ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ് വൈകിപ്പിക്കുന്നതിലൂടെ പ്രഭുക്കന്മാരെ സംരക്ഷിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക്. എന്നാല്‍ മസ്‌കിന്റെ ആരോപണം വാര്‍ത്താവിനിമയ മന്ത്രാലയം തള്ളി.
‘165 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ നിയമങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അനുസരിച്ചിട്ടും ഞങ്ങള്‍ക്കെന്താണ് ലൈസന്‍സ് തരാത്തത്. അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ഭരണാധികാരി?’ മസ്‌ക് എക്‌സിലൂടെ ചോദിച്ചു.
ടെലികോം, സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ സംവിധാനം നീതിപൂര്‍വവും വിവേചനരഹിതവുമാണെും അത് തെരഞ്ഞെടുത്ത കമ്പനികള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിധാരണ പരത്തുന്നതുമാണെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് എക്‌സിലൂടെ പ്രതികരിച്ചത്.
മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് സംരഭമായ ജിയോ സാറ്റ്‌കോം, ഭാരതിയുടെ യൂട്ടല്‍സ്റ്റാറ്റ് വണ്‍വെബ് എന്നീ മൂന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ സുരക്ഷാ പരിശോധനകളും സ്‌പെക്ട്രം സംബന്ധിച്ച അനുമതികളും പൂര്‍ത്തിയാകുന്നത് വരെ ഇവയ്ക്ക് വാണിജ്യ സേവനം ആരംഭിക്കാനാകില്ല.
ഇതാദ്യമായല്ല മസ്‌ക് സ്റ്റാര്‍ലിങ്കിന് അനുമതി ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. ജനുവരിയില്‍ താന്‍ വെളുത്തവനായത് കൊണ്ട് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ലൈസന്‍സ് തരുന്നില്ല എന്ന് വിമര്‍ശിച്ചിരുന്നു.
പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സിലൂടെ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.
‘ഇന്ത്യയിലേക്ക് സ്വാഗതം എലോണ്‍, നിങ്ങള്‍ മറ്റേയാളെക്കുറിച്ച് അറിയുന്നത് വരെ കാത്തിരിക്കൂ’, എന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.
ഇത് ആശങ്കാജനകമാണെന്ന് എലോണ്‍ മസ്‌ക് രാഹുലിന് മറുപടി നല്‍കി.
Content Highlight: ‘Is Ambani the real boss of India’, asks Elon Musk, as Centre refutes bias in Starlink authorisation.