| Sunday, 27th July 2025, 9:23 am

ആ സംഭവത്തോടെ കുടുംബത്തിന്റെ താളംതെറ്റി; ദാരിദ്ര്യത്തിലേക്ക് വഴിമാറി: ഇര്‍ഷാദ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി. സിബി മലയില്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തുവന്ന ‘പ്രണയവര്‍ണങ്ങള്‍‘ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

ടി. വി. ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തില്‍ ഇര്‍ഷാദ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇതിനോടകം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തുടരമിലും അദ്ദേഹം ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു ഇര്‍ഷാദിന്റെ ചെറുപ്പകാലം. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അക്കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്  അദ്ദേഹം.

നാട്ടിലെ അറിയപ്പെടുന്ന കുടുംബമായിരുന്നു ഇര്‍ഷാദിന്റേത്. അദ്ദേഹത്തിന്റെ ഉപ്പ മദ്രാസില്‍ അമ്മാവന്മാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു പ്ലാസ്റ്റിക് കമ്പനി നടത്തുകയായിരുന്നു. അക്കാലത്ത് കുടുംബത്തിന് നല്ല സാമ്പത്തികഭദ്രതയുണ്ടായിരുന്നു.

‘ഞങ്ങള്‍ ആറ് മക്കളായിരുന്നു. ഉപ്പ പഴയ പത്താംക്ലാസാണ്. അത്ര യാഥാസ്ഥിതിക കുടുംബമായിരുന്നില്ല. വീട്ടില്‍ ലൈബ്രറിയൊക്കെയുണ്ടായിരുന്നു. ചെറുപ്പത്തിലേ വായിക്കാനൊക്കെ താത്പര്യം വന്നു. ഇതുവരെ പറഞ്ഞത് ജീവിതത്തിലെ സുന്ദരമായ കാലം. മറ്റൊരു കാലംകൂടി ചെറുപ്പത്തിലുണ്ടായി,’ ഇര്‍ഷാദ് അലി പറയുന്നു.

ഒരു ദാരിദ്ര്യം നിറഞ്ഞ കാലമുണ്ടായിരുന്നു. അന്നൊക്കെ വെക്കേഷന്‍ കാലത്ത് എല്ലാവരും മദ്രാസിലേക്ക് വണ്ടി കയറും. അവിടെ കമ്പനിയില്‍ എന്തെങ്കിലും ജോലി ചെയ്യും. അങ്ങനെയൊരിക്കല്‍ ഇര്‍ഷാദിന്റെ ജ്യേഷ്ഠന്‍ ഷറഫുദ്ദീന് ചെന്നൈയില്‍ വെച്ച് അപകടം സംഭവിച്ചു.

‘അവിടെ വെച്ചുതന്നെ ചേട്ടന്‍ മരിച്ചു. ആ സംഭവത്തോടെ കുടുംബത്തിന്റെ താളംതെറ്റി. ഉപ്പയ്ക്ക് അസുഖങ്ങള്‍ വന്നു. കാഴ്ച്ച നഷ്ടമായി. അതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. പതുക്കെ മൊത്തത്തില്‍ നിലച്ചു. അതോടെ ദാരിദ്ര്യത്തിലേക്ക് വഴിമാറി,’ഇര്‍ഷാദ് അലി പറഞ്ഞു.

Content Highlight: Irshad Ali talks about his youth and family

We use cookies to give you the best possible experience. Learn more