ ഏകശിലാരൂപത്തിലുള്ള വഹാബിസ്റ്റ് മത വ്യാഖ്യാനത്തിലും എവിടെയും അവ്യക്തതയില്ല. ഈ സംഘത്തെ/ആശയത്തെ/രാജ്യത്തെ നയിക്കാന്‍ ഏറ്റവും യോഗ്യനായ ആളാണ് ബാഗ്ദാദി.
അഥവാ ചെറു സംഘങ്ങളുടെ കൂട്ടായ്മയായ അല്‍ ഖായിദയില്‍ നിന്നും ബഹുദൂരം മുന്നിലാണ് സമഗ്രാധികാരത്തോടെ വലിയൊരതിര്‍ത്തിക്കുള്ളില്‍ “ഖിലാഫത്ത് ” നടപ്പിലാക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്. കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പായ സൈക്‌സ്-പിക്കോ അതിര്‍ത്തികളെ പൊളിച്ചു കളയലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിസ് പ്രചാരണങ്ങള്‍ ഊന്നി പറയുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്. കൃത്യവും കുറിക്കു കൊള്ളുന്നതുമായ ഈ പ്രചാരണങ്ങള്‍ കുറച്ചൊന്നുമല്ല ഐസിസിനെ സഹായിച്ചത്.
ബോക്കോ ഹറം പോലെ അല്‍ ഖായിദയുടെ ഭാഗമായ നിരവധി ഭീകര സംഘങ്ങള്‍ ഇതിനകം തന്നെ ഖായിദ ബന്ധം വിച്ചേദിച്ച് ഐസിസിനും ബാഗ്ദാദിക്കും “ബൈഅത്ത് ” നല്‍കി (നേതൃത്യം അംഗീകരിക്കുന്ന സാങ്കേതിക നടപടിയെ ആണ് ബൈഅത്ത് എന്നു പറയുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ലോക വീക്ഷണത്തില്‍ ബൈഅത്തിന് നിര്‍ണായക പ്രാധാന്യമുണ്ട്.) ആഗോള തലത്തില്‍ തന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ പിടിച്ചു പറ്റാന്‍ ഐസിസിനെ സഹായിച്ചത് “ഇസ്‌ലാമിക് സ്റ്റേറ്റ് ” എന്ന പേരില്‍ “ഖിലാഫത്ത് ” നടപ്പിലാക്കുന്നതായി ധാരണ സൃഷ്ടിക്കാന്‍ സാധിച്ചതാണ്.
ഐസിസിന്റെ മോഡസ് ഓപ്പരാണ്ടി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഖിലാഫത്ത് എന്ന ആശയത്തിന്ന് വിശ്വാസ്യത നേടാനുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ആണ് കൂടുതലുമെന്ന് കാണാം. ഇതര മതസ്ഥരോടുള്ള സമീപനങ്ങള്‍, “കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക് ” എന്ന പേരില്‍ നടപ്പിലാക്കുന്ന അതി ഭീകരമായ ശിക്ഷാ മുറകള്‍, അടിമവല്‍ക്കരണം, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള ആളുകളെ ചേര്‍ക്കല്‍, അതി തീവ്രമായ മത വ്യാഖ്യാനങ്ങള്‍ (പ്രത്യേകിച്ചും കാഫിര്‍, ജിഹാദ്, ഖിലാഫത്ത് തുടങ്ങിയ സംജ്ഞകള്‍ക്ക്), തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഈ ലോക വീക്ഷണത്തിന്റെ ആധാരശിലയാണ് ഖിലാഫത്തെങ്കില്‍ അതിന്റെ ഹൃദയമാണ് തലസ്ഥാനമായ മൊസുല്‍.
തലസ്ഥാനമായ മൊസുല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ആ ആശയം തന്നെ ചോദ്യം ചെയ്യപ്പെടും. സിറിയയിലും സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ പതനം സംഭവിച്ചാല്‍ പുതുതായി ചേരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കാന്‍ സാധിക്കാതെയും വരും. ആഗോള രാഷ്ട്രീയ സാഹചര്യവും സോഷ്യല്‍ മീഡിയ പോലുള്ള സാങ്കേതിക വിദ്യയും സമര്‍ത്ഥമായി ചൂഷണം ചെയ്ത, അബ്ദുല്‍ ബാരി വിശേഷിപ്പിച്ച, “ഡിജിറ്റല്‍ ഖിലാഫ” ത്തിന്റെ പതനത്തിലേക്കാവും അത് നയിക്കുക. ഐസിസിനെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം ഒഴിവാക്കാന്‍ അവരേതറ്റം വരെയും പോകും.