ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി തുടരുന്ന നടനാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത ‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായി മാറി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലും ഇർഷാദ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സുരേഷ് ബാബു എന്ന പൊലീസ് ഓഫീസറായി ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ദൃശ്യം 1.Photo: Screengrab
ഇപ്പോൾ തന്റെ പഴയകാല സിനിമാ, സീരിയൽ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമകൾ ലഭിക്കാതിരുന്ന ഒരു സമയത്ത് ഞാൻ മിനിസ്ക്രീനിൽ സജീവമായിരുന്നു. ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചതിന് ശേഷം എനിക്ക് സിനിമകളൊന്നും വരുന്നുണ്ടായിരുന്നില്ല. അങ്ങനെ കുറച്ചുകാലം ഞാൻ സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇർഷാദ് അലി.Photo:The Times Of India
ആ സമയത്ത് സിനിമയിൽ നിന്ന് ചെറിയ വേഷങ്ങൾക്ക് വിളിക്കുമ്പോൾ, ‘ഞാനില്ല, ഞാൻ ഇവിടെ സീരിയലിൽ നായകനായി അഭിനയിക്കുകയാണ്’ എന്ന് പറഞ്ഞ് പല അവസരങ്ങളും ഒഴിവാക്കി വിട്ടിട്ടുണ്ട്. അന്ന് അതിലൊരു സുഖം തോന്നിയിരുന്നു. അതൊരുപക്ഷേ അന്നത്തെ പൊട്ടത്തരമായിരിക്കാം. എങ്കിലും ഉള്ളിന്റെയുള്ളിൽ സിനിമ തന്നെയായിരുന്നു ലക്ഷ്യം. സീരിയൽ നമ്മുടെ ചോറാണെങ്കിൽ, സിനിമ നമ്മുടെ ചോരയാണ് എന്നൊക്കെ പറയാം.
എന്നാൽ സീരിയലുകളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയ്ക്കും സ്നേഹത്തിനും വലിയ സ്ഥിരതയുണ്ടാകില്ല. അത് ഒരു പ്രത്യേക കാലയളവിലേക്ക് മാത്രമായിരിക്കും. പുതിയ സീരിയലുകളും പുതിയ മുഖങ്ങളും വരുമ്പോൾ പ്രേക്ഷകർ അവരുടെ പുറകെ പോകും. എന്നാൽ സിനിമ അങ്ങനെയല്ല, അത് എപ്പോഴും ഓർമിക്കപ്പെടും’, ഇർഷാദ് അലി പറയുന്നു.
Content Highlight : Irshad Ali talks about his career journey in cinema