കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്ത് മുന്നേറുകയാണ് ദൃശ്യം 3. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യവാരത്തില്‍ തന്നെ 200 കോടിയിലേറെ സ്വന്തമാക്കിയ ചിത്രം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് പല ട്രാക്കര്‍മാരും കണക്കുകൂട്ടുന്നത്.
ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഥാപാത്രങ്ങളുടെ ഇമോഷന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംവിധായകന്‍ ദൃശ്യം 3 ഒരുക്കിയത്. പൊലീസിനെയും നിയമ സംവിധാനങ്ങളെയും കബളിപ്പിച്ചെങ്കിലും ഭൂതകാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും അയാളെ വേട്ടയാടുന്നുണ്ടെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒരുപാട് പോരായ്മകളുണ്ടെന്ന് പലരും വിമര്‍ശിക്കുകയാണ്.
ദൃശ്യം 3 Photo: Theatrical poster
അനാവശ്യമായ സീനുകളും കഥാപാത്രങ്ങളും ചിത്രത്തിന്റെ രസം കളയുന്നുണ്ടെന്നാണ് പലരുടെയും വിമര്‍ശനം. മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് ഒന്നുകൊണ്ട് മാത്രമാണ് ചിത്രം ഇത്രയും മികച്ചു നില്‍ക്കുന്നത്. ചിത്രത്തില്‍ അനാവശ്യമായി തോന്നിയ കഥാപാത്രങ്ങളിലൊന്നാണ് ഇര്‍ഷാദ് അവതരിപ്പിച്ച സുരേഷ് ബാബു.
ആദ്യഭാഗത്തില്‍ രാജാക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ സുരേഷ് ബാബുവിന് രണ്ടാം ഭാഗത്തില്‍ റോളുണ്ടായിരുന്നില്ല. വി.ആര്‍.എസ് എടുത്ത് മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന സുരേഷ് ബാബു ജോര്‍ജുകുട്ടി യാദൃശ്ചികമായി കാണുന്ന രംഗം ദൃശ്യം 3യിലുണ്ട്. പിന്നീട് ജോര്‍ജുകുട്ടിയെ പല സമയത്തും സുരേഷ് ബാബു സഹായിക്കുന്നുണ്ട്.
ഇര്‍ഷാദ് Photo: Irshad Ali/ Facebook
എന്നാല്‍ സിനിമയുടെ മൊത്തത്തിലുള്ള ഫ്‌ളോയ്ക്ക് സുരേഷ് ബാബു എന്ന കഥാപാത്രം കല്ലുകടിയാവുകയാണ്. ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ജുവിന്റെ കല്യാണം മുടക്കുന്നത് ആരാണെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്നത് സുരേഷ് ബാബുവാണ്. ഈയൊരു കാര്യം മാത്രമാണ് ജോര്‍ജുകുട്ടിക്ക് സുരേഷ് ബാബു കാരണം കൊണ്ടുണ്ടായ ഒരേയൊരു ഉപകാരം.
ജോര്‍ജുകുട്ടി ഡൗണായി നില്‍ക്കുമ്പോള്‍ അയാളെ ഫിലോസഫി പറഞ്ഞ് മോട്ടിവേറ്റ് ചെയ്യുന്ന സീനും ഒട്ടും ആവശ്യമില്ലാത്തതായിരുന്നു. ചിത്രത്തില്‍ ഈ കഥാപാത്രത്തെ ആദ്യമായി കാണിക്കുമ്പോള്‍ ക്ലൈമാക്‌സില്‍ ഒറ്റുമോ എന്ന ചിന്ത എല്ലാ പ്രേക്ഷകര്‍ക്കും ഉണ്ടാകുന്നുണ്ട്. ജോര്‍ജുകുട്ടിയെ സുരേഷ് ബാബു ഒറ്റുന്നില്ല എന്നതായിരുന്നു ജീത്തു ഒരുക്കിയ ട്വിസ്റ്റ്.
ദൃശ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തനിക്ക് ആവശ്യമുള്ളവരെയെല്ലാം ജോര്‍ജുകുട്ടി അങ്ങോട്ട് പോയി പരിചയപ്പെടുമ്പോള്‍ ദൃശ്യം 3യില്‍ അതിലും ജീത്തു വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ്. ജോര്‍ജുകുട്ടിയെ സഹായിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങളെല്ലാം അയാളെ തേടി വരുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് ഒരുപാട് ട്രോളുകള്‍ ലഭിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Irshad’s character was unnecessary in Drishyam 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ