| Tuesday, 15th July 2025, 2:49 pm

സിബി സാറിന്റെ ഒരു സിനിമയില്‍ അഭിനയിച്ചു; പക്ഷേ എന്റെ സീന്‍ ഒഴിവാക്കി: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായി തീര്‍ന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇര്‍ഷാദ് അലി. പാര്‍വതി പരിണയം, പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്നിവയായിരുന്നു തന്റെ ആദ്യത്തെ സിനിമകളെന്നും പിന്നെ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത കുടമാറ്റം എന്ന സിനിമയില്‍ താന്‍ അഭിനയിച്ചുവെന്നും ഇര്‍ഷാദ് പറയുന്നു. ഒരിക്കല്‍ സെറ്റില്‍വെച്ച് സുന്ദര്‍ ദാസാണ് തനിക്ക് സിബി മലയിലിന്റെ സിനിമയുണ്ടെന്ന് പറഞ്ഞുതന്നതെന്നും ആ വാക്കുകേട്ടാണ് താന്‍ അദ്ദേഹത്തെ കാണാന്‍ പോയതെന്നും അദ്ദേഹം പറയുന്നു.

നീ വരുവോളം എന്ന സിനിമയില്‍ സിബി മലയില്‍ തനിക്ക് അവസരം തന്നെന്നും എന്നാല്‍ തന്റെ സീന്‍ അവസാനം ഒഴിവാക്കപ്പെട്ടുവെന്നും ഇര്‍ഷാദ് പറഞ്ഞു. പ്രണയവര്‍ണങ്ങളുടെ ലൊക്കേഷനില്‍ എത്തിയപ്പോളും അദ്ദേഹം ആദ്യം നോക്കാമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് സിനിമയില്‍ അവസരം തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയവര്‍ണങ്ങളായിരുന്നു സ്‌ക്രീനില്‍ തന്നെ ആദ്യമായി തിരിച്ചറിഞ്ഞ വേഷമെന്നും ഇര്‍ഷാദ് പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍വതി പരിണയം, പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്നിവയായിരുന്നു തന്റെ ആദ്യത്തെ സിനിമകള്‍. പിന്നെ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത കുടമാറ്റം. ഒരിക്കല്‍ സെറ്റില്‍വെച്ച് സുന്ദര്‍ദാസ് പറഞ്ഞു,’സിബി മലയില്‍ ഒരു സിനിമ തുടങ്ങുന്നുണ്ട്. കോട്ടയത്താണ് ലൊക്കേഷന്‍, നീയൊന്ന് പോയി കാണൂ’ആ വാക്കുകേട്ട് ഞാന്‍ കോട്ടയത്തേക്ക് ട്രെയിന്‍കയറി. അവിടെയെത്തി സിബി സാറിനെ കണ്ടു. അദ്ദേഹം നോക്കാം എന്നുപറഞ്ഞു. നീ വരുവോളം എന്ന സിനിമയില്‍ അവസരവും തന്നു. പക്ഷേ, എന്റെ സീന്‍ അവസാനം ഒഴിവാക്കപ്പെട്ടു.

പ്രണയവര്‍ണങ്ങളായിരുന്നു സിബി സാറിന്റെ അടുത്ത സിനിമ. തിരുവനന്തപുരത്താണ് ലൊക്കേഷനെന്ന് അറിഞ്ഞു. അവിടെയും പോയി. അവിടെയെത്തിയപ്പോഴും സിബിസാര്‍ നോക്കാമെന്ന് പറഞ്ഞു. കുറേനേരം കാത്തു. ഒടുവില്‍ അവിടെനിന്ന് മടങ്ങി റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഓടിവന്ന് സിബിസാര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോള്‍ സാര്‍ സിനിമയുടെ തിരക്കഥാകൃത്തുക്കളെ കാണാന്‍ പറഞ്ഞു. അതൊരു കോളേജ് സിനിമയാണല്ലോ. അതില്‍ ചെയര്‍മാന്റെ റോള്‍ തന്നു. അതായിരുന്നു സ്‌ക്രീനില്‍ എന്നെ തിരിച്ചറിയുന്ന ആദ്യത്തെ വേഷം,’ ഇര്‍ഷാദ് അലി പറഞ്ഞു.

Content highlight: Irshad Ali talks about the films that were turning points in his film career

We use cookies to give you the best possible experience. Learn more