അത്യാവശ്യം ചവര്‍പ്പും കയ്പ്പും ചെറു മധുരവുമുള്ള ഡാര്‍ക്ക് ചോക്ലേറ്റ് ഒരിക്കലെങ്കിലും രുചിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സാധാരണ മില്‍ക്ക് ചോക്ലേറ്റിന്റെ അത്ര രുചിയില്ലെങ്കിലും വിലയില്‍ അത്ര പിറകിലല്ല താനും. ശരിക്കും എന്താണ് ഈ ഡാര്‍ക്ക് ചോക്ലേറ്റ്?
കൊക്കോയുടെ അളവ് കൂടുതലുള്ളതും മധുരം കുറഞ്ഞതുമായ ഒരുതരം ചോക്ലേറ്റാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. ഒരു ചോക്ലേറ്റില്‍ എന്തായിരിക്കാം ഇത്രക്ക് ആരോഗ്യ ഗുണമിരിക്കുന്നത് എന്നല്ലേ! പറഞ്ഞുതരാം…
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകള്‍ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാനും, ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവെക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഓര്‍മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദം കുറയ്ക്കാനും വിഷാദത്തെ വരെ നേരിടാനും ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്.
ഇരുമ്പ്, മഗ്‌നീഷ്യം, ചെമ്പ്, മാംഗനീസ്, ഫൈബര്‍ തുടങ്ങിയ അവശ്യ ധാതുക്കള്‍ ധാരാളമടങ്ങി പോഷകസമൃദ്ധമാണ് ഡാര്‍ക്ക് ചോക്ലേറ്റ്.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി വിശപ്പ് കുറയ്ക്കാന്‍ കഴിയും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമായേക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഷുഗര്‍ വരുമോ?
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതുകൊണ്ട് മാത്രം ഷുഗര്‍ വരില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയുമെന്ന് പറയപ്പെടുന്നു.
മില്‍ക്ക് ചോക്ലേറ്റിനെയും മറ്റ് പല മധുരപലഹാരങ്ങളെയും അപേക്ഷിച്ച് ഡാര്‍ക്ക് ചോക്ലേറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റില്‍ സാധാരണ മില്‍ക്ക് ചോക്ലേറ്റില്‍ ഉള്ളതിനേക്കാള്‍ കൊക്കോയുടെ അളവ് വളരെ കൂടുതലാണ്. കൊക്കോയില്‍ ഫ്‌ലേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഈ ഫ്‌ലേവനോയ്ഡുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുമ്പോള്‍ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. ഇത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റിന് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. (ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയര്‍ത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി 0 മുതല്‍ 100 വരെയുള്ള സ്‌കെയിലില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ റാങ്കിങ്) അതുകൊണ്ടുതന്നെ ഇത് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലേ ഉയരുകയുള്ളൂ.
ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടെങ്കിലും ശ്രദ്ധയോടെ മാത്രമേ കഴിക്കാവൂ
ഡാര്‍ക്ക് ചോക്ലേറ്റില്‍ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. ഒരു ദിവസം ഒന്നോ രണ്ടോ ചെറിയ കഷണങ്ങള്‍ തന്നെ ശരീരത്തിന് ധാരാളമാണ്.
കൊക്കോയുടെ അളവ് കൂടിയ ഡാര്‍ക്ക് ചോക്ലേറ്റ് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത്തരത്തിലുള്ള ചോക്ലേറ്റില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കും.
വാങ്ങുന്നതിന് മുമ്പ് ചോക്ലേറ്റിന്റെ ലേബല്‍ വായിച്ച് പഞ്ചസാര, പാല്‍, മറ്റ് ചേരുവകള്‍ എന്നിവയുടെ അളവ് കൂടുതതിലെന്ന് ഉറപ്പാക്കാന്‍ മറക്കരുത്.
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കിലോ അലര്‍ജി ഉള്ളവരാണെങ്കിലോ ഡാര്‍ക്ക് ചോക്ലേറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ സംസാരിക്കുന്നത് നന്നായിരിക്കും.
Content Highlight: Is Dark Chocolate Good For Health?